Saturday, 26 January 2013

2. ഇലകൾ, വേരുകൾ


ആ അസമയത്ത്, അതും അത്ര പെട്ടന്ന് വിജു വിളിച്ചതെന്തിനാവും എന്നാണ് അങ്ങോട്ടുള്ള യാത്രക്കിടെ അയാൾ ആലോചിച്ചു കൊണ്ടിരുന്നത്. ഊണു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു..അപ്പോഴാണ് ഫോൺ വന്നത്. അതൊരു ക്ഷണമായിരുന്നില്ല..ഒരു തരം നിസ്സഹായതയായിരുന്നു അയാളുടെ ശബ്ദത്തിൽ. “ ഹലോ ശ്യാം.. ഇറ്റ്സ് മി , വിജു. If you don’t mind,   ഒന്നിവിടെ വരെ വരാമോ ?” അത്ര മാത്രമെ പറഞ്ഞുള്ളു. 

നൈന പറഞ്ഞു വച്ചിരുന്ന ഫ്ലാറ്റിനു മുമ്പിൽ ടാക്സി  ഇറങ്ങിയ ശേഷം അയാൾ വിജുവിനെ വിളിച്ചു.
അല്പസമയത്തിനകം വിജു താഴേക്കിറങ്ങി വന്നു. ഒരു ചെറിയ ആശയക്കുഴപ്പം അയാളുടെ മുഖത്ത് തങ്ങി നില്പുണ്ടെന്ന് ശ്യാംലാലിനു തോന്നി. “  വെൽകം ശ്യാം..” വിജു കൈ നീട്ടി. ലാപ്പിൽ അവൾ കാണിച്ചു തന്ന ചിത്രങ്ങളെക്കാൾ മെലിഞ്ഞു നീണ്ടിട്ടാണ് അയാളെന്ന്  ശ്യാം ഓർത്തു.

‘ വലിയ ലക്ഷ്വറി ഫ്ലാറ്റ് തന്നെ’ ഡിസൈനർ ലിഫ്റ്റിൽ കയറുമ്പോൾ ശ്യാം തന്റെ ധാരണ ഒന്നു കൂടി ഉറപ്പിച്ചു.

“ നൈന ആകെ അപ്സെറ്റ്  ആണ്.  Some unexpected incidents.. പക്ഷെ അതെന്താണ് എന്നവൾ എന്നോടു പറയുന്നില്ല. ചില സമയത്ത് അവളെ ഹാന്റ്‌ൽ  ചെയ്യാൻ എനിക്കൊറ്റയ്ക്ക് കഴിയാറില്ല.. നിഖിലും വൈഫുമാണെങ്കിൽ പുറത്തുംമോൾക്കാണെങ്കിൽ പനി.. ആകപ്പാടെ ഞാനും മൂഡൗട്ട്  ആയി..നിങ്ങൾ തമ്മിൽ പ്രശ്നമൊന്നുമുണ്ടാവാനിടയില്ലെന്ന് എനിക്കറിയാം.. ബട്ട്..”   വിജു അർദ്ധോക്തിയിൽ കാര്യം പറഞ്ഞു നിർത്തിയപ്പോൾ, എന്താണു സംഭവം എന്ന് ഏകദേശം   ശ്യാമിനു പിടി കിട്ടിയിരുന്നു. പ്രധാനമായും, താനും നൈനയുമായി എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടോ എന്ന് അയാൾക്കറിയണം.. അത് സ്വന്തം ഭാര്യയോട് ചോദിക്കുന്നതിനു പകരം. അതും, എതാനും മണിക്കൂറുകൾ മുമ്പ് ഫോണിലൂടെ വെറുതെയൊരു ഔപചാരിക പരിചയം നേടിയ ഒരാളെ  ഒരു സൗന്ദര്യ പിണക്കം തീർക്കാൻ ബുദ്ധിമുട്ടിക്കുക എന്നൊക്കെ വെച്ചാൽ..’ ശ്യാമിനു ചെറുതായി ഈർഷ്യ തോന്നാതിരുന്നില്ല.

“ ഇല്ല..ഞങ്ങൾ വളരെ ഹാപ്പിയായാണ് പിരിഞ്ഞത്..” അയാൾ ഗൗരവത്തിൽ പറഞ്ഞു.
അവൾ ബാൽക്കണിയിൽ, പുറത്തേയ്ക്ക് നോക്കി നിന്ന് പുകച്ചു തള്ളുന്നുണ്ടായിരുന്നു. ടീ പോയിയിൽ മദ്യക്കുപ്പി. തിരിഞ്ഞു നിൽക്കുന്ന അവളുടെ ഇടതുകൈയ്യിൽ ഗ്ലാസ് ഉണ്ടെന്ന് വ്യക്തമായിരുന്നു.. ശ്യാമിന്റെ ഈർഷ്യ ഒന്നു കൂടി വർദ്ധിച്ചു. സാധാരണ കാണാറുള്ള തുറന്ന ബാൽക്കണികളിൽ നിന്ന് വ്യത്യസ്തമായി അവിടെയാകെ അലുമിനിയം ഗ്രിൽ പിടിപ്പിച്ചിരിക്കുന്നത് അവളെ പേടിച്ചായിരിക്കുമെന്ന് ഒരു നിമിഷത്തിൽ അയാൾക്കു തോന്നി.

“ ഹലൊ നൈന..” അവളെ എങ്ങനെ സമീപിക്കണം എന്ന ധാരണ അപ്പോഴും അയാൾക്കുണ്ടായിരുന്നില്ല.. “ ക്ഷണിക്കാത്തതെന്ത് എന്നു ഞാനപ്പോൾ ചോദിച്ചെങ്കിലും,  നീ ഇത്ര പെട്ടന്ന് അതു ചെയ്യുമെന്ന്  കരുതിയില്ല..” മുഖത്തൊരു കൃത്രിമ ചിരി വരുത്തി കൊണ്ട് അയാൾ തുടർന്നു.
അവൾ ചിരിച്ചില്ല “ ആരു ക്ഷണിച്ചെന്ന് ? .. ഞാനൊരിക്കലും അത് ചെയ്യില്ല.. ഇപ്പോളിവിടെ നിന്നെ സ്വീകരിക്കാനുള്ള ഒരു മൂഡിലല്ല ഞാൻ..” പകുതി വലിച്ചു തീർന്ന ഒരു സിഗരറ്റ് കുത്തിക്കെടുത്തിയ ശേഷം അവൾ കോപത്തോടെ പറഞ്ഞു.

