Wednesday 29 May 2013

4. കാറ്റ് പറഞ്ഞത്


“ലുക്ക്, നിക്കൂ.. ചിത്രയുടെ ഈ പെയ്ന്റിങ്ങ്  നോക്കൂ..” കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് നൈന വിളിച്ചു കൂവി.
വായിക്കുന്നിടത്തു നിന്ന് എണീക്കുക അയാൾക്ക് പണ്ടേ ഇഷ്ടമുള്ള കാര്യമല്ല. പക്ഷെ നൈനയുടെ മുമ്പിൽ
തോൽക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കിൽ എണീക്കുന്നതുവരെ വിളിച്ചു കൂവിക്കൊണ്ടേയിരിക്കും.
നിക്കു ഫോണിൽ ഫേസ്ബുക്ക് അപ്ഡേറ്റ് നോക്കി. ഇരുന്നിടത്തു നിന്ന് എണീക്കുകയും വേണ്ട, അവളെ പിണക്കിയെന്നുമാവില്ല.

“ ഏതാ ? നിയിപ്പോ ലൈക്ക് ചെയ്ത ആ പെയ്ന്റിങ്ങ് ആണൊ ? ഒരു പെൺകുട്ടി സൈക്കിൾ ചവിട്ടുന്ന.. ത്രിൽഡ് ബൈ വിൻഡ്.. ബൈ..വൺ ..  ചിത്ര ? ആരാണത് ?”

“യേസ്..അതു തന്നെ..” അത് സ്വന്തം വാളിലേക്ക് ഷെയർ ചെയ്യുന്നതിനിടയിൽ നൈന പറഞ്ഞു..    

 
“ ഓ..ചിത്രയെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ? സാംസ് വൈഫ്.. ഷി ഈസ് ഏന്‍ ആർട്ടിസ്റ്റ്..” അവിടെ എന്താണ് കമന്റ്  ചെയ്യേണ്ടതെന്ന് ആലോചിക്കുകയായിരുന്നു അവൾ.

Awesome..! touched personally.. a girl moving to a new world of freedom !!” അവസാനം അവൾ എഴുതി.

നിഖിലിന് നിറങ്ങളുടെ അതിപ്രസരമുള്ള ആ ചിത്രത്തിൽ വലിയ സവിശേഷതയൊന്നും തോന്നിയില്ല. എങ്കിലും അവൾക്ക്  സന്തോഷമാകട്ടെ  എന്നു കരുതി അവൻ ലൈക്കിൽ ക്ലിക്ക് ചെയ്തു.

മേനയോടൊപ്പം ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കബിലാംബിക നൈനയുടെ ലാപ്പിലേക്ക് എത്തി നോക്കി.

“ കൊള്ളാം..”, അവൾ ചിരിച്ചു, “ എന്റെ പന്ത്രണ്ടാം വയസ്സിൽ അപ്പ ബർത്ത്ഡേ ഗിഫ്റ്റ് ആയി വാങ്ങിച്ചു തന്നത് ഒരു സൈക്കിളാണ്. പക്ഷെ രണ്ടു  ദിവസം കഴിഞ്ഞ്  അതിൽ നിന്ന് വീണൊന്ന് കാലുളുക്കിയതിൽ പിന്നെ സൈക്കിൾ തൊടാൻ  സമ്മതിച്ചിട്ടില്ല.. പിന്നെ ലൈസൻസ് എടുക്കേണ്ടി വന്നപ്പോഴാ വീണ്ടുമൊന്ന് ഹാന്റ്ല് പിടിക്കുന്നത്..”

“ ഉഹ്  !!..ഞാൻ എട്ടാം വയസ്സിൽ സൈക്കിളിൽ കയറിയതാണ്.... ഉപ്പ ഇല്ലെന്നുറപ്പായാൽ പിന്നെ അതിലാണ് കറക്കം മുഴുവൻ..എത്രയോ വീണിരിക്കുന്നു..  നിസുവുമുണ്ടാവും പിന്നിൽ.. അതും ഇതുപോലെ പുതിയതൊന്നുമല്ല..ഒരു അറുപഴഞ്ചൻ ഹീറോ
..” നൈന,  കാതില്‍ കാറ്റു മൂളിയ ആ പഴയകാലം ഓർത്തെടുത്തു കൊണ്ടിരിക്കുകയായിരുന്നു. “ സത്യത്തിൽ നമ്മെ കണക്റ്റ് ചെയ്തത്  ആ സൈക്കിളായിരുന്നു, അല്ലേ നിക്കൂ.. അല്ലെങ്കിൽ വിമല്‍ അണ്ണൻ അന്ന് ഞങ്ങളെ ശ്രദ്ധിക്കുമായിരുന്നോ ..?”

നിഖിൽ മൃദുവായി പുഞ്ചിരിച്ചു..  
 
                                                    
                                                    *********

ഒരു മാസ്മര ലോകത്തേയ്ക്കാണ് താൻ നടന്നു കയറുന്നതെന്ന് അവൾക്കു തോന്നി. സംഭ്രമം കൊണ്ട് അവൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. ‘വേണ്ട ’ എന്നു നിഷേധിച്ച് തിരിഞ്ഞു പോകാവുന്നതേയുള്ളു. പക്ഷെ അതവളുടെ നാവിൻ തുമ്പിൽ തങ്ങി നിന്നു..


