Saturday, 27 July 2013

5. സ്ഫുലിംഗങ്ങൾ
നൈനേ” എന്ന് ഉമ്മറത്തു നിന്ന് വിളി കേട്ടപ്പോൾ തന്നെ അവൾ കിടുങ്ങിപ്പോയി. അവൾ മാത്രമല്ല,അനിയത്തി, ഉമ്മൂമ്മ, ആ വീടു മുഴുവൻ.

“ എന്തോ” എന്ന് തൊണ്ട വിറച്ച്, ഭയം കൊണ്ട് ശരീരമാകെ കുഴഞ്ഞ് അവൾ ഓടി ഉമ്മറത്തെത്തി.
“ ആ ചെക്കന്മാർ നിങ്ങൾക്കെന്താ വാങ്ങിച്ചു തന്നത് ?”
ഒരു നിമിഷത്തേയ്ക്ക് അവൾക്കൊന്നും മനസ്സിലായില്ല.. ‘ചെക്കന്മാർ
വാങ്ങിച്ചു തന്നത്..?’
പിന്നെയൊരാന്തലോടെ അതവളുടെ മനസ്സിലേക്കോടിയെത്തി
അവരാണ് !

രാവിലെ, ഉത്സവപ്പറമ്പിലെ കാഴ്ച്ചകൾ കണ്ട് വെറുതെ നടക്കുമ്പോൾ പുറകിൽ നിന്നൊരു വിളി : “ ഹേയ് ണയനോമണി.!”

ഇത്തവണ കോവിലിന്റെ വൈദ്യുതാലങ്കാര പണികളൊക്കെ അവരാണത്രെ ചെയ്തത്. ഷാഹുൽ ഹമീദ് പറഞ്ഞ് അവൾ കേട്ടിരുന്നു ; മുൻപത്തെ പോലെയല്ല, ഇത്തവണ ബൾബുകൾ ഓടിപ്പോകുന്ന പോലെ തോന്നുമത്രെ! അവൾക്കുമൊന്ന് കാണണമെന്നുണ്ടായിരുന്നു. പക്ഷെ ഈ വെളുപ്പാൻ കാലത്ത്  ഒന്നിറങ്ങുന്നതിനു തന്നെ, താനും നിസയും മാറി മാറി ചോദിച്ച്, അവസാനം ഉമ്മൂമ്മയുടെ ശുപാർശയും വഴിയാണ് ഒന്നു മൂളി കിട്ടിയത്.

അവരാദ്യം തന്നെ  ആനയിക്കപ്പെട്ടത് ആ യന്ത്രങ്ങളുടെ അടുത്തേയ്ക്കാണ്. “ തൊടണ്ട..നല്ല ചൂടാ.. കുറച്ചു മുമ്പ് ഓഫാക്കിയതേയുള്ളു..” വിജു മുന്നറിയിപ്പ് കൊടുത്തു.

“ നിനക്ക് കാണണോ ?” അവൻ അവളുടെ മനസ്സ് വായിച്ചിട്ടെന്ന പോലെ ചോദിച്ചു.

അവളും അനിയത്തിയും ഒരുമിച്ച് തലയാട്ടി.

അവൻ ലിവറിട്ട് തിരിച്ച് ജനറേറ്റർ  സ്റ്റാർട്ട് ചെയ്തു. അതിന്റെ  ‘ഘുടുഘുടു’ ശബ്ദം കേട്ട് അവളുടെ ചെവി പെരുത്തു പോയി.

“ നീ വലിയ തന്റേടിയല്ലേ.. ഇന്നാ ..നീ തന്നെ ഓൺ ചെയ്തോ..” അവൻ അവൾക്ക് മെയിൻ സ്വിച്ച് ചൂണ്ടി കാണിച്ചു കൊടുത്തു.
അവൾക്കു പേടിയൊന്നും തോന്നിയില്ല. സ്വിച്ച് ഓൺ ചെയ്തപ്പോൾ അപ്പുറത്തിരുന്ന ഒരു ചെറിയ മോട്ടോർ ഓടിത്തുടങ്ങി അതിനോട് ചേര്‍ന്ന് തകിലിനോളം വലിപ്പമുള്ള ഒരു മരക്കുറ്റി വേഗത്തില്‍ കറങ്ങുന്നു ... ചെമ്പു തകിടുകള്‍ എമ്പാടും പിടിപ്പിച്ച ഒന്ന്.  കുറേ തകിടുകള്‍ മരക്കുറ്റിയോട് ചേര്‍ന്നുരയുന്നു .... ചെറിയ സ്പാര്‍ക്കുകള്‍ .. ഒരുമാതിരി വായു കരിയുന്ന മണം .. അവരോട് ചോദിക്കാതെ അതല്ലാം എന്താണെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലായിരുന്നു അവള്‍ .. കോവിലിനു മുമ്പിലുള്ള ദീപാലങ്കാരത്തിലെ വിളക്കുകൾ, ഷാഹുൽ ഹമീദ് പറഞ്ഞതുപോലെ ഓടികൊണ്ടിരിക്കുകയാണ് എന്ന് തോന്നും ഒറ്റനോട്ടത്തിൽ. സൂക്ഷിച്ചു നോക്കുമ്പോൾ മനസ്സിലാവും ബൾബുകളല്ല, വെളിച്ചമാണ് ഓടുന്നതെന്ന്. അവൾക്ക് അത്ഭുതം തോന്നി. പുറത്തു നിന്നിരുന്ന നാട്ടുപിള്ളേർ കൂവി വിളിച്ചു. 