“ നിന്റെ മൂഡ് ശരിയാക്കാനാണ് നിന്റെ കെട്ടിയോൻ എന്നെ ഇങ്ങോട്ട് വിളിച്ചത്..” അവൾക്ക് അതേ നാണയത്തിൽ മറുപടി കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, മുഖത്തെ ചിരി മായ്ക്കാതെ അയാൾ പറഞ്ഞു.

“ അതെന്താ.. നീ വല്ല സൈക്കോ തെറാപിസ്റ്റോ മറ്റോ ആണോ ?” അവൾ പുച്ഛത്തോടെ ചോദിച്ചു.

“ സൈക്കോ തെറാപിസ്റ്റൊന്നുമല്ല.. പക്ഷെ അവർക്കുള്ള ഒരു ഗുണം, ഇൻബോൺ തന്നെ  എനിക്കുണ്ട്..”അയാൾ ഷർട്ടിന്റെ കോളർ ഒന്നുയർത്തി കാണിച്ചു..  “ patience to listen.. അതെനിക്കുണ്ട്..”

“ ഹോ!” അവൾ പുച്ഛത്തോടെ ചിരിച്ചു.. “ അതു ഞാൻ കണ്ടിട്ടുള്ളതാണ്.. സൈനബുമായി   ലഞ്ച് ബ്രേക്ക്ന്   ഓരോന്നു പറഞ്ഞു തർക്കിക്കുമ്പോ ദുബയ് മുഴുവൻ കേൾക്കാറുണ്ടല്ലോ നിന്റെ      പേഷ്യൻസ്.. ! ”

“ ഹ ഹ ഹ..” അയാൾ സ്വയമറിയാതെ പൊട്ടിച്ചിരിച്ചു പോയി.

അവളും ഒന്നു ചിരിച്ചു.

വിജുവും അവരുടെ ചിരിയിൽ പങ്കു ചേർന്നു.. “ നൈന.. ഞാനാണ് ശ്യാമിനെ വിളിച്ചത്..നീയിങ്ങനെ കാര്യമൊന്നും പറയാതെ മൂഡിയായി ഇരിക്കുന്നത് കണ്ടപ്പോൾ.. എന്താ പ്രശ്നം ?  സീത അവിടെ കിടന്ന് മൂക്ക് ചീറ്റുന്നുണ്ടല്ലോ.അവളും ചോദിച്ചിട്ട് ഒന്നും പറയുന്നില്ല..”

അവൾ ഈസി ചെയറിൽ നിന്ന് എഴന്നേറ്റു.. “ എന്തിനാണ് വിജു ശ്യാമിനെ ബുദ്ധിമുട്ടിച്ചത് ? You know me well.. Then for what..?  നമ്മുടെ ഇന്റേണൽ മാറ്റേഴ്സിനൊക്കെ എന്തിനാ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്..?” ഇപ്പോൾ അവളുടെ സ്വരമൊന്ന് താണിട്ടുണ്ട്.

“ പക്ഷെ നീ ഒന്നും പറയുന്നില്ലല്ലൊ നൈ.. സീതയാണെങ്കിൽ എന്തു ചോദിച്ചാലും ആ അഗ്ലി  മോങ്ങൽ തന്നെ.... മോൾക്കാണെങ്കിൽ പനി..ചിലപ്പോഴെങ്കിലും ഞാനൊരു മനുഷ്യനാണെന്ന് നീ  മറന്നു പോകുന്നു...” വിജു വിഷമത്തോടെ പറഞ്ഞു..


“ ഓ..അതിനു മാത്രം ഒന്നുമുണ്ടായില്ല വിജൂ..ഞാൻ അവളെ ഒന്നു പൊട്ടിച്ചു..”

“ ആരെ.. സീതയെയൊ ?”

“ഉം..” അവൾ മൂളി.

“ ച്ഛെ.. അതായിരുന്നോ ഇത്ര വലിയ പ്രശ്നം..? വെറുതെയീ ശ്യാമിനെ കൂടി ബുദ്ധിമുട്ടിച്ചു.” അയാളുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു.. “.ആ..ഒരു കണക്കിനു നന്നായി ഏസ് എ ഫ്രെന്റ്,  നിന്റെ ഈ മുഖം കൂടി കണ്ടത് ശ്യാമിനു ഗുണം ചെയ്യും..ചില നേരത്ത് നീ കുട്ടികളെക്കാൾ കഷ്ടമാണ് നൈ..”

 കേട്ടിടത്തോളം, അവളുടെ  ചെയ്തി ഇഷ്ടപ്പെട്ടില്ലെങ്കിലും ശ്യാമിനു ചിരിയാണു വന്നത്.. ഈ പെണ്ണിന്റെ ഒരു കാര്യം..പക്ഷെ അവളുടെ ആ മുഖം പണ്ടേ കണ്ടതാണല്ലൊ..ആ ഈജിപ്ഷ്യൻ ബോസിനോട് ഉടക്കിയപ്പോൾ..

“ ആട്ടെ.. എന്തിനാണവളെ അടിച്ചത് ? How did you get provoked ? നീ വന്നിട്ട് പോയാൽ മതി എന്ന് ഡോക്ടറുടെ കാണാനിറങ്ങുമ്പോൾ ഞാനവളോട് പറഞ്ഞിരുന്നു..” വിജു വിചാരണ തുടങ്ങി കഴിഞ്ഞിരുന്നു.