 ഏതു നേരവും ആൺപിള്ളേരുടെ ഒച്ചയും ബഹളവും നിറഞ്ഞ ആ വീടിനു മുമ്പിലൂടെ പോകുമ്പോൾ, മുന്നോട്ട് നോക്കി എത്രയും വേഗം അത് കടന്നു കിട്ടാനാണ് അവൾ ആഗ്രഹിച്ചിരുന്നത്.  കേൾക്കുന്നതൊന്നും മനസ്സിലാവാറില്ലെങ്കിലും എന്താണു നടക്കുന്നത് എന്ന് ഒരു ഒളികൺനോട്ടമുണ്ടാവും.   'അവിടെയെത്തുമ്പോള്‍ തന്റെ ചെവികള്‍ വലുതാകുന്നുണ്ടോ ?  എന്തൊരു ലോകമായിരിക്കും അത് !’ ആ സമയത്തൊക്കെ അവൾ അതായിരിക്കും അത്ഭുതത്തോടെ ചിന്തിച്ചു കൊണ്ടിരിക്കുക.  ആൺ പിള്ളേർ നാടകത്തിനും മറ്റും  പിന്നിലിരുന്ന് ഓളിയിടുന്നത് അവൾ കണ്ടിട്ടുണ്ട്. പക്ഷെ ഇതതു പോലെയല്ല. അവർ പോലീസുകാർ പിന്നിലെത്തിയാൽ മിണ്ടാതാകും. പക്ഷെ ഇവർക്ക് ആരെയും പേടിയില്ല. ഒരു വീടപ്പുറമുള്ള കുമരൻ പോലീസിനെ പോലും...

അവളുടെ പെൺപള്ളിക്കൂടത്തിൽ തന്നെ ചില കുട്ടികളുണ്ട്. ‘വിളഞ്ഞ വിത്തുകൾ’ എന്നൊക്കെ സിസ്റ്റർമാർ  വിശേഷിപ്പിക്കാറുള്ള ചില പിള്ളേർ. പക്ഷെ അവൾക്ക് പുച്ഛമാണ് തോന്നിയിട്ടുള്ളത്. മുടി സൺലൈറ്റിട്ട് പാറിപ്പിച്ച്  നടക്കുന്നതും  ഇൻസ്ട്രുമെന്റ് ബോക്സിനുള്ളിൽ ഹിന്ദിസിനിമാനടന്മാരുടെ പടങ്ങൾ സൂക്ഷിക്കുന്നതും  പാവാടയിൽ സ്റ്റിക്കറൊട്ടിച്ച്  വരുന്നതുമൊക്കെയാണത്രെ  ‘വിളച്ചിൽ’ ! ആൺലോകമാണ് അവളെ എന്നും ഭ്രമിപ്പിച്ചിട്ടുള്ളത്..  അയലത്തെ ഷാഹുൽ ഹമീദ് അവളോട് ചില കഥകളൊക്കെ പറയാറുണ്ട്. പാതിരാത്രി ആരുമറിയാതെ മുനീറിന്റെ വീട്ടിൽ ഒത്തുകൂടി തോട്ടങ്ങളിൽ കറങ്ങാറുള്ളതും പൊങ്കലിന് ഇടികൂടി ടിക്കറ്റെടുത്ത് റിലീസ് പടങ്ങൾ കാണാറുള്ളതും  സൈക്കിളിൽ ലോകം മുഴുവൻ കറങ്ങാറുള്ളതും കനാലിൽ കുത്തിമറിയാറുള്ളതും എല്ലാം. ചിലതെല്ലാം അവൾ കാണാറുമുണ്ട്. ആഘോഷങ്ങളിൽ, ആണുങ്ങൾ  ബാന്റ് താളങ്ങൾക്കൊപ്പം തുള്ളിമറിയുന്നതും മുണ്ടു തെറുത്തു കയറ്റി തെരുവിൽ അടി കൂടുന്നതും ചാരായം കുടിച്ച് ലോകത്തെ മുഴുവൻ തെറി വിളിക്കുന്നതും എല്ലാം. ഒരു ദിവസം, അവൾ പാതിരാത്രി വരെ ജനാലയ്ക്കൽ ഉറക്കമിളച്ച് കാത്തിരുന്ന്  ഷാഹുൽ ചായ്പിൽ നിന്നിറങ്ങുന്നതും ഇരുണ്ട നാട്ടുവഴിയില്‍ കാത്തുനില്‍ക്കുന്ന ഇരവു കൂട്ടത്തിനൊപ്പം എങ്ങോട്ടോ ഇറങ്ങിപ്പോകുന്നതും കണ്ടിട്ടുണ്ട് !. അന്ന് ഉദ്വേഗം കൊണ്ട് ശ്വാസം മുട്ടി താനിപ്പോൾ അലറി വിളിച്ചു പോവുമോ എന്നുപോലും അവൾ ഭയന്നു. ..

ഉപ്പ ഒരിക്കലും വരാനിടയില്ലാത്ത ദിവസങ്ങളില്‍ അവള്‍  ആണ്‍കുട്ടികളോട് മത്സരിച്ച് സൈക്കിൾ ചവിട്ടാറുണ്ട് . പഴകി തുരുമ്പിച്ച് കലപിലകൂട്ടുന്ന സൈക്കിള്‍ അവളുടെ ആവേശത്തോടൊപ്പം പറക്കുന്ന മത്സരപകലുകള്‍.. ചൂടുള്ള കാറ്റ് ചെവിയില്‍ ചൂളം വിളിക്കും,  ചിലപ്പോള്‍ അവള്‍ സൈക്കിളിനേക്കാള്‍ മുന്നേ പറന്നു,  തലകുത്തി മറിഞ്ഞു വീഴും .. കാല്‍മുട്ടിലെ മുറിവ് ഉണങ്ങാനനുവദിക്കാത്ത തുടര്‍ വീഴ്ച്ചകള്‍ !..എങ്കിലും ആരോടും പറയാതെ മുറിപ്പച്ച നീറ്റം സഹിച്ച്, മുറിവൊളിപ്പിച്ച് നടന്ന എത്രയെത്ര ദിവസങ്ങള്‍. ആൺപിള്ളേരല്ല, അവർക്കുമപ്പുറം അജ്ഞാതമായ ആരെയൊ എന്തിനെയൊ കീഴടക്കാനെന്നവണ്ണം മനസ്സിലും ശരീരത്തിലും വാശിയും അമർഷവും തിളക്കുന്ന കാലം ...  അവിടെയാണ് മുടി പാറിപ്പിച്ച് നടക്കുന്നത് ഏന്തൊ ആനക്കാര്യമായി വിളമ്പുന്നത്..ത്ഥൂ.. 