നാലഞ്ചു മിനിറ്റ് ഓടിയ ശേഷം വിജു ജനറേറ്റർ ഓഫ് ചെയ്തു. “ ഡീസൽ വെറുതെ കത്തിച്ചു കളഞ്ഞാ വിമലേട്ടൻ ചീത്ത പറയും.”

പകൽ തനിക്കും നിക്കുവിനും രാത്രി വിമലണ്ണനും നിഷാദിനുമാണ് ഡ്യൂട്ടിയെന്ന് . ( അങ്ങനെയൊരുത്തനെ  ആ വീട്ടിൽ അതു വരെ അവൾ കണ്ടിട്ടില്ല ) അവൻ പറഞ്ഞു. മറ്റുള്ളവരൊക്കെ നാട്ടിൽ പോയിരിക്കുകയാണത്രെ. ‘ കുറച്ച് റിസ്കുണ്ടെന്നേയുള്ളു..നല്ല ലാഭമുള്ള പരിപാടിയാ..” അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“ നിങ്ങൾ മറ്റു സ്റ്റാളുകൾ കണ്ടോ?” അല്പം മാറി, ഒരു കസേരയിലിരിക്കുകയായിരുന്ന നിഖിൽ ചോദിച്ചു. ആ ശാന്തമായ പുഞ്ചിരി അപ്പോഴും അവന്റെ മുഖത്തുണ്ടായിരുന്നു.

അങ്ങനെയാണ് അവർ അവരോടൊപ്പം ഉത്സവപറമ്പിൽ കറങ്ങാൻ തുടങ്ങിയത്.


“ അത് ..ഉപ്പാ
” അവൾ പരുങ്ങി.  “ എനിക്കൊരു കാലിഡോസ്ക്കോപ്പും ( നിക്കുവാണ് ആ പേര് അവൾക്കു പറഞ്ഞു കൊടുത്തത് ).നിസയ്ക്കൊരു പാവക്കുട്ടിയും പിന്നെ കുറച്ച് വളകളും..”

“ അതിങ്ങ് കൊണ്ടുവാ..” ഉപ്പയുടെ ശബ്ദത്തിൽ നിന്ന്, എന്താണ് ലക്ഷണമെന്ന് അവൾക്കു മനസ്സിലായില്ല. കോപമോ ഈർഷ്യയോ കൗതുകമോ..എന്തായാലും അത്ര നല്ലതാവാനിടയില്ല.

പെട്ടി തുറന്ന്, അതെല്ലാം അവൾ ഉപ്പയുടെ കൈയ്യിൽ കൊടുത്തു.

ഒന്നു നോക്കുക പോലും ചെയ്യാതെ ഉമ്മറത്തെ ഇരുട്ടിലേക്ക് ഒറ്റയേറ് !!

ഓടയുടെ  വക്കിൽ തട്ടി, അതെല്ലാം ‘ക്ടിം’ എന്ന ശബ്ദത്തോടെ തകരുന്നത് അവൾ കേട്ടു.

“ എന്റെ കുട്ടികൾ ഒരു വരത്തന്മാരുടെയും ഓശാരം വാങ്ങണ്ട ആവശ്യമില്ല.. കെട്ടോടി.. ഇല്ലെങ്കിൽ ഇല്ല.. അങ്ങനെ ജീവിച്ചാ മതി..” തീക്കൊള്ളി പോലെ വാക്കുകൾ..

അവളുടെ നെഞ്ച് നുറുങ്ങിപ്പോയി. അകത്തു നിന്ന് നിസ കച്ചേരി ആരംഭിച്ചു കഴിഞ്ഞിരുന്നു.

“ എടാ
അവൾക്ക് പഠിക്കാനുള്ളതൊക്കെ ആ പിള്ളേർ പറഞ്ഞു കൊടുക്കാറുണ്ട്.. ഇപ്പോ അതുകൊണ്ട് പെണ്ണിന്റെ മാർക്കൊക്കെ കൂടിയിട്ടുണ്ട്” അകത്തു നിന്ന്  ഉമ്മൂമ്മയുടെ ശുപാർശ. പുറത്തേയ്ക്കു വരാൻ ഉമ്മൂമ്മയ്ക്കും ധൈര്യമില്ല !