“ അതായിരുന്നെങ്കിൽ ഞാൻ പിന്നെയും ക്ഷമിച്ചേനെ.. പക്ഷെ ഇത്.. വന്നു കയറിയപ്പോൾ തന്നെ അവളുടെ മുഖത്തൊരു കള്ളലക്ഷണം എനിക്കു തോന്നിയിരുന്നു.  ആ നേരത്തു വെറുതെ തോന്നിയ ഒരു സംശയത്തിന്റെ പുറത്താ ബെഡ്റൂമിൽ പോയി  സെക്യൂരിറ്റി കാം ചെക്ക് ചെയ്തത്..നോക്കിയപ്പോ അവളൊരാളെ ആ മുറിയിൽ കയറ്റിയിരുത്തിയിട്ടുണ്ട്..എന്തോ ആ നേരത്ത് പേടിയല്ല എനിക്കു തോന്നിയത്.. മേലാകെ അങ്ങു പെരുത്തു കയറി.. പോലീസിനെ വിളിക്കും എന്നു പറഞ്ഞ് നാലൊച്ചയെടുത്തപ്പോ അയാളു പുറത്തേയ്ക്കോടി.. കറുത്ത് മെലിഞ്ഞ ഒരുത്തൻ.. എന്നിട്ടവളു പറയുകാ അതവളുടെ ഭർത്താവാണെന്ന് ! കള്ള നുണച്ചി.. അതു കൂടി കേട്ടപ്പോ ഞാനൊന്ന് പൊട്ടിച്ചു.. !”

“ ഹോ..അപ്പോ അതായിരുന്നു വിഷയം..!” വിജു ആശ്വാസത്തോടെ പറഞ്ഞു. പിന്നെയയാൾ ശ്യാമിനു നേരെ തിരിഞ്ഞു.. “  സോറി  ശ്യാം.. ഇവളുടെ ഇരിപ്പും ഭാവവും കണ്ടപ്പോൾ ഞാൻ കരുതി എന്തോ ഗൗരവമുള്ള പ്രശ്നമായിരിക്കുമെന്ന്..അതാ ഞാൻ ശ്യാമിനെ കൂടെ വിളിച്ചത്..  I am extremely sorry..”

“ ഏയ്.. അതു സാരമില്ല വിജു..ഇവളുടെ സ്വഭാവം ഏകദേശമൊക്കെ എനിക്കും അറിയാം..” ശ്യാം ചിരിച്ചു.. “ ബട്ട്  നൈന, നിങ്ങളുടെ മെയ്ഡ്  പറഞ്ഞത് നുണയാവണമെന്നില്ല.. വെള്ളിയാഴ്ച്ചകളിൽ മാത്രം ജസ്റ്റ്  ഒന്ന് മീറ്റ്  ചെയ്യുന്ന  എത്രയോ കപ്പ്‌ൾസ്  ഇവിടെ ഉണ്ടെന്നറിയാമോ ?  ഹൗസ് മെയ്ഡ് വിസയിലും ലേബർ കോണ്ട്രാക്റ്റിലുമൊക്കെ വന്ന് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവർ.. ഒഫിഷ്യലി,  ഇവിടത്തെ രേഖകളിൽ അവർ അവിവാഹിതരായിരിക്കും.. ഈ ശ്രീലങ്കൻ ഹൗസ് മെയ്ഡ്സ്  ഒക്കെ..എന്തിന്, നമ്മുടെ മലയാളികൾ  പോലുമുണ്ട്..”
 
“ ഇവളും ശ്രീലങ്കനാണ്..” അവൾ ചെറിയ സങ്കോചത്തോടെ പറഞ്ഞു.. “ ബട്ട്,  അതൊക്കെ അവരുടെ  പേഴ്സണൽ ലൈഫ്.. ഞാനെന്തിനതറിയണം ? അവളുടെ മേയ്റ്റിനെ വിളിച്ചു കയറ്റി കിടത്താനാണോ ഞങ്ങളിവിടെ ഫ്ലാറ്റ് വാങ്ങിച്ചിരിക്കുന്നത് ?”

“ yes..that is right..” വിജു അവളോട് യോജിച്ചു.

“ശരിയാണ്..അതൊക്കെ നിങ്ങളുടെ ഇഷ്ടം.. എന്തായാലും പ്രശ്നം അറിഞ്ഞല്ലോ..ഇനി ഞാനിറങ്ങട്ടെ ?” ശ്യാം എണീറ്റു.

“ അയ്യൊ..ഒരു കാപ്പി പോലും കുടിക്കാതെങ്ങിനെ ?  വൺ മിനിറ്റ്..” വിജു തിടുക്കത്തിൽ ഇന്റർകോം ഡയൽ ചെയ്തു. “ സീതമൂന്ന് കോഫി..” ഞാൻ ഡ്രോപ്   ചെയ്യാം ശ്യാം.. വേണ്ടെന്ന് പറയരുത്..” അയാൾ തുടർന്നു.

“ എനിക്കു കോഫി വേണ്ട.. ഈ ഡ്രിങ്ക്സ്ന്റെ മേലെ..” നൈന എടുത്തടിച്ചതുപോലെ പറഞ്ഞു.

“ വേണ്ടെങ്കിൽ വേണ്ട.. കളയാം..” വിജുവിന്റെ സ്വരത്തിലെ മൂർച്ച തിരിച്ചറിഞ്ഞതുകൊണ്ടാവാം അവൾ പിന്നെയൊന്നും പറഞ്ഞില്ല.

അഞ്ചുമിനിറ്റിനകം കാപ്പിയുമായി അവരുടെ വേലക്കാരി വന്നു. ‘കരഞ്ഞു കലങ്ങിയ കണ്ണുകൾ.. മുപ്പതിനും നാല്പതിനുമിടയ്ക്ക് പ്രായമുണ്ടാവണം..’ ശ്യാം അവളെയൊന്ന് അളക്കാനുള്ള ശ്രമത്തിലായിരുന്നു.

“ എനിക്കു വേണ്ട..” അവൾ കാപ്പി നീട്ടിയപ്പോൾ നൈന മുഖം തിരിച്ചു.

“അത് നീ തന്നെ കുടിച്ചോളൂ..” വിജു പറഞ്ഞു.

“ വേണ്ട സാർ..” സങ്കോചത്തോടെ അവൾ പറഞ്ഞു.

“ o k..as you like..” വിജുവിന് ഭാവഭേദമുണ്ടായില്ല..