സ്പെഷൽ ക്ലാസ്  ഉള്ള ദിവസങ്ങളിൽ, അവൾ ചിലപ്പോൾ ആ മലയാളിപ്പയ്യന്മാരെ  റോഡിൽ കാണാറുണ്ട്. നഗരത്തിൽ ആയിടെ തുറന്ന പുതിയ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകളിലൊക്കെ നിറയെ മലയാളി പയ്യന്മാരാണത്രെ പഠിക്കുന്നത്.! ഒരു അടക്കവുമൊതുക്കവുമില്ലാതെ റോഡ് നിറഞ്ഞാണവർ നടക്കുക. കല്ലും കമ്പുമെല്ലാം തട്ടിത്തെറിപ്പിച്ച്, മലയാളത്തിലെന്തോക്കെയോ പറഞ്ഞ് പൊട്ടിച്ചിരിച്ച്. അവരെ സൈക്കിളിൽ മറി കടക്കുമ്പോൾ മാത്രം എന്തെന്നറിയാത്ത അവള്‍ പരിഭ്രമിച്ചു ..  .

ലക്ഷ്മി അക്ക മുന്നിലുള്ള ദിവസങ്ങളിൽ അവൾ സൈക്കിൽ കുറച്ചു പുറകിലായാണ് ചവിട്ടുക. ആ സമയത്ത്  അവന്മാരുടെ വീടിന്റെ ഉമ്മറത്ത് ചെറിയൊരു നിശബ്ദത പരക്കും. അവരുടെ കണ്ണുമുഴുവൻ ലക്ഷ്മി അക്കയിലായിരിക്കും ചിലരൊക്കെ പതുക്കെ പാട്ടു മൂളുന്നതും കാണാം. പക്ഷെ അക്ക അതൊന്നും ശ്രദ്ധിക്കാറില്ല.സുന്ദരിക്കോതയാണല്ലൊ..(അതോ അങ്ങനെ നടിക്കുന്നതോ ? ). എന്തായാലും അതുപോലുള്ള നോട്ടങ്ങളൊന്നും താനതിലെ കടന്നു  പോകുമ്പോൾ ഉണ്ടാവാറില്ലെന്ന് അവൾ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ അങ്ങനെയൊക്കെയാണെങ്കിലും, ഇപ്പോൾ അങ്ങോട്ടു കാലടി വെക്കുന്ന സമയത്ത് അവരെല്ലാം ഒരു ആർപ്പോടെ വന്ന് തന്നെ പൊതിയുമെന്ന് അവൾ ഭയപ്പെട്ടു...

പക്ഷെ ഒന്നുമുണ്ടായില്ല. അകത്തു നിന്ന് ഒരനക്കവും കേട്ടില്ല. 'ഒരു പക്ഷെ അവന്മാരൊന്നും ക്ലാസ്സ് കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ടാവില്ല'. അവൾ കണക്കു കൂട്ടി.

തള്ളിക്കൊണ്ടു വന്നിരുന്ന  അവളുടെ സൈക്കിൾ സ്റ്റാന്റിലിട്ട് വിമൽ വാതിലിൽ മുട്ടി..

“ നിക്കുവേ, എടാ..”


  തന്റെ കണക്കുകൂട്ടൽ തെറ്റിയോ എന്നവൾ പേടിച്ചു. പക്ഷെ ഒന്നുമുണ്ടായില്ല. ഒരു  ചുരുളൻ മുടിക്കാരൻ പയ്യൻ അനക്കമില്ലാതെ വന്ന് വാതിൽ  തുറന്നു. അവന്റെ മുഖത്ത് ഉറക്കം തങ്ങി നിൽക്കുന്നു. മുമ്പും അവളവിടെ കണ്ടിട്ടുണ്ട്. മിക്കപ്പോഴും എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുകയാവും.

“ നിക്കുവേ, ആ സ്ക്രൂഡ്റൈവറും പ്ലയറുമിങ്ങെടുത്തേ, ഈ കൊച്ചിന്റെ ചെരുപ്പ് വീലിനിടയിൽ കുരുങ്ങി..” അയാൾ പുറത്തു നിന്ന് അവന് ആജ്ഞ കൊടുത്തു. 

അവനുള്ളിലേക്ക് പോയി സാമഗ്രികളുമായി തിരിച്ചു വന്നു. പിന്നെ, അവരെയൊന്ന് നോക്കുക പോലും ചെയ്യാതെ വീണ്ടും അകത്തേയ്ക്ക് തിരിച്ചു പോയി - അതിഷ്ടപ്പെടാത്തതു പോലെ.

“നീയ്യാ തുണിക്കച്ചവടക്കാരന്റെ മോളല്ലേ ?”  ചെരിപ്പ് വീലിനിടയിൽ നിന്ന് അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ  ചോദിച്ചു ..

അവൾ അതെയെന്ന് തലയാട്ടി.

നാട്ടിലുള്ള സമയത്തും  വല്ലപ്പോഴുമെ തുറക്കാറുള്ളുവെങ്കിലും ഉപ്പയ്ക്ക് ഒരു തുണിക്കടയുണ്ട്.  . 


“ഏതിലാ പഠിക്കുന്നത് ?”

“ ഒൻപതിൽ” സൈക്കിളിന്റെ കമ്പി പൊട്ടുമോ എന്നായിരുന്നു അവൾക്കു പേടി. എന്നാൽ പിന്നെ  അടിയുടെ പൂരമായിരിക്കും ! പക്ഷെ അയാൾ വളരെ ശ്രദ്ധാപൂർവ്വമാണ് അതു ചെയ്തുകൊണ്ടിരുന്നത്.


“നീയ്യോ ?” അയാൾ അനിയത്തിയോട്  ചെറു ചിരിയോടെ ചോദിച്ചു.

