Wednesday 20 November 2013

B +VE


" സത്യം സാം.. വിജുവിന് അങ്ങനെയൊരു പ്രോബ്ലം ഉണ്ട്, ബ്ലഡ് കണ്ടാൽ. ദേ നോക്കിയേ.." നൈന ഇടതു കൈത്തണ്ട  മലർത്തി കാണിച്ചു. " അന്നത്തെ വൂണ്ട് കരിഞ്ഞതാണ് ഇത്.."

" എനിക്കു കാണണ്ട.." ശ്യാംലാൽ മുഖം തിരിച്ചു.  "സ്വന്തം മാനസിക വൈകല്യങ്ങൾ എന്തോ വലിയ ബഹുമതിയായി ഉയർത്തി കാട്ടുന്നവരെ എനിക്കു പണ്ടേ പുച്ഛമാണ്... ചില കുടിയന്മാരൊക്കെ പറയുന്നത് കേട്ടിട്ടില്ലേ, പത്തു പെഗ്ഗടിച്ചാലും താൻ പുല്ലു പോലെ നടന്നു പോകും എന്നൊക്കെ.. അതൊക്കെ കേട്ടിട്ട് ആർക്കാണ് അവരോട് ബഹുമാനം തോന്നാറുള്ളത്  ! "

അങ്ങനെ പറഞ്ഞ് മുഖം തിരിച്ചെങ്കിലും ഒരു പാളിനോട്ടത്തിൽ ശ്യാം കണ്ടു ; അവളുടെ കൈത്തണ്ടയിൽ കുറുകെ വരഞ്ഞ  പാടുകൾ.

" ഓ.. നീയൊരു  ഒമ്നിപൊട്ടന്റ് ലെവലിലുള്ളവനാണെന്ന്   ഞാൻ മറന്നു പോയി.." നൈന പുച്ഛത്തോടെ ചുണ്ടു കോട്ടി. " ഞാൻ പണ്ടേ ഒരു മെന്റൽ പേഷ്യന്റ്.. ഡിപ്രഷനു മുടങ്ങാതെ മരുന്ന് കഴിക്കുന്നവൾ.. പോട്ടെ.. വിട്ടു കള.."

ശ്യാമിനു ദേഷ്യം പതഞ്ഞുയർന്നു തുടങ്ങിയിരുന്നു. അത് ശമിപ്പിക്കാനെന്നവണ്ണം അവൻ ബർഗറെടുത്ത് ഒച്ചയോടെ ചവച്ചു.

അവൾ തന്നെ ചെയ്ത മറ്റൊരു തോന്ന്യവാസം ബോധ്യപ്പെടുത്താനുള്ള  ഉദ്ദേശത്തോടെയാണ് അയാൾ അവളെ ഒരു ചായക്ക് ക്ഷണിച്ചത്.

ഓഫീസിൽ, അവളെ ഉൾക്കൊള്ളുന്ന  അപൂർവം ചിലരിൽ  ഒരാളാണ് ഷഹീന്‍;  സ്നേഹവും ക്ഷമയുമുള്ളവൻ. അവളോടെന്ന പോലെ ശ്യാമിനോടും സ്നേഹസംവാദങ്ങളിൽ  ഏർപ്പെടുന്നവൻ. കോഴിക്കോട്ടുകാരൻ.

അങ്ങനെയൊരുത്തനെ ഒഴിവുദിവസം വീട്ടിലേക്ക് ക്ഷണിച്ചിട്ട്, അവൻ  കുടുംബസമേതം വീടിനടുത്തെത്തിയന്നറിഞ്ഞപ്പോൾ, 'ഞങ്ങൾ പുറത്തേയ്ക്കു പോകുന്നു. സോറി' എന്ന്  ഒരു മെസ്സേജയച്ച്  മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു വെച്ചുവത്രെ അവൾ.