അവൾ ആശയകുഴപ്പത്തിലകപ്പെട്ട് നിന്നു.

“ സീതയുടെ ഹസ്ബന്റ് എവിടെയാണ് വർക്ക് ചെയ്യുന്നത് ?” കാപ്പി മൊത്തുന്നതിനിടയിൽ വിജു ചോദിച്ചു.

അവളുടെ തൊണ്ട കനത്തു “ അങ്ങനെ പ്രത്യേകിച്ച് ജോലിയൊന്നുമില്ല സാർ.. വെളുപ്പിന് സ്ഥിരമായി കുറച്ച് കാറു കഴുകാൻ പോകും. അതു കഴിഞ്ഞ് ദേരയിൽ ചെന്നു നിന്നാ ലേബർ സപ്ലേക്കാര് വിളിച്ചോണ്ട് പോകും..വിസയൊന്നുമില്ല. എട്ടുകൊല്ലം മുമ്പ് ഒരു കൺസ്ട്രക്ഷൻ കമ്പനീന്ന് ചാടിപ്പോന്നതാ..അടുത്ത പൊതുമാപ്പിന് നാട്ടീ പോകണംന്ന് പറയ്ന്ന്ണ്ട്..” മറുപടി ഒരു പൊട്ടിക്കരച്ചിലായി മാറാതിരിക്കാൻ അവളേറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

ശ്യാം ലാലിന് ഉള്ളിലൊരു സഹതാപം ഊറി തുടങ്ങിയിരുന്നു. എന്ത് തീരുമാണാവോ വിജു എടുക്കാൻ പോകുന്നത് എന്നയാൾ ആശങ്കാകുലനായി.

“എത്ര വർഷമായി നിങ്ങൾ ദുബയിൽ എത്തിയിട്ട് ?” വിജു ചോദ്യം ചെയ്യൽ തുടരുകയാണ്.

“ ഒമ്പത് വർഷം സർ..”

“നിന്നോടാദ്യമേ പറഞ്ഞിരുന്നല്ലൊ സീതാ,..ഫ്ലാറ്റിൽ മറ്റാരെങ്കിലും വരുന്നത് എനിക്കത്ര ഇഷ്ടമുള്ള കാര്യമല്ല..”

“ എനിക്കറിയാം സാർ.. അദ്ദേഹം അവിടെ റോഡിൽ വെയ്റ്റ് ചെയ്യാറാണ് പതിവ്. ഇന്ന് നാട്ടിൽ നിന്ന് മോളൂടെ പുതിയ ഫോട്ടോ വന്നിട്ടുണ്ടായിരുന്നു. ഞാനത് വിളിച്ചു പറഞ്ഞപ്പോ കാണാൻ ഓടി വന്നതാ. മേഡം വന്നിട്ട് ഇറങ്ങിയാ മതിയെന്ന് സാർ പറഞ്ഞ കാരണം എനിക്കിറങ്ങാൻ പറ്റിയില്ല. ഈ നേരത്ത് പുറത്ത് നിൽക്കുന്നത് റിസ്ക്  അല്ലേന്നു വിചാരിച്ചാ ഇവിടേയ്ക്കു വിളിച്ചത്..ആ നേരത്തു തോന്നിയ ഒരു പൊട്ടബുദ്ധി.. പെട്ടന്ന് മേഡത്തെ  കണ്ടപ്പോ പറയാൻ ധൈര്യം വന്നില്ല.. എല്ലാം പറയാമെന്നു കരുതി ചെല്ലുമ്പോഴേക്കും മേഡം ഒക്കെയും അറിയുകയും ചെയ്തു....” അവൾ കരഞ്ഞു.

“ശരി..ഞാൻ വിശ്വസിക്കുന്നു.. പക്ഷെ ഞാൻ  നോ  എന്നു പറഞ്ഞാൽ നോ എന്നു തന്നെയാണ് അർത്ഥമെന്ന് സീതയ്ക്കറിയാമല്ലൊ..” വിജു മൂർച്ചയുള്ള ഒരു നോട്ടം അയച്ചു.

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു..

“ നിങ്ങൾ എവിടെയാണു താമസിക്കുന്നത് ?” അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം ശ്യാം ചോദിച്ചു.

വിജുവാണ് മറുപടി പറഞ്ഞത് : “ ഞങ്ങളുടെ അപ്പാർട്ട്മെന്റിൽ തന്നെ നൈ മെയ്ഡ് റൂം അറേഞ്ച്  ചെയ്തു കൊടുത്തിട്ടുണ്ട്.. പക്ഷെ അതു പോര എന്നാണിപ്പൊ സീത പറയുന്നത്..അല്ലേ സീത..”  അയാളുടെ മുഖത്ത് അർത്ഥമറിയാനാവാത്ത ഒരു ചിരി വിരിഞ്ഞു.

“ഇനിയൊരിക്കലും ഉണ്ടാവില്ല സർ..” അവൾ വീണ്ടും കരയാൻ തുടങ്ങി.

“നല്ലത്” വിജുവിന്റെ സ്വരം കടുത്തു.. “ ഡ്രസ്സ്  ഒക്കെ പേക്ക്  ചെയ്തോളൂ.. ഹസ്ബന്റ്  ഇവിടേയ്ക്കു വരുമോ അതോ ഞാനവിടെയെങ്കിലും  ഡ്രോപ്  ചെയ്യണോ ?” അയാളുടെ വാൾത്തല പോലെയുള്ള ചോദ്യം!

“ അയ്യൊ..എന്നെ പറഞ്ഞയക്കരുത് സർ..നാട്ടിലെന്റെ അമ്മയും കുഞ്ഞുമെല്ലാം പട്ടിണിയാകും ..” അവൾ കരഞ്ഞു.

“ Do what I say..”  വിജു ശബ്ദമുയർത്തി. 

അവൾ പ്രതീക്ഷയറ്റ്   നിശബ്ദമായി തിരിച്ചു പോയി.

“ stupid decision !”  അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം, ഒരു അണ്ടിപരിപ്പെടുത്ത് അലക്ഷ്യമായി  ചവക്കുന്നതിനിടയിൽ നൈന പറഞ്ഞു.