മറുപടിയില്ല ! അവൾ തലയുയർത്തി നോക്കി.  പിന്നാമ്പുറത്തേയ്ക്ക് പോയെന്ന് തോന്നുന്നു. മൂത്രമൊഴിക്കാനാവും.. ഉമ്മൂമ്മ പറഞ്ഞത് കേട്ടോ ആവോ ? അവൾക്ക് ആശ്വാസമാണ് തോന്നിയത്.. ‘ഇനിയെങ്ങാനും അവരെ കണ്ടാൽ..’ എന്നോ മറ്റോ വിലക്കിയിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ ! ‘വെട്ടൊന്ന് മുറി രണ്ട്’ സ്വഭാവമാണല്ലൊ എന്നും. തിരുവായ്ക്ക് എതിർ വായില്ല !!

ഇപ്പോൾ വീട്ടിൽ നിന്നു പഠിക്കുന്നത്, അതിനു മുമ്പ് എൽ പി യും യു പിയും അകലെയുള്ള റെസിഡൻഷ്യൻ സ്കൂളുകളിൽ പഠിപ്പിച്ചത്, സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുപ്പിച്ചതിന് പി ഡി ടീച്ചറെ കണ്ണുപൊട്ടിയ ചീത്ത വിളിച്ചത്, ഇതൊന്നും ആരോടും അഭിപ്രായം ചോദിച്ചിട്ടല്ലല്ലൊ..

പുലർച്ചെയുള്ള ബാങ്ക് വിളി കേട്ട് ( ഉമ്മൂമ്മ അതിനെന്തോ പേരു പറയാറുണ്ട് )  ഉണർന്നാൽ വീണ്ടുമൊന്ന് കണ്ണടയ്ക്കാനേ സമയം കിട്ടൂ. ആറിന് ആദ്യ വിളി.. കട്ടൻ ചായക്ക്. അപ്പോ അരിക്കും വെള്ളം വെക്കണം.   ആറരയ്ക്ക് വരും  രണ്ടാം വിളി. കുളിയ്ക്കാനുള്ള വെള്ളം എടുത്തു വയ്ക്കാൻ. പിന്നെ ഒമ്പതിന് കഞ്ഞിയ്ക്ക്. പിന്നെ ഉച്ചയ്ക്ക് ഒന്നിനാണു തിരിച്ചു വരിക. അപ്പോഴുമുണ്ടാവും വിളി. ഊണെടുത്തു വയ്ക്കാൻ. ( ക്ലാസ്സ് ഉള്ള ദിവസങ്ങളിൽ അതു കേൾക്കണ്ട. അത്രയും ഭാഗ്യം !)  പിന്നെ വൈകീട്ട്  ഏഴിനു തിരിച്ചെത്തിയാൽ  ചായക്കും വിളി വരും. രാത്രി ഒമ്പതിനാവും അവസാനമായി വിളി കേൾക്കുക. പായ വിരിയ്ക്കാൻ ! കുറച്ചു കഴിയുമ്പോൾ കൂർക്കം വലി കേട്ടു തുടങ്ങും.

വിളികൾ മാത്രം ! കല്പനകൾ ! തങ്ങളെല്ലാം വെറും ഭൃത്യകൾ മാത്രമാണെന്ന്  തോന്നാറുണ്ട്. കഴിഞ്ഞ കൊല്ലം കണ്ട ആ നാടകത്തിലെ ഭടനെ പോലെ,  ‘അടിയൻ’ എന്നു  ഓച്ഛാനിച്ചു നിൽക്കാനുള്ള ഭടൻ ! ഉമ്മൂമ്മയുടെ ഈ നശിച്ച നടുവേദന മാറിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് അപ്പോഴൊക്കെ തോന്നാറുണ്ട്. ഓരോ വിളിയ്ക്കും മൂളലിനും കാതോർത്ത് ഈർഷ്യയോടെ ഒരു മുറിക്കുള്ളിൽ തന്നെ കഴിഞ്ഞു കൂടുന്നതിനെക്കാൾ നല്ലത്, സ്നേഹശൂന്യമായ ഹോസ്റ്റൽ ചുമരുകൾ തന്നെയാണെന്നും തോന്നിയിട്ടുണ്ട്. പക്ഷെ അവരെ പരിചയപ്പെട്ടതിനു ശേഷം....വേണ്ട..ഉമ്മൂമ്മയുടെ  വേദന മാറാതിരിക്കട്ടെ..  ഈ പാരതന്ത്ര്യം താൽക്കാലികം മാത്രമാണല്ലൊ. ഉത്സവം കഴിഞ്ഞ് നാലഞ്ച് ദിവസം കൂടിയേ ഉപ്പ നാട്ടിൽ തങ്ങൂ എന്ന് ഉമ്മൂമ്മ പറഞ്ഞിട്ടുണ്ട്. ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ മൂന്നു നാലു മാസത്തേയ്ക്ക് നോക്കണ്ട. അപ്പോഴാണ് ഉമ്മൂമ്മ പോലും നേരെ ചൊവ്വേ ശ്വാസം വിടുന്നതെന്ന് തോന്നിയിട്ടുണ്ട്.