അതേ കുറിച്ച് ചോദിച്ചപ്പോൾ അവൾക്കതേ  നിസ്സാരഭാവം : "  അപ്പോ  എന്റെ മൂഡ് ശരിയായിരുന്നില്ല ശ്യാം.."

അവിടെ നിന്ന് പറഞ്ഞ് തുടങ്ങിയതാണ്.

ഓർത്തു വന്നപ്പോൾ ശ്യാമിനു പിന്നെയും ദേഷ്യം ഇരട്ടിച്ചു. ആരെന്നാണ് ഇവളുടെ വിചാരം !

"സിംഹാസനത്തിൽ കയറിയിരിക്കുന്നവർ, ഇടയ്ക്കതിന്റെ കാലുകളിലേക്ക് തലകുമ്പിട്ടു നോക്കുന്നത് നല്ലതാണ്.. ആരാണത് പണിതുയർത്തിയതെന്നും താങ്ങിനിർത്തുന്നതെന്നും ഓർക്കാൻ.."  അവൻ ചവക്കുന്നതിനിടയിൽ പറഞ്ഞു.

" അത്  ഇരിക്കുന്നവരും ചുമക്കുന്നവരും തമ്മിലായിക്കോളും.. പുറത്തു നിന്നുള്ളവർ അഭിപ്രായം പറയണ്ട.." അവൾ തിരിച്ചടിച്ചു.

അത് അങ്ങേയറ്റമായിരുന്നു.. " Then  O K, Of course, it  is the matter between donkeys and dirty bundle..bye.." ഒരു കൊടുങ്കാറ്റു പോലെ  ശ്യാം പുറത്തേയ്ക്കു പോയി.

മുഖമടച്ച് ഒരടി കിട്ടിയതു പോലെ അവളും.

                         
                                                            *********

നൈന ഇന്നോളമൊരിക്കലും പരീക്ഷാ ഫലങ്ങളെ ഭയന്നിട്ടില്ല ... 
പരീക്ഷകളും പരീക്ഷണങ്ങളും ജീവിതത്തിൽ ഒരുപാടുണ്ടായിട്ടുണ്ട് ..
ചിട്ടയായ പദ്ധതികളോടെയല്ല അവൾ ഒന്നിനേയും നേരിട്ടത് ..
കത്തിരിവെയിൽ പൊള്ളുന്ന പങ്കുനി മാസത്തിലെ തീകാറ്റ് പോലെ തിരഞ്ഞെടുക്കാനും നേരിടാനും ഒട്ടുമേ സമയമില്ലാതെ പരീക്ഷകളും പരീക്ഷണങ്ങളും !! 

ഇത്തവണ അങ്ങിനെയല്ല ; അവൾക്ക് ആകാംഷയുണ്ട് !
അവളേക്കാൾ അധികം അവർക്കായിരുന്നു പടപടപ്പ്.
വിജുവും നിഖിലും .. അവർക്ക്  അവൾ തോറ്റു കാണാൻ വയ്യ .. 
നൈനയുടെ പത്താം ക്ലാസ് ഫലം വന്നിരിക്കുന്നു. ജയിച്ചിരിക്കുന്നു !!!


അതല്ല അവളെ അതിശയിപ്പിച്ചത് – 
സയൻസിൽ അവൾക്കാണ് ക്ലാസ്സിൽ ഒന്നാം സ്ഥാനം. 
കണക്കിൽ എൺപത് ശതമാനം മാർക്കും !!
എല്ലാം കൊണ്ടും ആഹ്ലാദിക്കേണ്ട സന്ദർഭം.  

പക്ഷെ അകാരണമായ ഭീതിയും വിഷാദവുമെല്ലാം അവളിൽ വന്ന് നിറയുകയാണുണ്ടായത്. അത്തരം അനുഭവങ്ങൾ മുൻപുമുണ്ടായിട്ടുണ്ട്. ഏറ്റവും സന്തോഷിക്കേണ്ട അവസരങ്ങളിൽ, നെഞ്ചിൽ എന്തോ ഭാരം കയറ്റിയ  വേദന.  ആ സമയത്ത് ആരെയും കാണാൻ അവൾ ഇഷ്ടപ്പെടാറില്ല. ഒറ്റയ്ക്ക്, തന്റെ മുറിയിൽ, മൗനത്തിന്റെ കരിമ്പടത്തിനുള്ളിൽ..