വിജു ഒന്നും മിണ്ടിയില്ല. പകരം അവൾ കാണാതെ ശ്യാമിനെ നോക്കി ഒന്നു കണ്ണിറുക്കി.
ശ്യാമിന് കാര്യങ്ങൾ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് ഏകദേശധാരണ കിട്ടി കഴിഞ്ഞിരുന്നു..അയാൾ ചെറുതായൊന്ന് പുഞ്ചിരിച്ചു.

“ എന്റെ പേരിലാണവളുടെ പെർമിറ്റ്.. ഞാനാണവൾക്ക് സാലറി  കൊടുക്കുന്നത്.അങ്ങനെയിപ്പൊ വിജു അവളെ പറഞ്ഞു വിടണ്ട..” അവൾ സ്വരം കടുപ്പിച്ചു.

“ എങ്കിലത് നീ തന്നെ ചെന്ന് അവളോട് പറയ്..” വിജുവിന്റെ മറുപടി പെട്ടന്നായിരുന്നു..

“ യൂ ചീറ്റ്..” ആശ്വാസത്തോടെ കുഷ്യനെടുത്ത് അവനു നേരെ വീശുന്നതിനിടയിൽ അവൾ ചിരിച്ചു.

“ആ..എന്തായാലും പണിമുടങ്ങിയതിന് അവരുടെ പ്രാക്ക് കിട്ടണ്ട. അവളെ ഞാൻ ഹോട്ടൽ കോണ്ടിനെന്റലിൽ  ഡ്രോപ് ചെയ്യാം..അവളുടെ കെട്ടിയോനോട് അങ്ങോട്ട് വരാൻ പറഞ്ഞേക്ക്..” അകത്തേക്കു നീങ്ങിയ നൈനയോട് വിജു വിളിച്ചു പറഞ്ഞു.

“അതു വേണോ ?” അവൾ തിരിഞ്ഞു നിന്നു.

“അതു വേണം..ഇനിയെല്ലാം നിന്റെ അക്കൗണ്ടിലാ..ഹ ഹ..” ഫോണെടുത്ത്  ഹോട്ടലിലേക്ക്  വിളിക്കാൻ തുടങ്ങുമ്പോൾ അയാൾ ചിരിച്ചു.

“ജീവിക്കാൻ  വേണ്ടി മനുഷ്യൻ എന്തൊക്കെ ചെയ്യുന്നു അല്ലേ ശ്യാം. ആറു കൊല്ലത്തോളമായി സീത ഞങ്ങൾക്കൊപ്പം കൂടിയിട്ട്..എന്നിട്ടും ഇങ്ങനെയൊരു സൈഡ് ഞാൻ ചിന്തിച്ചിരുന്നില്ല.അല്ലെങ്കിൽ തന്നെ ഇതൊക്കെ ശ്രദ്ധിക്കാൻ എവിടെ സമയം ? ”

“സത്യം..നമുക്കതൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ജസ്റ്റ്,  എ സി യുടെ തണുപ്പിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ഈ മരുഭൂമിയെ വെറുക്കാൻ തുടങ്ങുന്നു   But as always, Exotic trees of richness are having the roots of exploitation We have to look deep in to earth
 But People  sitting on its golden branches and praising the part above earth

നമ്മളൊക്കെ അതിന്റെ ശാഖകളിലിരുന്ന് മരത്തെ വാഴ്ത്തിപ്പാടുക മാത്രം ചെയ്യുന്നു

വേരുകൾ അഭംഗിയാണല്ലൊ .. അതിനെകുറിച്ച് എന്തിന് ചിന്തിക്കണം  ! ”

വിജു അതിശയത്തോടെ അയാളെ നോക്കി : “  Man, You speak well ! ”

“ ഓ..അതൊന്നുമില്ല..കുറച്ചു വായിക്കുന്ന സ്വഭാവമുണ്ട്. ക്വോട്ട് ചെയ്ത വച്ച ചിലതെടുത്ത് കാച്ചുന്നു..ഹ ഹ..” ശ്യാം ചിരിച്ചു.
 
“ അതു വെറുതേ..” വിജു അയാളുടെ ചിരിയിൽ പങ്കു ചേർന്നു. പിന്നെ,  ഒരബദ്ധം പിണഞ്ഞതു പോലെ വേഗമെണീറ്റ് ടീപ്പോയിലെ മദ്യകുപ്പി കൈയ്യിലെടുത്തു..

“..ച്ഛെ.. അതിനിടയിൽ ഞാനത് വിട്ടുപോയി.. ശ്യാം കഴിക്കുന്നൊ ?”

“ ഓ.. സോറി.. ആ ഒരു മൂഡിലല്ലല്ലൊ ഞാനിങ്ങോട്ടു വന്നത്.. ബട്ട്, ക്ഷണം വരവു വച്ചിരിക്കുന്നു. ഇനിയൊരിക്കലാവാം..”  ശ്യാം ചിരിച്ചു.

“ ഓ..ഇനിയുമത് ഓർമ്മിപ്പിക്കല്ലേ..എന്റെയൊരു മണ്ടത്തരം.. ബട്ട്, തീർച്ചയായും നമുക്കൊന്ന് കൂടണം വിത്ത് യുവർ ഫാമിലി..”


“സെർട്ടൻലി..  ഒഴിവുള്ളപ്പോൾ പറയൂ..”

“എങ്കിൽ ശ്യാമിരിക്കൂ..ഒരഞ്ചു മിനിറ്റ്..ഞാനൊന്നു ഫ്രഷ് ആയിട്ടു വരാം..” മദ്യക്കുപ്പി, ഒരു ഡോർ തുറന്ന് അകത്തെ ഒരലമാരിയിൽ തിരികെ  വെക്കുന്നതിനിടയിൽ വിജു പറഞ്ഞു. 