“ ആറില് ..” അവൾക്കു നാണം ! 

                                                                    ********

നല്ല ചൂടുള്ള സമയമായിരുന്നു അത്. പോരത്തതിന് ഉച്ചവെയിലും. അവൾ പതിവുപോലെ വേഗത്തിലും. പുറകിലിരിക്കുന്ന അനിയത്തിയോട് പരീക്ഷാ ചോദ്യങ്ങൾ ചോദിച്ച് ഉറപ്പു വരുത്തുന്നതിനിടെയാണതുണ്ടായത്. പൊടുന്നനെ ഒരു ‘കട കട’ ശബ്ദവും ഒപ്പം നിസയുടെ കാറിക്കരച്ചിലും.. സൈക്കിൾ ആരോ പുറകിലേക്ക് ശക്തിയായി വലിക്കുന്നത് പോലെയാണ് അവൾക്കു തോന്നിയത്. അവൾ വിറച്ചു പോയി. എങ്ങനെയോ സൈക്കിൾ നിർത്തി തിരിഞ്ഞു നോക്കുമ്പോൾ. അനിയത്തി കാരിയറിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. പക്ഷെ.. എന്തപകടമാണു സംഭവിച്ചത് ??


“ പേടിക്കണ്ട..” ആ ശബ്ദമാണ് അവളാദ്യം കേട്ടത്.പിന്നീടാണ് പുറകിൽ നിന്ന് ഓടിയടുക്കുന്നയാളെ കണ്ടത്.. അയാളെ അവൾക്ക് നല്ല കണ്ടു പരിചയമുണ്ട്. ആ പയ്യന്മാരുടെ കൂട്ടത്തിലെ മുതിർന്ന ഒരാൾ.  ആദ്യം അയാൾ മാത്രമാണ് ആ വീട്ടിൽ താമസമുണ്ടായിരുന്നത്. 

  നിസയുടെ കാലുകളാണ് വിമൽ ആദ്യം പരിശോധിച്ചത് : “ ഭാഗ്യം.. കാലു പെട്ടില്ല.. ചെരുപ്പേയുള്ളൂ..” 

പിന്നെ അനിയത്തിയെ പൊക്കിയെടുത്ത് താഴെ നിർത്തി. അയാൾ വന്നതോടെ അവൾ കരച്ചിൽ നിർത്തിയിരുന്നു. 

“ ഇറങ്ങ്..” അയാൾ അവൾക്കു നിർദ്ദേശം നൽകി. 

തിടുക്കത്തിൽ  ഇറങ്ങുമ്പോഴും അവളുടെ വിറ പൂർണ്ണമായും മാറിയിരുന്നില്ല. 

അയാൾ സൈക്കിൾ സ്റ്റാന്റിലിട്ട് ചെരുപ്പ്  ഊരിയെടുക്കാൻ ശ്രമിച്ചു. 

“ ഇതങ്ങനെ എളുപ്പത്തിൽ അഴിച്ചെടുക്കാൻ പറ്റില്ല..” അല്പസമയത്തെ പരിശ്രമത്തിനു ശേഷം അയാൾ പറഞ്ഞു. “ ചെരുപ്പ് വീലിനും ചെയിൻ കവറിനുമിടയ്ക്ക് കുടുങ്ങിയിരിക്കുകയാ.. വലിച്ചെടുത്താ ചിലപ്പോ കമ്പി പൊട്ടും..”

അപ്പോഴും എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിൽക്കുകയായിരുന്ന അവളോട്  അയാൾ തുടർന്നു. “ നമുക്കിത് തള്ളി വീട്ടിലേക്ക് കൊണ്ടു പോകാം.. വീട്ടിൽ സ്ക്രൂഡ്രൈവർ ഉണ്ട്..ചെയിൻ കവറഴിക്കാം..”


അതും പറഞ്ഞ് അയാൾ ബാക്ക് വീൽ ഉയർത്തി പിടിച്ച് സൈക്കിളുന്തി നടക്കാൻ തുടങ്ങി.

അവൾ വേണ്ടെന്നു  പറഞ്ഞില്ല. സൈക്കിളിനെന്തെങ്കിലും പറ്റിയാൽ പിന്നത്തെ കാര്യമൊന്നും പറയണ്ട. അതിലും നല്ലത്..

                                                  ********


  അല്പനേരത്തെ പരിശ്രമത്തിനു ശേഷം വിമൽ ചെരുപ്പ് പുറത്തെടുത്തിരുന്നു. “ ഇന്നാ..” അയാൾ അത് അനിയത്തിയ്ക്ക് നീട്ടിയിട്ടുകൊടുത്തു. പിന്നെ ചെയിൻ കവർ തിരികെ വച്ചു.

“നിന്റെ പേരെന്താ ?”

“ നൈനാമണി.” അതു പറയാൻ അവളല്പം അറച്ചു. അവൾക്കിഷ്ടമില്ലാത്ത പേരാണത്. 

“അനിയത്തിടേയോ?”

“ നിസാമണി..” അവളുടെ നാണം ഇപ്പോഴും മാറിയിട്ടില്ല !

അയാൾ സൈക്കിൾ അവൾക്ക് നൽകാൻ തുടങ്ങുകയായിരുന്നു. പിന്നെ, വെറുതെയൊന്ന് ടയർ പിടിച്ച് അമർത്തി നോക്കിയ ശേഷം അയാൾ പറഞ്ഞു.. “ ഇതിലെയറു കുറവാണല്ലൊ.. നീയ്യെങ്ങനെയാ ഇവളേയും വെച്ച് ചവിട്ടുന്നത് !..നിൽക്ക്..” അയാൾ അകത്തു നിന്ന് പമ്പ് എടുത്തു കൊണ്ടു വന്ന് രണ്ടു ടയറിലും എയറടിച്ചു കൊടുത്തു. 