ഉറക്കമില്ലായ്മ കൂടി ശല്യം ചെയ്യാനെത്തിയപ്പോൾ  അവൾ ഉമ്മൂമ്മയോടൊപ്പം കിടന്നു നോക്കി. 

ഏൻഡീ ഉനക്കൊരു വാട്ടം?” ഉമ്മൂമ്മ ചോദിച്ചു . 

അവളൊന്നും മിണ്ടിയില്ല 

“  വാപ്പാ ഇനി ഉന്നെ പഠിക്ക അനുപ്പ മാട്ടാർന്നു നെനൈക്കറതിനാലെയാ?

അതാണോ കാരണം ?  അവൾ സ്വയം ചിന്തിച്ചു നോക്കി. 

“ പെണ്ണുങ്ങൾ പഠിച്ചിട്ടെന്തിനാ ?” എന്ന് ഉപ്പ പറയുന്നത് അവൾ കേട്ടിട്ടുണ്ട്. പക്ഷെ അതാണോ കാരണം ? അറിയാനാവുന്നില്ല.. മനസ്സാകെ കറുത്തിരുണ്ട് നീറിപ്പടരുന്ന വേദന  മാത്രം… 

ഇല്ലെ, അവൻ സൊല്ലറതിലും ന്യായമിരുക്ക്. അന്ത പണത്തെ വച്ച് കൊഞ്ചം നകെയാച്ച് വാങ്കി വെച്ചിക്കിലാം. ഏൻ പോണ്ണേ, ഇൻനും മേല പഠിക്കറതുക്ക് നെറൈയ സെലവ് ആകുമാ? അപ്പടീന്നാ, എൻ ചെല്ലമേ, പെരിയ ആസൈയെല്ലാം മനസില വച്ചിക്കാതെ. ഇതേയെ നാൻ സൊന്നാ അവൻ എന്നെയും കൊന്നിടുവാങ്ക.

നീ തൂങ്കിനിയാഡീ? ” അവളിൽ നിന്ന് പ്രതികരണമൊന്നുമുണ്ടാവാതായപ്പോൾ ഉമ്മൂമ്മ ചോദിച്ചു. 
അവൾ അതിനും മറുപടിയൊന്നും പറഞ്ഞില്ല. 

ഉമ്മയെ കുറിച്ചാണ് അവൾ ഓർത്തു കൊണ്ടിരുന്നത്. 

അന്നവൾ രണ്ടിലാണ്. സ്കൂൾ വിട്ടു വന്ന് ഉമ്മറത്തിരുന്ന് കളിക്കുന്നു. ഉമ്മൂമ്മ വീട്ടിലുണ്ടായിരുന്നില്ല. ഉമ്മ ഉടുത്തൊരുങ്ങുന്നതു കണ്ടപ്പോൾ തന്നെ എവിടേയ്ക്കോ ഇറങ്ങാനുള്ള പുറപ്പാടാണെന്ന് മനസ്സിലായിരുന്നു. പക്ഷെ വാശി പിടിച്ചിട്ട് കാര്യമൊന്നുമില്ല. ഒന്ന് മുതിർന്നതിൽ പിന്നെ ഉമ്മ അവളെ എവിടേയ്ക്കും കൊണ്ടു പോകാറില്ല. നിസു ഒന്നു ചിണുങ്ങി നോക്കി. കാര്യമൊന്നുമുണ്ടായില്ല.

അവൾക്കോർമ്മയുണ്ട്.. ഒരു ചുവന്ന പട്ടുസാരിയാണ് ഉമ്മയുടുത്തിരുന്നത്. പിന്നെ കല്ല്യാണങ്ങൾക്കു മാത്രം പോകുമ്പോൾ ഇടാറുള്ള ആ തത്തമ്മക്കുട് കമ്മൽ, മാല, വളകൾ.