ഒരു മിനിബാറിന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ചെറിയ മുറിയാണതെന്ന് ശ്യാം കണ്ടു.
വിജു അകത്തേക്കു മറഞ്ഞ്  അപ്രത്യക്ഷനായ ശേഷം ശ്യാം മുറിയാകെ ഒന്നു കണ്ണോടിച്ചു. മുറിയ്ക്ക് അനുയോജ്യമാം വിധം വലിപ്പമുള്ള ഒരു ഓയിൽപെയ്ന്റിങ്ങ് ചുമരിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നു. വിലയേറിയതും മനോജ്ഞമായതുമായ ഇലക്ടിക്കൽ ഫിറ്റിങ്ങുകൾ. എതിർ വശത്ത് ജനലിൽ നിന്ന് കുറച്ചു മാറി അലങ്കരിച്ച് ഭംഗിയാക്കിയ ചെടിച്ചട്ടികളിൽ രണ്ട് ബോൺസായ് മരങ്ങൾ ധ്യാനിച്ചു നിൽക്കുന്നു.
 
അയാൾ എണീറ്റ് ജനാലയ്ക്കലേക്ക് നടന്നു. രാത്രി വെളിച്ചത്തിൽ മയങ്ങി കിടക്കുന്ന കടൽ കുറച്ചു ദൂരെയായി പ്രത്യക്ഷമായിരുന്നു. കണ്ണെത്താത്തിടത്തോളം ഇരുളും തീരത്തല്പം വർണ്ണവെളിച്ചങ്ങളും പ്രതിഫലിച്ച്, പ്രവാസജീവിതം പോലെ കോർണിഷ് ചലനമറ്റ് കിടന്നു. 
കാഴ്ച്ച വീണ്ടും മടങ്ങിയെത്തിയപ്പോൾ, ബോൺസായ് വൃക്ഷങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ടോ എന്നയാൾ ശ്രമിച്ചു നോക്കി. ഒന്നിന്ന് ഇലഞ്ഞിയുടെ ഇലയോട് സാമ്യമുണ്ടായിരുന്നു. മറ്റൊന്നാകട്ടെ, ഒട്ടും കണ്ടിട്ടില്ലാത്തതും.

പിന്നീടാണയാളുടെ ശ്രദ്ധ സ്വല്പം  ഉള്ളിലേക്കിറങ്ങി നീക്കിയിട്ടിരുന്ന മേശയിൽ പതിച്ചത്.കണ്ടയുടനെ തന്നെ, അതിലെന്തോ പ്രത്യേകതയുണ്ടല്ലോ എന്നയാൾക്ക് തോന്നുകയും ചെയ്തു. വീട്ടി പോലെ കറുത്ത കാലുകളിൽ കൊത്തുപണി കാണാനുണ്ടായിരുന്നെങ്കിലും, ഒരു പുരാവസ്തുമൂല്യം നൽകി സ്വീകരണമുറിയിൽ ഒരുക്കി വെക്കാൻ മാത്രം പ്രാധാന്യം ഒറ്റനോട്ടത്തിൽ അതിനുണ്ടായിരുന്നില്ല. ഒരു പഠനമേശയെക്കാൾ വലിപ്പമുണ്ടായിരുന്നെങ്കിലും, വലിപ്പുകളുടെ ലക്ഷണം എവിടെയും കാണാനുണ്ടായിരുന്നില്ല. മുകൾ വശത്ത് വിരിച്ചിരിക്കുന്ന ചില്ലുപാളിയ്ക്ക് നല്ല കനമുണ്ടായിരുന്നു. പുറത്തൊരു ടാബ്‌ലെറ്റ്. ഒരു  ദുരൂഹമായ അകർഷണത്തിൽ മയങ്ങി അയാൾ അതിനരികിലേക്ക് നടന്നു. 


അത്തരത്തിലൊന്ന് അയാൾ ആദ്യമായി കാണുകയായിരുന്നു. ചില്ലുപാളികൾക്കു താഴെ ധാരാളം ചതുരക്കള്ളറകൾ. അവയിലോരോന്നിലും കൗതുകം തോന്നിക്കുന്ന ചെറുവസ്തുക്കൾ - വളപ്പൊട്ടുകൾ, വിത്തുകൾ, വക്കുപൊട്ടിയ ഒരു  കാന്തം, വെള്ളാരങ്കല്ലുകൾ, ഒരു ചെറുബൾബ്, മുത്തുമാല, ലെൻസ്, പീപ്പി, ചെമ്പുമോതിരം, സീൽ ചെയ്ത ഒരു ചെറുകുപ്പിയിൽ ചുരുട്ടി വെച്ചിരിക്കുന്ന പേപ്പർതുണ്ട് അങ്ങിനെ പലതും.. ആ കള്ളറകൾക്ക് അധികം താഴ്ച്ചയുണ്ടായിരുന്നില്ല. പക്ഷെ പിന്നെയൊരിടത്തും വലിപ്പുകൾ കാണാനുമില്ല. അയാളുടെ സംശയം അവസാനിച്ചിരുന്നില്ല.


വിജു അകത്തു നിന്ന് വരുന്നുണ്ടായിരുന്നു. പുറത്തേയ്ക്ക് പോകാനുള്ള വേഷവിധാനങ്ങളോടെ.

“ബോറടിച്ചോ ?” അയാൾ ചോദിച്ചു.


“ഇല്ല..ഇതെന്താ ഇവിടെ  ഇങ്ങനൊരു മേശ ?” ശ്യാം സംശയം മറച്ചു വെച്ചില്ല   “ ആന്റിക് ?”

“അല്ല..” വിജു ചിരിച്ചു. “ ഇതാണ് ഞങ്ങളുടെ മെട്രിക്സ് ടേബിൾ..ഞങ്ങളുടെ ലൈഫ് ഓർഗനൈസർ”

“ശ്യാം തൃശ്ശൂരിൽ പ്രോപ്പർ എവിടെയാണ് ? അവിടെ കുന്നം കുളത്ത് എന്റെയൊരു അങ്കിളിന്റെ വീടുണ്ട്..” പിന്നെ വിഷയം മാറ്റാനെന്നോണം തിടുക്കത്തിൽ  അയാൾ ചോദിച്ചു.