അയാളോട് നന്ദി പൂർവ്വം ഒന്നു ചിരിച്ച്, അനിയത്തിയേയും കയറ്റിയിരുത്തി അവൾ ഇറങ്ങാനൊരുങ്ങുകയായിരുന്നു.

അപ്പോഴാണയാൾ പുറകിൽ നിന്നു വിളിച്ചത്.. “ ഏയ്.. കൂലിയൊന്നുമില്ലേ ? ഇത്രേം പണിയെടുത്തിട്ട്..”

അവളുടെ ഉള്ളൊന്ന് കാളി..പിന്നെ എന്തു ചെയ്യണമെന്നറിയാതെ അനങ്ങാപ്പാറ പോലെ നിന്നു. 

അയാൾ കുറച്ചു കൂടി അടുത്തേയ്ക്കു വന്നു.. “ ഒരാൾ ഒരുപകാരം ചെയ്തു തന്നാ ഒരു താങ്ക്സെങ്കിലും പറയണ്ടേ നൈനാമണി ?” ആ ചുണ്ടുകളിൽ ഒരു കുസൃതിച്ചിരി തങ്ങി  നില്പുണ്ടായിരുന്നു. 

അപ്പോഴാണവൾക്ക് ശ്വാസം നേരെ വീണത്.. “ താങ്ക്സ് അണ്ണേ..” അവളും അനിയത്തിനും ഒരുമിച്ചാണത് പറഞ്ഞത്. 

“വെൽക്കം ഡിയേഴ്സ്..” വിമൽ ചിരിച്ചു !

അങ്ങനെയാണ് അവൾക്കാ ലോകം തുറന്നു കിട്ടിയത്. പക്ഷെ ആദ്യപ്രവേശനം അവളുടെ കൗതുകം വർദ്ധിപ്പിച്ചതേയുള്ളു.. ഇപ്പോളവൾ അതിലൂടെ പോകുമ്പോൾ അവിടെയ്ക്ക് ധൈര്യപൂർവം നോക്കാറുണ്ട്. വിമൽ അവിടെയുണ്ടെങ്കിൽ നോക്കി ചിരിക്കുകയും ചെയ്യും. പക്ഷെ അയാൾ  വല്ലപ്പോഴുമെ ഉണ്ടാകാറുള്ളു. ആ  ഗൗരവക്കാരൻ ചുരുളൻമുടി പയ്യൻ മാത്രം മിക്കപ്പോഴും എന്തെങ്കിലും വായിച്ചിരിക്കുന്നുണ്ടാവും. അപ്പുറത്തു നിന്ന് മറ്റുള്ളവരുടെ ബഹളവും. 

ഒരു ദിവസം അവൾ ധൈര്യം സംഭരിച്ച് വീണ്ടും കയറി ചെന്നു. അനിയത്തി പിന്നിൽ പതുങ്ങി നിന്നു. 

“എന്താ നൈനാമണി ?” വിമൽ ചോദിച്ചു.

“ എയറടിക്കാൻ..” അവൾ അപേക്ഷാഭാവത്തിൽ പറഞ്ഞു. അത് സത്യവുമായിരുന്നു. മുത്തുവിന്റെ കടയിൽ നിന്ന് എയർ അടിക്കണമെങ്കിൽ അമ്പതു പൈസ കൊടുക്കണം !

 ഓ..അതാണോ..” അയാൾ ചിരിച്ചു. പിന്നെ അകത്തേയ്ക്കു തിരിഞ്ഞു വിളിച്ചു. “ എടാ വിജുവേ..”. അവിടെ നിന്ന് ബഹളം കേൾക്കാനുണ്ടായിരുന്നു. 

  നല്ല ഉയരവും അതിനൊത്ത വണ്ണവുമുള്ള ഒരു പയ്യൻ വന്ന് എത്തിനോക്കി. “ എന്താ ചേട്ടായി?”

“ ആ കൊച്ചിന് ഇച്ചിരി എയറടിച്ചു കൊടുത്തേ..” അയാൾ ആജ്ഞ കൊടുത്തു. 

അതവൾ പ്രതീക്ഷിച്ചിരുന്നില്ല. അയാൾ തന്നെ എയർ അടിച്ചു തരും എന്നാണവൾ കരുതിയിരുന്നത്.

പയ്യൻ പമ്പെടുത്തു കൊണ്ടു വന്ന് എയർ അടിക്കാൻ തുടങ്ങി. അവന്റെ മുഖഭാവത്തിൽ നിന്ന് അതത്ര ഇഷ്ടമായിട്ടില്ലെന്ന് അവൾക്കു തോന്നി.

എയർ അടിച്ചു കഴിഞ്ഞ്, അവൻ  പമ്പിന്റെ കുഴലെടുത്ത് അവളുടെ പുറകിൽ പമ്മി നിൽക്കുകയായിരുന്ന അനിയത്തിയുടെ മുഖത്തേക്ക് തിരിച്ചു വെച്ച് രണ്ടടിയടിച്ചു. അവർ ചിരിച്ചു. അവനും.

“നിന്റെ പേരെന്താ ?”

“ നിസാമണി..” അനിയത്തി ചിരിച്ചു.

“നിന്റെയോ ?”

“നൈനാമണി..”

“ ഹ ഹ..നയനോമണി..ണയൻ‌ ഒ മണി..” നല്ല പേര്..” അവൻ ചിരിച്ചു.

ചെറുതായി അരിശം വന്നെങ്കിലും അവളൊന്നും മിണ്ടാതെ സൈക്കിളുന്തി ഇറങ്ങാൻ തുടങ്ങുകയായിരുന്നു. വിമൽ പുറകിൽ നിന്ന് വിളിച്ചു..

“ നൈനാമണി.. മറന്നോ ?” 

ആ നിമിഷമാണ് അവളത് ഓർത്തതും അബദ്ധം പറ്റിയ പോലെ തിരിഞ്ഞു നിന്ന് അവൾ പറഞ്ഞു :        

“ താങ്ക്സ് അണ്ണേ..”