കാലത്ത് സ്കൂളിൽ പോകുന്നതിനു മുമ്പും അവൾ ശ്രദ്ധിച്ചിരുന്നു, ഉമ്മയുടെ തയ്യാറെടുപ്പുകൾ. ആ പഴയ ട്രങ്ക് പെട്ടിയൊക്കെ തട്ടിക്കുടഞ്ഞ് വൃത്തിയാക്കി വെക്കുന്നു, സാരികളും ജാക്കറ്റുമെല്ലാം അടുക്കി വെക്കുന്നു.

ഇടയ്ക്കൊക്കെ ചില മൂളിപ്പാട്ടുകൾ..

"ആരുടെ കല്ല്യാണമാ ഉമ്മാ ?' ഏറെ നേരത്തെ ആലോചനയ്ക്കു ശേഷവും ഒരെത്തും പിടിത്തവും കിട്ടാതായപ്പോൾ അവൾ ചോദിച്ചു.

" നിന്റെ ഉമ്മാടെ.." ഉമ്മ കൈയ്യിലുണ്ടായിരുന്ന ചരട് ചാട്ട പോലെ അവളുടെ ദേഹത്തേക്ക് ചുഴറ്റിയെറിഞ്ഞു " അസത്തേ..മിണ്ടാതിരുന്നോ അവിടെ.."

ചരടിന്റെ തുമ്പ് അവളുടെ കവിളത്താണ് വീണു പുളഞ്ഞത്. പക്ഷെ വേദനയല്ല, ഉമ്മയുടെ ആ പ്രതികരണമാണ് അവളെ കരയിച്ചത്.

ഇറങ്ങാൻ നേരം, ഉമ്മറത്തിരുന്ന് പുസ്തകത്തിലെ ചിത്രങ്ങൾക്ക് നിറം കൊടുക്കുകയായിരുന്ന    നിസുവിന്റെ  കൈയ്യിൽ ഉമ്മ ഒരു പത്തിന്റെ  നോട്ട് വച്ചു കൊടുത്തു : “ ഇന്നാടീ.. മിട്ടായി വാങ്ങിച്ചോ..”

കൈകളിൽ മുഖമമർത്തി തിണ്ണയിലിരുന്ന് തേങ്ങുകയായിരുന്ന നൈനയെ ഉമ്മ   ശ്രദ്ധിച്ചതു പോലുമില്ല. 





പൂപ്പൽ പിടിച്ച് നുറുമ്പിച്ചു തുടങ്ങുന്നതു വരെ നൈന മുഷിഞ്ഞ ആ പത്തുരൂപാനോട്ട് സൂക്ഷിച്ചു വച്ചിരുന്നു.                                

ഉമ്മൂമ്മയുടെ കൂർക്കം വലി കേട്ടു തുടങ്ങിയിരുന്നു. 


ഉള്ളിലെ വിങ്ങൽ, അതിങ്ങനെ പെരുകിപ്പെരുകി വരികയാണ്. 
എണീറ്റിരുന്ന് ഉറക്കെ ഒന്നു പൊട്ടിക്കരയണമെന്ന് അവൾക്കു തോന്നി. ഉറക്കെ, ഉറക്കെ കരയണം. ഉമ്മറത്തും, റോഡിലും , സ്കൂളിലുമെല്ലാം ഉറക്കെ ഉറക്കെ കരയണം…. ലോകം മുഴുവൻ…. അവൾ പല്ലു ഞെരിച്ചു. അല്ല; കരയുകയല്ല, അട്ടഹസിക്കുകയാണ് വേണ്ടത്.. എല്ലാവരെയും കൊല്ലണം.. ആ വലിയ കൊടുവാൾ കൊണ്ട് എല്ലാവരെയും വെട്ടി വെട്ടി കൊല്ലണം.. എന്നിട്ട് ചിരിച്ചട്ടഹസിച്ച് ഇങ്ങനെ റോഡിലൂടെ നടക്കണം.. അവൾ എണീറ്റിരുന്നു. 