“പ്രോപ്പർ.. ആമ്പല്ലൂരിനടുത്ത് രാപ്പാൾ ..ഒരു ചെറിയ വില്ലേജ്.. ഇപ്പോളവിടെ നിറയെ പാതാളത്തിലേക്കുള്ള കുഴികളാണ്.. ഇഷ്ടികകളങ്ങൾക്കു  വേണ്ടി കളിമണ്ണെടുത്തെടുത്ത്..”

വിജു ചിരിച്ചു.. “ ആമ്പല്ലൂർ കേട്ടിട്ടുണ്ട്..” പിന്നെയയാൾ അക്ഷമയോടെ വാച്ചിലേക്ക് നോക്കി. “ ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.. ഒരിടത്തു പോകണമെന്നു പറഞ്ഞാൽ പിന്നെ ഒരു മണിക്കൂർ നേരത്തേക്ക് നോക്കണ്ട..” 
പിന്നെയയാൾ അകത്തേക്കു നോക്കി അല്പം ഒച്ച വെച്ചു.. “ ഹറി അപ്പ് നൈന.. ഇവിടെ ശ്യാം കാത്തിരുന്നു മുഷിയുന്നു” അയാൾ ശ്യാമിനെ നോക്കി കണ്ണിറുക്കി.

അകത്തു നിന്നെന്തോ മറുപടി കേട്ടപോലെ തോന്നി.

“പ്രത്യേകിച്ചു കാര്യമൊന്നുമില്ല.. ഇനിയിപ്പോ ആകാശം ഇടിഞ്ഞു വീഴുകയാണെന്ന് കേട്ടാലും അവരതൊക്കെ  കഴിഞ്ഞിട്ടേ വരൂ..”
വിജു ടി വി ഓൺ ചെയ്തു.

അതിൽ ശ്രദ്ധിക്കാൻ തുടങ്ങുന്നതിനിടയിലാണ് “ എങ്ങനെയുണ്ട് വിജു ?” എന്ന നൈനയുടെ ചോദ്യം കേട്ട് അവർ തിരിഞ്ഞു നോക്കിയത്.

സീതയെ ഉന്തിതള്ളി മുന്നിൽ കൊണ്ടു വന്നു നിർത്തിയിരിക്കുകയാണ് നൈന.

ശ്യാമിനാദ്യമായൊരമ്പരപ്പാണുണ്ടായത്. കുറച്ചു നേരം മുമ്പ് നരച്ച തുണി ചുറ്റി കറുത്തിരുണ്ട് കണ്ട സ്ത്രീ തന്നെയോ ഇത് ? എന്തൊരു അംഗലാവണ്യം..! അവളുടെ മുഖത്ത് ഒരു നവോഢയുടെ ലജ്ജ !

“ ഞാനന്ന് കുമരനിൽ നിന്നെടുത്ത സാരിയില്ലെ വിജു ? അതാണിത്..സീതയുടെ ബ്ലൗസിന്  നന്നായി ചേരുന്നു..”

“അത് ശരിയാ.. നന്നായി ചേരുന്നു..” അയാളുടെ ശബ്ദത്തിലും അത്ഭുതമുണ്ടായിരുന്നു “ സീതയുടെ ഹസ്ബന്റെങ്ങാൻ ഇനി ആളുമാറിപ്പോയി എന്നു പറയുമോ എന്നാ എന്റെ പേടി..” അയാൾ ചിരിച്ചു.

ശ്യാമിന്റെ കണ്ണൂകൾ അപ്പോഴും അവളിലൂടെ സഞ്ചരിക്കുകയായിരുന്നു. അതിഴഞ്ഞു ചെന്നവസാനം അവളുടെ അനാവൃതമായ വയറിൽ തൊട്ടു. അത് കൃത്യമായി തിരിച്ചറിഞ്ഞതുപോലെ അവൾ സാരിത്തുമ്പെടുത്ത് വലിച്ചു ചുറ്റി. അയാൾ സ്വയമറിയാതെ ഒന്നു ചമ്മി.


“ഇവളുടെ ഈ കറുത്ത ചരട് മാത്രമാണ് ആകെയൊരു ചേരായ്മ..”, നൈന അതൃപ്തിയോടെ പറഞ്ഞു  “ എത്ര പറഞ്ഞിട്ടും മാറ്റാൻ സമ്മതിക്കുന്നില്ല.. താലിയാണത്രെ..”

ശ്യാമും അത് ശ്രദ്ധിക്കുകയും അങ്ങനെയൊരൂഹത്തിലെത്തുകയും ചെയ്തിരുന്നു. ‘അല്ലെങ്കിലും അത്തരം സെന്റിമെൻസൊന്നും നൈനയ്ക്കേശാറില്ലല്ലൊ’ എന്നയാൾ ഓർത്തു.

നൈന പതിവുപോലെ അവളുടെ ഇഷ്ടവേഷത്തിലായിരുന്നു - ജീൻസ് & ഷർട്ട്. കറുത്ത് മെല്ലിച്ച ഒരു പെൺകുട്ടി അവളുടെ തോളിൽ കിടന്ന് മയങ്ങുന്നുണ്ടായിരുന്നു.

“ മോളുടെ പനി എങ്ങനെയുണ്ട് ?” ശ്യാം ചോദിച്ചു.

 
വിജുവാണു മറുപടി പറഞ്ഞത്.. “ ഓ..പനിയെന്നു പറയാനൊന്നുമില്ല. ഒരു ചെറിയ ടെമ്പറേച്ചർ റൈസ്.. സാരമില്ലെന്ന് ഡോക്ടർ പറഞ്ഞു.”

കാറിൽ , ശ്യാം വിജുവിനൊപ്പം മുന്നിലാണിരുന്നത്.

“നീ അവളോടൊപ്പം നാത്തുനായി അവിടെയിരി..” വിജു പറഞ്ഞു.

“അല്ലാ..നമ്മുടെ മണവാളൻ എവിടെയാ ? കോണ്ടിനെന്റലിലൊക്കെ പോകുമ്പോ വെറുതെ ഒരു പാന്റും ഷർട്ടുമിട്ട് പോയാ പോരല്ലൊ ?” വണ്ടി കുറച്ചു നേരം ഓടിയ ശേഷം അയാൾ ചോദിച്ചു.