“ വെൽകം ഡിയേഴ്സ്..” വിമൽ ചിരിച്ചു.

“ അ: അതുകൊള്ളാം.”, പമ്പും കൊണ്ട് അകത്തേയ്ക്ക് നടക്കുകയായിരുന്ന  വിജു തിരിഞ്ഞു നിന്നു.     
“ എയറടിച്ചു  തന്ന എന്നോടല്ലേ താങ്ക്സ് പറയേണ്ടത് ? ഇതെന്തു ന്യായം ണയനോമണി ?”


“ ഉങ്കള്ക്കും താങ്ക്സ്..” എന്തുകൊണ്ടോ അവനെ “അണ്ണൻ’ എന്നു വിളിക്കാൻ അവൾക്കു തോന്നിയില്ല. 

“ ഉം..വെൽകം..” എല്ലാവരും ചിരിച്ചു.



അടുത്ത തവണ, മുന്നിലത്തെ ടയർ എയർ അടിച്ചു കഴിഞ്ഞപ്പോൾ വിജു പമ്പ് അവൾക്കു നേരെ നീട്ടി..


“ ഇന്നാ.. ബേക്കില് നീ തന്നെ ഒന്നടിച്ചു നോക്കിയേ ..”

“ആ കൊച്ചിനു അതിനുമാത്രം ആരോഗ്യമുണ്ടോടാ..” വിമൽ അവിടെയിരുന്നു ചോദിച്ചു..

“ ചേട്ടായീ.. give a man a fish and you feed him for a day. Teach a man to fish and you feed him for a lifetime.. ഇങ്ങനെയല്ലേ  ചൈനീസ് പഴമൊഴി..” അവൻ  ഒരുപദേശകന്റെ ഗൗരവത്തോടെ  പറഞ്ഞു..

“ ഹതുകൊള്ളാം.. എടാ.. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് എന്നൊരു ചൊല്ലുകൂടിയുണ്ട്.. ആ കൊച്ചിന് അതിന്റെ ഹാന്റിൽ കൂടി പൊക്കാനുള്ള ശേഷിയില്ല..”


അവൾക്കതൊരു വെല്ലുവിളിയായാണ് തോന്നിയത്... ആരോടെന്നറിയാത്ത ഒരു മത്സരബുദ്ധി അവളുടെ സ്വഭാവമാണ് .. പ്രത്യേകിച്ചും ഈ മലയാളി പയ്യന്മാരുടെമുന്നില്‍ ചെറുതാകാന്‍ അവള്‍ ഒട്ടും ആഗ്രഹിച്ചില്ല, ഉള്ള ശക്തി മുഴുവൻ മുഴുവൻ പുറത്തെടുത്ത് അവൾ എയർ അടിക്കാൻ ശ്രമിച്ചു. ആദ്യത്തെ നാലഞ്ചു തവണ എളുപ്പമായിരുന്നു. പക്ഷെ  വായു നിറയുന്തോറും ആയാസം  ഏറിയേറി വന്നു. നെഞ്ചിടിപ്പു കൂടി ഇനി താനിപ്പോൾ വീഴും എന്ന അവസ്ഥയിലെത്തിയപ്പോൾ അവൾ ഒന്നു നിർത്തി.

“വയ്യാതായോ ?” വീണ്ടും പരിഹാസം ! അതവന്റെ വക. 

അവൾക്കു ഭ്രാന്തു കയറി. 


ഒന്നും മിണ്ടിയില്ല. ആഞ്ഞൊരു ശ്വാസമെടുത്തു. ഒന്നും കാണുന്നില്ല, ഒന്നും കേൾക്കുന്നില്ല. അറിയാതെ പല്ലു ഞെരിഞ്ഞു. അടിച്ചു.. ആഞ്ഞാഞ്ഞടിച്ചു. 

ഠേ..

അനിയത്തി പേടിച്ച് രണ്ടടി പിന്നിലേയ്ക്ക് മാറി. 

മുത്തു പറഞ്ഞിരുന്നു.. ട്യൂബും ടയറുമെല്ലാം  പഴക്കമുള്ളതാണ്. ഇനി പഞ്ചറൊട്ടിക്കാൻ ചെല്ലരുതെന്ന്. സൈക്കിൾ നന്നാക്കാൻ പണം കിട്ടണമെങ്കിൽ രണ്ടുമാസമെങ്കിലും ‘കാൽനടപ്പ്’ ശിക്ഷ അനുഭവിക്കണം. അതൊന്നും അവളോർത്തില്ല.

മുഖം വിളറി വെളുത്തില്ല. ചമ്മിയ ചിരി വിരിഞ്ഞതുമില്ല.  ഉള്ളിന്റെയുള്ളിൽ ഗൂഢമായ ആഹ്ലാദം നിറയുന്നത് മാത്രം അവൾക്കനുഭവപ്പെട്ടു.. 


ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അവൻ  അയാൾക്കു നേരെ തിരിഞ്ഞു.. “ ചേട്ടായീ..കണ്ടോ .. ഇത് വാശി കൊറച്ച് കൂടുതലുള്ള തുമ്പിയാ..കല്ലല്ല, മല വരെ എടുക്കും..” അവസാനത്തെ വാചകം അവളുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടാണ് അവൻ പൂർത്തിയാക്കിയത്. 

അവൾക്കഭിമാനം തോന്നി. 

  വിമൽ എണീറ്റ് അടുത്തേയ്ക്കു വന്നു : “ ചതിയായല്ലോ കൊച്ചേ.. വീട്ടീന്നു അടി കിട്ടുമോ ?” 

“ ഏയ്..” അവളൊരു നിസ്സാര കാര്യം പോലെ പറഞ്ഞു. “ ഇത് പഴഞ്ചൻ ടയറാ..പൊട്ടാറായി ഇരിക്കുകയായിരുന്നു.."