ഉമ്മൂമ്മയുടെ ശുപാർശ ഉപ്പ കേട്ടെന്നു തന്നെ വിശ്വസിക്കാൻ അവളിഷ്ടപ്പെട്ടു. “ അത് പൂർണ്ണമായും നുണയുമല്ലല്ലൊ.” അവളോർത്തു. 

ഒരിക്കൽ എയർ അടിക്കാൻ ചെന്നപ്പോഴാണ് വിമൽ  അവളോടാ ചോദ്യം ഉന്നയിച്ചത് :              “ എയറൊക്കെ അടിച്ചു തരാം
ഒരു കണ്ടീഷൻ...” ഒരു ചെറുപുഞ്ചിരിയോടെ അയാൾ ചോദിച്ചു      “ എന്തിനാ എയറടിക്കുന്നതെന്ന് ആദ്യം പറയണം !”

അവൾക്കു സംശയമൊന്നുമുണ്ടായില്ല. എല്ലാവർക്കുമറിയാവുന്നതാണത്. : “ എയറില്ലെങ്ങെ ചവിട്ടിയാ നീങ്ങില്ല..”
“ കൊള്ളാം..മിടുക്കി.. അപ്പോ വേറൊരു ചോദ്യത്തിനുത്തരം പറയേണ്ടി വരും.. എയറില്ലാത്തപ്പോ  സൈക്കിളെന്താ ചവിട്ടിയാ നീങ്ങാത്തത്?”

അതൊരു കുഴക്കുന്ന ചോദ്യമായിരുന്നു. എയറില്ലാത്തപ്പോൾ സൈക്കിളിന്റെ ഭാരം കൂടുന്നതുപോലെയാണ് അവൾക്കു തോന്നാറുള്ളത്. നിസ പിന്നിലുണ്ടെങ്കിൽ പറയുകയും വേണ്ട.. പക്ഷെ ഭാരമൊന്നും കൂടിയിട്ടില്ല എന്നതും നേര്.. പിന്നെങ്ങനെ ?
 വായനയിൽ മുഴുകിയിരിക്കുകയായിരുന്ന നിക്കു, അവൾ ഉത്തരം പറയുമെന്ന പ്രതീക്ഷയോടെ  തലയുയർത്തി നോക്കി.

“ അറിഞ്ഞൂടാ..” അവൾ സങ്കോചത്തോടെ പറഞ്ഞു.
“ ആഹാ..”  പമ്പ് കൈയ്യിലെടുത്ത വിജു അതവിടെ തന്നെ വച്ചു : “ എന്നാ പിന്നെ എയറുമില്ല.. എയറടിച്ചു ടയറു പൊട്ടിച്ച ആൾക്ക് ഇതിനൊക്കെ ഉത്തരം പറയാം.. വെല്ല്യ പഠിപ്പിസ്റ്റാണെന്നൊക്കെയാണല്ലൊ കേൾവി.. മോശം മോശം..”

അവൾ വാശിയോടെ വീണ്ടുമെല്ലാമൊന്ന് ആലോചിച്ചു നോക്കി.  ഒളിക്കണ്ണിട്ട് ഒന്നു ടയറുകളിലേക്കും നോക്കി. പക്ഷെ ഒരുത്തരവും കിട്ടുന്നില്ല.

“ നിനക്കറിയാം നൈന.. നീ പഠിച്ചിട്ടുണ്ടാവും..” വിമൽ പ്രോത്സാഹിപ്പിച്ചു. “ വേണമെങ്കി ഒന്നു സൈക്കിളുരുട്ടി നിരീക്ഷിച്ചു നോക്കിക്കോ..”

അവൾ ആശയകുഴപ്പത്തിൽ പെട്ടു. വിജുവിനോടുള്ള വാശി ഒരു വശത്ത്. സൈക്കിളുരുട്ടി നോക്കിയാലും ഉത്തരം കിട്ടാൻ  പോകുന്നില്ല എന്ന പേടി മറുവശത്ത്.