നിസയും ഉമ്മൂമ്മയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നു. കുറച്ചു കൂടി മൃദുവായി പെരുമാറുന്നെന്നേയുള്ളു; ഉപ്പയുടെ മറ്റൊരു പകർപ്പു തന്നെയാണ് ഉമ്മൂമ്മ. 

പണ്ടെങ്ങോ  ഇട്ടെറിഞ്ഞു പോയ ഉമ്മയ്ക്കും രാജാവായി വീടു ഭരിക്കുന്ന ഉപ്പയ്ക്കും  ഉപ്പയെ മണിയടിച്ച് കാര്യം നേടുന്ന ഉമ്മൂമ്മയ്ക്കും ട്രങ്ക് പെട്ടിയിൽ എല്ലാം ഒളിപ്പിച്ച് വെക്കുന്ന നിസയ്ക്കും.. എല്ലാവർക്കും സ്വന്തം കാര്യമാണ് വലുത്. ആർക്കും ഒരു സ്നേഹവുമില്ല.. സ്നേഹം ഒന്ന് അഭിനയിച്ചു കാണിക്കാനെങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.. ? തന്നെ ആരെങ്കിലും ഒന്ന് ഇറുകെ കെട്ടിപിടിച്ചിരുന്നെങ്കില്‍ ...?

അമ്മ തരാതെപോയ ചുംബനങ്ങൾ ചുണ്ടുകളില്‍, കവിളുകളിൽ  തുടിക്കുന്നു.....

എവിടെയോ പുലർച്ച കോഴി കൂവുന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു. ഇനിയെന്തിനാണ് ഒരു പകൽ ?  ഇനിയിപ്പോൾ  ഒരു യുദ്ധം ചെയ്ത് പ്ലസ് ടൂ വിന് പഠിക്കാൻ അനുവാദം നേടിയിട്ടു തന്നെ എന്തിന് ? ഒന്നും വേണ്ട.. ഒന്നും.. ഈ വീടും ലോകവും മനുഷ്യരും.. ഒന്നും..

                                                               

                                                 



                                                              

                                                                       ********

 
‘വേണ്ടതെല്ലാം ചെയ്തിട്ടുണ്ടല്ലൊ..’ വിജു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷെ അസ്വസ്ഥത വർദ്ധിച്ചു വരുന്നതേയുള്ളൂ. ‘ പൾസ് നോർമലായി വരുന്നുണ്ട്.. പക്ഷെ   ഇരുപത്തി നാല് മണിക്കൂർ കഴിഞ്ഞേ കൃത്യമായി പറയാൻ കഴിയൂ’ എന്നാണ് ഡോക്ടർ പറഞ്ഞത്. അയാൾക്ക് , പിഴിഞ്ഞെടുക്കാൻ ഒരു ഇരയെ കിട്ടിയ സന്തോഷമാണെന്ന് തോന്നുന്നു.

പുലർച്ചെ, കോവിൽ ചുറ്റി, പാടത്തിനരികെയുള്ള ഇടവഴിയിലൂടെയുള്ള  അവരുടെ ജോഗിങ്ങിന് പ്രധാനമായും ഒരു ലക്ഷ്യമാണുള്ളത്. കോവിലിലെ കുളത്തിൽ, എണ്ണമൈലികളുടെ കുളി. നേരിയ വെളിച്ചമേ ഉണ്ടാകൂ.. എന്നാലും പേരിനുമാത്രം ഈറൻ തുണി ചുറ്റിയ ഉടലളവുകൾ കണ്ണിനു വിരുന്നൊരുക്കും.