“അതു ശരിയാ..ടയറൊക്കെ ആകെ മൊട്ടയായി..” വിജു  പറഞ്ഞു.

“ എന്നാലും.. ട്യൂബ് വാങ്ങിച്ചു തരണോ ?” വിമൽ  സഹതാപത്തോടെ ചോദിച്ചു. തന്റെ കണ്മുന്നിൽ വച്ച്  അങ്ങനെയൊരബദ്ധം പറ്റിയതിൽ അയാൾക്ക്  ചെറിയൊരു ദു:ഖമുണ്ടായിരുന്നു.


“ അയ്യൊ.. അതൊന്നും വേണ്ട.. ഉപ്പ വാങ്ങിച്ചു തരും..” അവൾ തന്റേടം  കൈവിട്ടില്ല. 

പ്രതീക്ഷിച്ചതിന് മാറ്റമുണ്ടായില്ല - രണ്ടുമാസത്തോളം കാൽനട !. പക്ഷെ അവൾ ഒരു തന്ത്രം പ്രയോഗിച്ചു. നടപ്പ് പള്ളിക്കരികിലൂടെയുള്ള ഇടവഴിയിലൂടെയാക്കി. അതാവുമ്പോൾ, വഴി കുറച്ച് കൂടുതലുണ്ടെങ്കിലും അവരെ ഒരിക്കലും മുഖം കാണിക്കേണ്ടി വരില്ല.



പുതിയ ടയറിട്ട ശേഷം ആ വീടിനു മുമ്പിലൂടെ പോകുമ്പോൾ അവൾക്കങ്ങോട്ട് നോക്കാൻ  ധൈര്യക്കുറവുണ്ടായില്ല. 


“ പുതിയ ടയറിട്ടോ ? കുറച്ചു ദിവസം കാണാനുണ്ടായിരുന്നില്ലല്ലൊ നൈനാമണീ ?” അവളെ കണ്ണിൽപ്പെട്ടപ്പോൾ ഒരു ദിവസം അയാൾ ചോദിച്ചു. 

“ ആ മുത്തൂന് ടയറുമാറ്റിയിടാൻ ഒഴിവുണ്ടായിരുന്നില്ല.. അതാ വൈകിയേ..” അവൾ സൈക്കിളിലിരുന്ന് വിളിച്ചു പറഞ്ഞു. 



അടുത്ത തവണ എയറടിക്കാൻ ചെല്ലുമ്പോൾ  വിമലണ്ണന്‍ ഉണ്ടായിരുന്നില്ല, ഉമ്മറത്ത് വിജുവും ആ ചുരുളൻമുടിക്കാരന്‍ നിഖിലും പിന്നെ വേറൊരു പയ്യനും. അവൾക്ക് ചെറിയ തന്റേടമൊക്കെ തോന്നിയിരുന്നു. എന്തോ ഒരവകാശമൊക്കെയുള്ളതു പോലെ. 


“ എയറടിക്കാനാ ?” അറിഞ്ഞിട്ടും അറിയാത്തതുപോലെ വിജുവിന്റെ ചോദ്യം.

അവൾ തലയാട്ടി.

വിജു പമ്പെടുത്തു ചുരുളൻമുടിക്കാരനു നീട്ടി : “ നിക്കുവേ.. ചുമ്മായിരിക്കുവല്ലേ..നീയ്യൊന്ന് അടിച്ചു നോക്കിക്കേ.. ഇവളു ഭയങ്കരത്തിയാ.. ടയറു പൊട്ടിച്ചു കളയും..”

“ ഓ  ഇവളാണോ ആ ലൈലാ അലി ?” മൂന്നാമൻ ചോദിച്ചു. 

ആരാണു ലൈലാ അലി ? അവൾക്കു മനസ്സിലായില്ല

 ചുരുളന്മുടിക്കാരൻ എയർ അടിക്കുന്നത് കണ്ടപ്പോൾ, അവൾക്കു ചിരിവന്നു . അത്രയും ആയാസ്സപ്പെട്ടാണ് അവനതു ചെയ്യുന്നത്.

ചിരിയെന്നല്ല ഒരു വികാരവും ഒളിച്ചുവയ്ക്കാന്‍ നൈനക്ക് അറിയില്ല ,  അനിയത്തി കയ്യില്‍ പിടിച്ച് ഇറുക്കിയപ്പോളാണ് താന്‍ പൊട്ടിച്ചിരിക്കുകയാണല്ലോ എന്ന് അവള്‍ തിരിച്ചറിഞ്ഞത് .. 

“ നീ പറഞ്ഞത് ശരിയാടാ.. വെറുതെയിരുന്ന് പിത്തം പിടിച്ചു..” അവൻ ചമ്മുന്ന കിതപ്പിനിടയിൽ  വിജുവിനോട് പറഞ്ഞു. 

   എല്ലാവരും ചിരിച്ചു. ..  അപരിചിതത്വത്തിന്റെ മഞ്ഞുമലകള്‍ ഉരുകി സൗഹൃദത്തിന്റെ വസന്തകാലപിറവി വിളംബരം ചെയ്യുന്നതു പോലെ,  ആ ശ്വാദല ഭൂമിയിൽ മാട്രിക്സ് വിത്തുകള്‍  വീണു മുളച്ചു .. !!

പമ്പ് തിരിച്ചെടുക്കുമ്പോൾ നിക്കു അവളോട് ചിരിച്ചു. ശാന്തമായ, സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരി. ഒരു പൂ പോലെ അതവളുടെ ഹൃദയത്തെ തൊട്ടു. അവനെ കളിയാക്കി ചിരിച്ചതിൽ അവൾക്കു സങ്കടവും തോന്നി..

“ ഏയ് ണയനോമണി.. നിനക്ക് ചോറും കറിയുമൊക്കെ വെക്കാനറിയാമോ ?....തയിർസാദം..തക്കാളി സാദം..ഒക്കെ ?” പെട്ടന്ന്  വിജു ചോദിച്ചു.