“ അല്ലെങ്കിൽ വേണ്ട..” വിമൽ മുറ്റത്തേക്കിറങ്ങി. “ മണ്ണിലുരുട്ടിയാൽ അത് മനസ്സിലാവാൻ ബുദ്ധിമുട്ടാ” അയാൾ സൈക്കിൾ പൊക്കിയെടുത്ത് തിണ്ണയിൽ കൊണ്ടു വച്ചു. എന്നിട്ട് പിൻ ചക്രത്തിലെ വായു മുഴുവൻ അഴിച്ചു വിട്ടു. “ കണ്ടോ.. ഇനി നോക്ക്.. ദാ..ബാക്കിലെ ടയറിൽ എയറൊട്ടുമില്ല.. മുന്നിലത്തേതിൽ എയറുണ്ട്.. രണ്ടും തമ്മിൽ എന്താണ് വ്യത്യാസമെന്ന് നോക്ക്..”

“ ആ പസ്റ്റ്.. ഇനിയെന്തായാലും ഉത്തരം പറയാതെ  ഒരു രക്ഷയുമില്ലെന്നോർത്തോണം..” വിജു ചിരിച്ചു. നിക്കുവും.

അവൾ സൂക്ഷ്മമായി നോക്കി. ഇനിയും തോൽക്കാൻ വയ്യ. അവൾക്ക് കൂടുതൽ വ്യക്തമാകാനെന്നോണം , വിമൽ സൈക്കിളൊന്ന്  ഉരുട്ടി കാണിക്കുകയും ചെയ്തു.

ചില വ്യത്യാസങ്ങൾ അവൾ കണ്ടെത്തുക തന്നെ ചെയ്തു. എന്നിട്ടും പറയാനൊരു മടി. മണ്ടത്തരമായാൽ അവന്മാർ കളിയാക്കി കൊല്ലും.

 ഉം..ധൈര്യമായി പറ..”  വിമൽ പ്രോത്സാഹിപ്പിച്ചു.

“ എയറില്ലാത്ത ടയർ തറയോട് അമർന്നിരിക്കുന്നു. മറ്റേത് അത്രയ്ക്ക് അമർന്നിരിക്കുന്നില്ല..” അവൾ സങ്കോചത്തൊടെ പറഞ്ഞൊപ്പിച്ചു.

“ ഗുഡ് ഗേൾ..എക്സലന്റ്
  വിമൽ കൈയ്യടിച്ചു.

" അയ്യോ.. ചായ അടുപ്പത്താണ്..ഞാനിപ്പോ വരാം.. അതിനു മുമ്പ് ക്വിസ് അവസാനിപ്പിക്കല്ലേ .."  നിക്കു തിടുക്കത്തിൽ അകത്തേയ്ക്കു പോയി.

അവൾക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി. ഏഴാം ക്ലാസ്സിലെ സ്കോളർഷിപ്പ് കിട്ടിയപ്പോൾ പോലും താനിത്രയും സന്തോഷിച്ചിട്ടില്ലല്ലൊ എന്നവൾ അത്ഭുതപ്പെട്ടു.

“ അപ്പൊ അമർന്നിരിക്കുന്നതാണ് പ്രശ്നം..” വിമൽ ഗൗരവത്തിൽ തുടർന്നു.. “ അതുകൊണ്ടെന്താണ് പ്രശ്നം ? ആലോചിച്ചു നോക്കിക്കേ..”

അവളുടെ സന്തോഷം കെട്ടു.. ഈ ചോദ്യങ്ങൾക്കൊരു അവസാനമില്ലേ ?  അമർന്നിരിക്കുന്നതുകൊണ്ട് എന്താണു പ്രശ്നം ? അവളുടെ തല വീണ്ടും പുകഞ്ഞു.

“ ശരിക്കും ഇതാണ് ആദ്യ ചോദ്യത്തിന്റെ യഥാർത്ഥ ഉത്തരം
. ഒരു ക്ലൂ ഞാൻ തരാം.. ഇംഗ്ലീഷിൽ ആ വാക്കിന്റെ ആദ്യാക്ഷരം ‘എഫ്’ ആണ്..”

അവൾ വീണ്ടും ആലോചിച്ചു നോക്കി.. ‘എഫ്’ വച്ച് തുടങ്ങുന്ന ഇംഗ്ലീഷ് വാക്കുകൾ ആലോചിച്ചു നോക്കി. ഫ്ലവർ, ഫ്ലോ, ഫ്രണ്ട്., ഫ്രീഡം.. ച്ഛെ.. അവൾ നിസ്സഹായതയോടെ വിമലിനെ നോക്കി.

“ നിനക്കറിയാം കുട്ടി..” വിമൽ  പ്രോത്സാഹനം തുടർന്നു : “ ദാ..ഇതുപോലെ രണ്ടു കൈപ്പത്തികൾ തമ്മിലൊന്ന്  അമർത്തി ഉരസി നോക്കൂ..”

എന്തിനെന്നറിയാതെ അവൾ അതു പോലെ അനുകരിച്ചു.  കൈപ്പത്തികളിൽ ചൂട്..

“ ഇനി ഒരു കൈപ്പത്തിയിൽ മറ്റേ കൈയ്യിലെ ഒരു വിരൽ മാത്രം ഓടിച്ചു നോക്കൂ..” വിമൽ തുടർന്നു.