അന്ന്, തിരിച്ചുള്ള വരവിൽ, അവളുടെ വീടിനു രണ്ടു വീട് ഇപ്പുറം എത്തിയപ്പോഴാണ് അവർ
സൂറത്തള്ളയുടെ വലിയ വായിലുള്ള അലമുറ കേൾക്കുന്നത്.  ..
.
പനംപായയില്‍ കുമ്മായം തേച്ച ആ വീടിനുള്ളിലേക്ക് ആദ്യമായാണ് കടക്കുന്നത് ...

അകത്തെ മുറിയില്‍ നിന്നാണ് തള്ള അലറികരയുന്നത് ..

ഒതുക്കമില്ലാതെ സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്ന ആ കൊച്ചുവീട്ടില്‍ അടക്കിയൊരുക്കിവച്ചിരിക്കുന്ന ഒരു കൊച്ചു മുറി ... അത് നൈനയുടേതാണ് .. 

നൈന  നീരുണങ്ങിയ മഷിത്തണ്ടുപോലെ കണ്ണുകളടച്ച് തളര്‍ന്നു കിടക്കുന്നു ..
ചുണ്ടുകള്‍ക്ക് നീല നിറം ..

എന്തുപറ്റി എന്ന ചോദ്യം മുഴുമിപ്പിക്കുന്നതിനു മുന്‍പേ ചോര ചാലിട്ടൊഴുകുന്ന ആ കൊച്ചുപെണ്ണിന്റെ കൈതണ്ട നിഖിലും വിജും ഒരേസമയം കണ്ടു ....

നിഖില്‍ പിടിച്ചില്ലായിരുന്നെങ്കില്‍ വിജു നൈനയുടെ കിടക്കയിലേക്ക് വീണുപോയേനെ ..
പണ്ടുമുതലേ ഒരു പൊടി ചോര കണ്ടാല്‍ വിജുവിനു തലകറങ്ങും ... 
മുത്തുവേലിനെ വിളിച്ചെണീപ്പിച്ച് അവന്റെ ഓട്ടോവിൽ ആസ്പത്രിയിലെത്താൻ യുഗങ്ങളെടുത്തു എന്ന് നിഖിലിനു തോന്നി .. മുഖത്ത് വെള്ളം തളിച്ചപ്പോൾ വിജു എഴുന്നേറ്റു.  

മുത്തുവേലിനു നല്ല കോളായി.. തള്ളയെ കൊണ്ടുവരാൻ വീണ്ടുമൊരു ട്രിപ്പ്.

ആളെകൂട്ടാനുള്ള അലറികരച്ചിലിനപ്പുറം തള്ളക്ക് വലിയ അങ്കലാപ്പില്ലായിരുന്നു എന്ന് അവര്‍ക്ക് തോന്നി ....
" ന്നാടി, അവങ്ക വാപ്പാ ഇരുക്കുമ്പോത് അവ നെരമ്പേ അറുത്തുകിട്ടാ. അന്നെയ്ക്കും അവളെയ് മുത്തുവേലുവോട ആട്ടോല താൻ ഹോസ്പിറ്റലുക്ക് കൂട്ടീട്ടു പോനാങ്ക.."  തള്ള നിസ്സാരമെന്നോണം പറയുന്നത്  കേട്ട് അവർ  ഞെട്ടിത്തരിച്ചു പോയി. 

ഫീസടക്കാൻ രണ്ടു ദിവസം വൈകിയത് നന്നായി എന്ന് വിജുവിനു തോന്നി. ആ പൈസയാണ്
ആശുപത്രിയില്‍ കെട്ടിവച്ചത്.
രണ്ടു മൂന്നു കുപ്പി  രക്തം വേണ്ടി വരുമെന്നാണ്  കണ്ടയുടനെ തന്നെ ഡോക്ടർ പറഞ്ഞത്. 
 ബി പോസറ്റീവ് !!.

അപ്പോഴാണ് അവർ അതിശയിച്ചു പോയത് - വിജുവിന്റേതും നിഖിലിന്റേതും അതു തന്നെ  !!