തയിർസാദം കഴിച്ചതിന്റെ ഓർമ്മപോലുമില്ല. എങ്കിലും ഇല്ലെന്ന് പറയാൻ അവൾക്കു നാണക്കേടു തോന്നി... ഇല്ല എന്ന് പറഞ്ഞ് ശീലവുമില്ല .. ഒരിക്കലൊ മറ്റൊ ഉമ്മൂമ്മ  അതെങ്ങനെയാണ് വെക്കുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. മാത്രമല്ല പാചകം അവൾക്കത്ര ഇഷ്ടമുള്ള ഏർപ്പാടല്ല. നിവൃത്തികേടു കൊണ്ടു മാത്രം നിത്യേന ചെയ്യേണ്ടി വരുന്ന ഒന്ന്..അത്രമാത്രം. പക്ഷെ .. എന്താണാവോ ഉദ്ദേശം. അവൾ സംശയത്തോടെ ഉവ്വെന്ന് തലയാട്ടി. 

ഇവനെന്തിനുള്ള പുറപ്പാടാണ് എന്ന ആലോചനയോടെ നിഖിൽ വിജുവിനെ നോക്കി. കാലത്ത് ഹോട്ടലിൽ നിന്ന് പുളിച്ച ഇഡ്ഡലി കഴിച്ച്  തിരിച്ചു വരുമ്പോഴാണ് അങ്ങനെയൊരു തീരുമാനമുണ്ടായത്. ഉച്ചയ്ക്ക് ചോറു വെയ്ക്കണം.തയിർസാദമോ തക്കാളിസാദമൊ.. വിമലേട്ടനും അജിതുമാണ് പാചകവിദഗ്ദർ. അവർ രണ്ടു പേരുമില്ലാതെങ്ങനെ എന്ന ചിന്തയിൽ തട്ടിത്തടഞ്ഞ് അതങ്ങനെ നിൽക്കുകയായിരുന്നു. ‘അതൊക്കെ നമുക്ക് ശരിയാക്കാം’ എന്ന് വീമ്പടിച്ച് വിജു സാധനങ്ങളൊക്കെ വാങ്ങിക്കുകയും ചെയ്തു.  പക്ഷെ കണ്ടുപരിചയം മാത്രമുള്ള  ഒരു നാട്ടുകാരി പെൺകുട്ടിയെ കൊണ്ട് പാചകം ചെയ്യിക്കുകയെന്നൊക്കെ പറഞ്ഞാൽ..

“ എന്നാ പറ..എങ്ങനെയാ തൈർ സാദം വെക്കുക ?”  വിജു ചോദിച്ചു. 

നിക്കുവിന് ആശ്വാസമായി. പക്ഷെ നൈന കാറ്റു പോയ ബലൂൺ പോലെ ചുരുങ്ങി. 

അവൾ തിരിച്ചു ചെന്നിട്ടെന്തോ അത്യാവശ്യമുള്ളതു പോലെ സൈക്കിളിന്റെ സ്റ്റാന്റ് തട്ടി   . 

“ അതിപ്പോ.. ചോറു വേവിച്ചിട്ട്…. അതില്..തൈരൊഴിച്ച്..കുഴച്ച്..” .

“അപ്പോ പാലോ.?” മൂന്നാമൻ, സഗീറാണത് ചോദിച്ചത്. അവനും വിജുവും ചേർന്നാണ് സാധനങ്ങൾ വാങ്ങിയത്.

 “പാലോ!” അവൾ അന്തിച്ചു പോയി. ‘ എന്തിനു പാല് ? പക്ഷേ..’ അവൾ സൈക്കിളുന്തി നടക്കുന്നതിനിടയിൽ  നിസ്സാരം എന്ന മട്ടിൽ പറയാൻ ശ്രമിച്ചു : “ പാലും ….ചേർക്കാം.... എല്ലാം കൂടെ ഇളക്കി ചേർക്കണം..”

“അപ്പോ നിനക്കറിയാം..” വിജുവിനു അവളെ വിശ്വാസമായി. അതു പോലൊക്കെ തന്നെയാണ് കുമരൻ സാറിന്റെ അമ്മപ്പാട്ടിയും പറഞ്ഞത്. രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വൃദ്ധ പറഞ്ഞിരുന്നു.  കട്ടിത്തൈര് ചേർക്കുമ്പോ പാലിനും ചോറിനുമൊന്നും ഒട്ടും ചൂടുണ്ടാവരുത്. കടുകും പച്ചമുളകുമെല്ലാം അവസാനമാണ് പൊട്ടിച്ചിടേണ്ടത്..

‘ ഓ..പിന്നല്ലാതെ’ എന്ന ഭാവത്തോടെ അവൾ പുഞ്ചിരിച്ചു. അപ്പോഴാണ് അവൾക്കും അല്പമാശ്വാസമായത്. പിന്നാലെ, ഇനി അവനെങ്ങാനും സാദം വച്ചു തരാൻ  ആവശ്യപ്പെടുമോ എന്നവൾ ഭയപ്പെടുകയും ചെയ്തു. അവൾ വേഗം മുന്നോട്ടു നടന്നു.

“ ഞങ്ങളിന്ന് തൈർസാദമാണ് വെക്കുന്നത്.. നിങ്ങൾക്കു വേണോ ?” വിജു ചോദിച്ചു. 

“ അയ്യോ..വേണ്ട വേണ്ട.. ഉപ്പ വഴക്കു പറയും..” ഗേറ്റ് കടക്കുമ്പോൾ അവൾ വിളിച്ചു പറഞ്ഞു.

പാചകമൊന്നും അറിയില്ലെങ്കിലും ആ ആണ്‍ചങ്ങാതി കൂട്ടത്തില്‍ കൂടാന്‍ നൈനയുടെ ഉള്ളം കൊതിച്ചു .. 

4 comments:

  1. ആകാംഷയോടെ അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുന്നു..:)

    ReplyDelete