അയാളെ അനുകരിക്കുമ്പോൾ തന്നെ ഇതുപോലൊന്ന് മുമ്പേതോ ക്ലാസ്സിൽ വച്ച് താൻ ചെയ്തിട്ടുണ്ടല്ലൊ എന്നാണവളോർത്തത്.. ഫിസിക്സ് ക്ലാസ്സിൽ.. രാജാ സാർ.. കിട്ടിപ്പോയി !!

“ ഫ്രിക്ഷൻ !!” അവൾ വിളിച്ചു കൂവി..

“ യെസ്.. ദാറ്റ്സ് ദ സ്പിരിറ്റ്..” വിമൽ അവളുടെ കൈ പിടിച്ചു കുലുക്കി.  “ കണ്ടോ.. എയറില്ലാത്തപ്പോൾ ടയർ തറയോട് പതിഞ്ഞു. അപ്പോ സർഫസ് ഏരിയ കൂടി.. കോണ്ടാക്റ്റ് ഏരിയ കൂടുന്തോറും ഫ്രിക്ഷനും കൂടും. .It is the resistance against motion.. so we have to apply more force to move..  ബട്ട്, ഈ ഫ്രണ്ടിലെ ടയർ കണ്ടോ.. എയർ ഉള്ളപ്പോ അതിനു അതിന്റെ ട്യൂബുലർ ഷേപ്പ് റീട്ടയിൻ ചെയ്യാൻ പറ്റും.. ഉരുണ്ടതാവുമ്പോ അതിന്റെ സർഫസ് ഏരിയ ഇൻ റ്റച്ച് വിത്ത് ഗ്രൗണ്ട് കുറയും.. സോ ഫ്രിക്ഷൻ കുറയും..”

അത്രയ്ക്കൊന്നും ആലോചിച്ചു പറഞ്ഞതല്ല അവൾ.. അതുകൊണ്ടു തന്നെ ആ വിവരണം അവൾ അത്ഭുതാദരങ്ങളോടെ ഉൾക്കൊള്ളുകയാണുണ്ടായത്..

   ന്യൂമാറ്റിക് ടയേഴ്സ് ഉപയോഗിക്കുന്നതിനു അതു മാത്രമല്ലല്ലൊ റീസൺ വിമലേട്ടാ ?..” കിണ്ണത്തിൽ ചായക്കോപ്പകളുമായി വരികയായിരുന്ന  നിക്കു ചോദിച്ചു.

“ യേസ്.. അതു മാത്രമൊന്നുമല്ല..” വിമൽ ചിരിച്ചു.. “ ഞാനവൾക്ക് അറിയാവുന്ന ഒന്നുമായി കണക്റ്റ് ചെയ്തു എന്നേയുള്ളു.. പിന്നെയുള്ളതൊക്കെ പിന്നീട് പഠിക്കാം അല്ലേ നൈനാ..”

അവൾ അതേയെന്ന് തലയാട്ടി. ഇതു തന്നെ ധാരാളമാണ്.

“ ഇനി എയറടിച്ചു കൊടുക്കാം, അല്ലേ ചേട്ടായീ ? ..”  വിജു ചിരിയോടെ ചോദിച്ചു..

“ പിന്നല്ലാതെ.. വയറു നിറച്ച് അടിച്ചു കൊടുക്ക്..”

" ദാ നൈനാ.. ചായ കുടിക്കൂ.." നിക്കു അവൾക്ക് ചായക്കോപ്പ നീട്ടി.

 നേരിയൊരു സങ്കോചത്തോടെ അവളത് വാങ്ങി. നല്ല ചൂട്..

"ഇവിടെയിരി..". വിജു  തിണ്ണയിലെ പുല്പായയിൽ അല്പം ഒതുങ്ങിയിരുന്നു.

" സ്നാക്സ് ഒന്നുമില്ലേ ബോയ്സ്..? " വിമൽ ചിരിച്ചു.." നമ്മുടെ ഗസ്റ്റിനു കൊടുക്കാനെങ്കിലും..."

" ഒരു രക്ഷേമില്ല. ഞാൻ ഫുൾ തപ്പി നോക്കിയതാ. ടിന്നുകളൊക്കെ കാലി.." നിക്കു കൈ മലർത്തി..

"ച്ഛെ.." വിജുവിനും നിരാശ.. പിന്നെയവൻ ചാടിയെണീറ്റു..  " ഗോട്ട് ഇറ്റ്.. .. സഗീറിന്റെ ബാഗിൽ  ചക്ക വറുത്തത് ഒരു പാക്കറ്റ് ഇരിപ്പുണ്ട്..
ബട്ട്.. ടോപ്പ് സീക്രട്ടാ..  ആരും കാണാതെ എടുത്തു വെച്ചിരിക്കുകയാ.."