രണ്ടാമത്തെ കുപ്പി രക്തം  അവളുടെ സിരകളിലേക്ക് കയറുന്നത് നോക്കി നിൽക്കെ നിഖില്‍ കണ്ണടക്കുള്ളിലൂടെ മധുരമായി ചിരിച്ചു.. " ബീ പോസറ്റീവ് ആണത്രെ .... കിടക്കുന്ന കിടപ്പുകണ്ടില്ലേ .."


വീണ്ടും  തലചുറ്റുമോ എന്ന് പേടിച്ച്  വിജു  ആ ഭാഗത്തേയ്ക്ക് അധികം നോക്കിയില്ല.  ..
ഒരാഴ്ച്ച മുന്‍പ് മാത്രം കോളേജിലെ കാമ്പൈനില്‍ രക്തം ദാനം ചെയ്തത് നിഖിലും ആശുപത്രിയില്‍ പറഞ്ഞില്ല ....

.
ആസ്പത്രിക്കിടക്കയിൽ,  തീര്‍ത്തും തളര്‍ന്ന് ഒരു ഗാഢനിദ്രയിലെന്നപോലെ കിടക്കുന്ന അവളെ നോക്കി നിൽക്കുമ്പോൾ, താനെന്തിനിത്രയും  വേവലാതി പെടുന്നു എന്ന് ഒരു വേള അവൻ അതിശയപ്പെട്ടു.  ഓർത്തു നോക്കിയാൽ, ഹോസ്റ്റലിനരികിൽ  താമസമുള്ള ഒരു തമിഴ് പെൺകുട്ടി.. അവൾക്ക് രക്തം നൽകിയതു തന്നെ ധാരാളം.. അതിനുമപ്പുറം എന്ത് ബന്ധമാണ് അവൾക്ക് തങ്ങളോടുള്ളത്.. ? ഇല്ല..എടുത്തു പറയാൻ ഒന്നുമില്ല. .. 

വേദനനിറഞ്ഞ ചെറുകരച്ചിലുകളുടെ ഒരു നീണ്ടരാത്രി .. 
വാര്‍ഡിലെ തൂണില്‍ ചാരിയിരുന്നുറങ്ങുന്ന അവളുടെ ഉമ്മൂമ്മ ഒന്നുമറിയുന്നില്ല ..

അവളുടെ മുടിയിഴകളെ നെറ്റിയില്‍നിന്നൊതുക്കി പതിയെ തലോടുമ്പോള്‍ ഇത്രമേല്‍ സ്നേഹത്തോടെ താനാരേയും സ്പര്‍ശിച്ചിട്ടില്ലല്ലൊ  എന്ന് വിജു ഓര്‍ത്തു ..

ഇടയ്ക്കൊരു പാതിബോധത്തിൽ  മിഴികൾ തുറന്നപ്പോൾ, കാൽക്കൽ, തന്റെ പാദങ്ങൾ മടിയിലേക്കെടുത്തു വച്ച് ചുമരിൽ തല ചായ്ച്ച് മയങ്ങുന്ന നിഴൽ നിക്കുവാണെന്ന് അവൾ അറിഞ്ഞു.  തലയ്ക്കൽ ,  തന്റെ വലതു കൈ പൊതിഞ്ഞിരിക്കുന്ന  സ്നേഹച്ചൂട് വിജുവിന്റെ കൈകളാണെന്നും...



മരണവഴിയിലെ പിന്‍വിളി .... തന്റെ  ചങ്കിലും വിരല്‍തുമ്പുകളിലും തുടിക്കുന്നത് അവരുടെ ജീവനാണ്...
  സുഖകരമായ ഒരുറക്കത്തിലേക്ക് മിഴികളടച്ച് ആഴ്ന്നു പോകുമ്പോൾ അവളോർത്തു.

                                   *****









ചിത്രങ്ങള്‍ വരച്ചത് :

  1. ജാസ്സി കാസിം
  2. സ്നേഹ എടമിനി
  3. ജുമാന വി.പി
  4. കിരണ്‍