" എടുത്തോണ്ടു വാടാ.." വിമൽ ആജ്ഞ കൊടുത്തു.." അവന്റെ രഹസ്യത്തീറ്റ ഇതോടെ അവസാനിപ്പിക്കണം.. "

വിജു പാക്കറ്റ് പൊട്ടിച്ച് , അവൾക്കരിൽ ഒരു പ്ലേറ്റിലേക്കിട്ടു.. " അവനെങ്ങാനുമറിഞ്ഞാ ഇടിയുടെ പൂരമായിരിക്കും.. "

"പൊടി പോലും ബാക്കി വക്കരുത്.." ഇപ്പുറത്തിരുന്ന് അവളോടു ചേർന്ന് കൈ നീട്ടി ഒരു  പിടി വാരിയെടുക്കുമ്പോൾ നിക്കു പറഞ്ഞു. " അറിഞ്ഞ ഭാവവും കാണിക്കണ്ട.. ഇതെവിടെ പോയി എന്നവൻ അന്തിച്ചുപോകണം.." അവന്റെ ചൂടുള്ള ഉച്ഛ്വാസവായു കവിളത്തടിച്ചപ്പോൾ ഒരു നിമിഷം അവൾക്കെന്തോ പോലെ തോന്നി.

ചക്ക വറുത്തത് അവൾ  ആദ്യമായി രുചിക്കുകയായിരുന്നു. ചക്ക തന്നെ ഒരു വിശിഷ്ടവിഭവമാണ്..  ഇതെങ്ങനെയാണാവോ വറുത്തെടുക്കുന്നത്.. എന്തൊരു രുചി.. തിന്നുന്നത് നിർത്താനേ തോന്നുന്നില്ല..

"നൈനയ്ക്ക് ഇഷ്ടായോ ? "

അവൾ ഉവ്വെന്ന് തലയാട്ടി.. " ഞാനാദ്യമായാ തിന്നുന്നത്.. നല്ല രസം.. "

ഇറങ്ങാൻ നേരം, വിജു തന്റെ  കയ്യിലുണ്ടാരുന്ന കുറച്ച് ചീളുകൾ കൂടി  അവളുടെ കൈയ്യിൽ വച്ചു കൊടുത്തു..

  അതോരോന്നായി കൊറിച്ച്, പുതിയ സന്തോഷത്തിന്റെ ലഹരിയില്‍  നൈന സൈക്കിളില്‍ പാഞ്ഞു ..
തെരുവില്‍ അലയുന്ന കഴുതക്കൂട്ടങ്ങള്‍ക്കിടയിലൂടെ പാളിപ്പറന്ന് !! 

ആ വഴി നേരെ പോയാല്‍ റേഷന്‍ ഷോപ്പിനും വളം ഡിപ്പോക്കും അപ്പുറം
പൊടിപാറുന്ന മണ്‍ വഴിയാണ് ..... വയലുകള്‍ ! സൂര്യകാന്തിയും ചോളവും ..... ...
സൈക്കിളില്‍ ആര്‍ത്തു കൂവി പായാം ... 

തലക്കുമേലേ ഉയര്‍ന്ന് നില്‍ക്കുന്ന ചോളക്കതിരുകള്‍ !!

കാറ്റ് ചെവിയില്‍ മൂളുന്നു..  വയലിനപ്പുറം വഴി കുന്നിന്‍ മുകളിലേക്ക് കിതച്ചു കയറുന്നു .
അവിടെ എമ്പാടും ഉരുളന്‍ കല്ലുകളാണ് .. ഉണക്കപ്പുല്ലുകള്‍ മാത്രമുള്ള കുന്ന് ..
പാതി ദൂരത്തില്‍ വഴി അവസാനിക്കും .. അവിടെ ഒരു ഒറ്റമരം അതിനു കീഴെ ഒരു വലിയ കല്ല് ..
അവിടെ നിന്നും നോക്കിയാല്‍ വയലും അങ്ങാടിയും എല്ലാം ഒരു ചിത്രം പോലെ കാണാം .. 

അവളുടെ ലക്ഷ്യമില്ലാത്ത സൈക്കിള്‍ യാത്രകളല്ലാം അവസാനിക്കാറുള്ളത് അവിടെയാണ് ..എന്താണിത് ??  അവള്‍ക്ക് മനസ്സിലാകുന്നില്ല ..മനം നിറയെ സന്താഷം .. !!

മാനത്തിന്ന് സ്വര്‍ണ്ണ നിറം ..  വേഗം തിരിച്ചു പോണം ..  
വെയിലാറിയിരിക്കുന്നു ... കാറ്റിനു തണുപ്പ് .. !
കാറ്റ് !! കുളിര് ..
കാറ്റില്‍ വസ്ത്രം ദേഹത്ത് ഒട്ടിപിടിച്ചിരിക്കുന്നു ... സ്നേഹം പോലെ .. !
താന്‍ ചെറിയ കൊച്ചൊന്നുമല്ല അവള്‍ക്ക് തോന്നി ...
ചോള ഇലകള്‍ ചുരുട്ടി ഒരു കിളിക്കൂട് .. എന്നാണാവോ ചോളം കൊയ്യാ ??
മണ്‍ വഴിക്കുമുകളിലൂടെ പരന്നൊഴുകുന്ന ഒരു നീര്‍ച്ചാല് .. !!
ഇടത് വശത്തെ സൂര്യകാന്തിപ്പാടം വലതുവശത്തെ ചോളക്കതിരുകള്‍ക്ക് വെള്ളം കൊടുക്കുന്നു !!
ആ ഹാ അതു നന്നായല്ലോ ... ! ഇതെന്ത് !! ഒരുപാട് പൂക്കളുമായൊരു വയല്‍ ചെടി !!അവള്‍ പൂക്കള്‍ പൊട്ടിച്ച് സൈക്കിളിന്റെ ഹന്‍ഡിലില്‍ വച്ചു ...
ഒരുപാട് തവണ അതിലേയൊക്കെ പോയിട്ടുള്ളതാണെങ്കിലും ആദ്യമായാണ് അവളാ കാഴ്ച്ചകളൊക്കെ കാണുന്നത് !!

പാടാനറിയാത്ത നേര്‍ത്ത ഒരു പാട്ട് നൈനയുടെ ചുണ്ടില്‍ തൊട്ടു പറന്നു ..


12 comments:

 1. നല്ല രചനകൾ.. അതിനേക്കാൾ മികവുറ്റ വരകൾ.. വർണങ്ങൾ.. ആ വിഢ്ഡിമാൻ ഇതിലെ പങ്കാളിയെന്നിപ്പഴാ കണ്ടത്.. എല്ലാർക്കും ആശംസകൾ.. സ്നേഹയ്ക്കും ..

  ReplyDelete
 2. ഈയദ്ധ്യായം കുറേക്കൂടി മുകളിലാണ് എന്നെന്റെ അഭിപ്രായം .. :)
  പക്വതയുള്ള വരികൾ.
  കൂടുതലില്ല -- കുറവുമില്ല .
  അടുത്തത് വരട്ടെ വേഗം :D

  ReplyDelete
  Replies
  1. നന്ദി ! നിങ്ങളുടെ കുറിമാനങ്ങളാണ് മാറ്റ്രിക്സിന്റെ ശക്തി !

   Delete
 3. എന്തോ എഴുത്തിനേക്കാള്‍ എന്നെ,ചിത്രങ്ങള്‍ കൂടുതല്‍ സ്പര്‍ശിച്ചു.

  ReplyDelete
  Replies
  1. കഥയെഴുത്തുകാരുടെ മനസ്സിലെ ചിത്രങ്ങളെ മിഴിവോടെ പകര്‍ത്താന്‍ മാട്രിക്സിന് നല്ലവരക്കാരുടെ ഒരു കുഞ്ഞുകൂട്ടമുണ്ട് .. ! നിറകൂട്ടുകാരെ പരിചയപ്പെടുത്തുന്ന മാട്രിക്സിലെ പേജ് നോക്കാന്‍ മറക്കരുതേ .. ( ഇപ്പോള്‍ അത് അപൂര്‍ണ്ണമാണ് ) .. വരക്കാനറിയാവുന്ന പുത്തന്‍ കൂട്ടുകാര്‍ക്കും സ്വാഗതം !

   Delete
 4. ശരിയാണ് , അനീഷ്‌ , എന്നെയും.

  ReplyDelete
  Replies
  1. നന്ദി !! അദ്യായങ്ങള്‍ ഒന്നു മുതല്‍ വായിക്കുമല്ലോ !

   Delete
 5. എഴുത്തും ചിത്രങ്ങളും എന്നെ ചില ഓർമകളിലേക്ക് കൊണ്ട് പോയി, രണ്ടിന്നും ചിലതിലേക്കെല്ലാം ആനയിക്കാൻ കഴിഞ്ഞു
  നല്ല ഒരു പോസ്റ്റ്
  ആശംസകൾ

  ReplyDelete
 6. പഴയ വഴിത്താരകളിലെ ചില ഓര്‍മ്മ പളുങ്കുകളെ പെറുക്കി .. നൈനയോടൊപ്പം പതിയെ നടക്കാം ..

  ReplyDelete
 7. വളരെ മനോഹരമായ രചന, കന്ഗ്രട്സ്

  ReplyDelete
 8. الجمال و الحقيقة في الأثر الفنّي مع المبدع استاذ ابراهيم السعدي خبير خطوط ومستشار في التحكيم وفنان ومدون وناشط

  ReplyDelete