“ ഉം..ഞാനയാളോട്         ലുലുവിന്റെ മുന്നിൽ വരാൻ പറഞ്ഞിട്ടുണ്ട്..നമുക്കാദ്യം അവിടെ നിന്ന്  ഡ്രെസ്സ് എടുക്കാം..” നൈന പറഞ്ഞു.

“അതു കൊള്ളാം..നീയെന്റെ ഭാര്യ തന്നെ.. നിക്കുവിനോട് ഞാൻ കോണ്ടിനെന്റലിലെത്താൻ പറഞ്ഞിട്ടുണ്ട്. അവരവിടെയെത്തി സെറ്റപ്പൊക്കെ ശരിയാക്കട്ടെ..” വിജു തല തിരിച്ചു.

“അല്ല നമ്മുടെ മണവാട്ടിയെന്താ ഒന്നും മിണ്ടാത്തത് ?” അയാൾ വീണ്ടും തല തിരിച്ചു.

“ നീങ്കളെല്ലാം എനക്ക് കടവുൾ മാതിരി സർ..” അവൾ കരഞ്ഞു.

“ ശ്ശെ..കരയല്ലേ കരയല്ലേ.. കരഞ്ഞാൽ ഇതിന്റെയൊക്കെ കാശു ശമ്പളത്തിൽ നിന്നു കട്ടു ചെയ്യും, പറഞ്ഞേക്കാം..”

“ എന്റെ നാത്തുനേ..നീ വേണ്ടേ അവളെ പറഞ്ഞു മനസ്സിലാക്കാൻ..” അയാൾ ചിരിച്ചു. “ ആട്ടെ.. സീതയുടെ ഹസ്ബന്റിനു അറബി അറിയാമോ ? ഇംഗ്ലീഷ് ?”

“ അറബി നന്നാ തെരിയും സർ.. ഇംഗ്ലീഷ് കൊഞ്ചം..” അവൾ വീണ്ടും പഴയ ലജ്ജ ഇരച്ചു കയറി.
“ എനിക്കൊരൈഡിയ.. സീതയുടെ കെട്ടിയോനെ ഒരറബിയാക്കിയാലോ ? ഓ..അത് ശരിയാവില്ലല്ലേ..കാട്ടറബികൾ കോണ്ടിനെന്റലിൽ പോകാറില്ലല്ലൊ
ഹ ഹ ഹ ” അയാൾ പൊട്ടിച്ചിരിച്ചു. എല്ലാവരിലേക്കും ആ ചിരി പടർന്നു.

“ അല്ലാ.. എന്താ ശ്യാമൊന്നും മിണ്ടാത്തത് ? എനി സജഷൻ ? ”

ശ്യാമിന് അപ്പോഴും പൂർണ്ണമായൊന്നും പിടി കിട്ടിയിരുന്നില്ല. കാണുന്നതെല്ലാം ഒരു നാടകമാണ്, ഒരു പക്ഷെ അവളെ എവിടെയെങ്കിലും കൊണ്ടുപോയി തള്ളുകയാണ് അവരുടെ പരിപാടിയെന്നു വരെ  ഒരുവേള അയാൾ ചിന്തിച്ചു പോയിരുന്നു.

“ ഏ ? എന്ത്..ഒരു ബിസിനസ്സ് മാൻ ലുക്ക് ആണ് ചേരുക എന്ന് തോന്നുന്നു..”  അയാൾ ചിന്തകൾ കുടഞ്ഞെറിഞ്ഞു കൊണ്ടു പറഞ്ഞു. “ കഷ്ടമായി പോയി.. എനിക്കാ സ്പെഷൽ ഇവന്റിൽ പങ്കെടുക്കാനാവാനാകാതെ പോയല്ലൊ..”

“ അയ്യൊ..അതെന്താ ? സാം വരുന്നില്ലേ ?”  നൈന ചോദിച്ചു.

“ സോറി ഡിയർ. രാത്രി  ഉറക്കമിളച്ചാ പിറ്റേന്നെനിക്കു  ഉച്ച വരെ ഉറങ്ങണം....നാളെ ജോലിക്കു വരേണ്ടതല്ലേ. പോകാതെ പറ്റില്ല.”

  ഓ..ഒരു ഗമ..  ഇനിയിപ്പോ ഉറങ്ങണമെങ്കി തന്നെ നിനക്കൊരു ലീവെടുത്താലെന്താ ?” അവൾ ചൊടിച്ചു.

“അയ്യൊടാ..നന്നായി.. ലീവിങ്ങനെ വിരലിലെണ്ണി കൂട്ടി വച്ചാ മനുഷ്യൻ ഓരോകൊല്ലം കൂടുമ്പോ നാട്ടിലൊന്നു പോയ് വരുന്നത്.ലീവ് തീർന്നു, അതുകൊണ്ടുവരാൻ പറ്റിയില്ല എന്നൊന്നും പറഞ്ഞാ വീട്ടുകാരു വിശസിക്കില്ല.. പടിയടച്ച് പിണ്ഡം വെക്കും.. ”

“ ഓ പിന്നെ..” അവൾ സമ്മതിച്ചു കൊടുത്തില്ല.

“ സത്യം നൈന... ഇവിടത്തെ കഷ്ടപ്പാടുകളൊന്നും ഞാനവരോട് പറയാറില്ല.  അവർ കാണുമ്പോഴെന്താ ? ബുർജ് ദുബായ്.. ഒട്ടക  പന്തയം.. ദുബയ് ഫെസ്റ്റിവൽ.. ആഡംഭരക്കാറുകൾ. നാട്ടിലെത്തിയാൽ അടിച്ചുപൊളി....”

പിന്നെയവളൊന്നും മിണ്ടിയില്ല.

“അവിടെ.. റൈറ്റ്..” ശ്യാം വിജുവിന് തന്റെ ഫ്ലാറ്റിനു മുൻപിലെത്താനുള്ള വഴി പറഞ്ഞുകൊടുത്തു.

 “ ഇറങ്ങുന്നോ ? ഒന്നവിടെ കയറിയിട്ടു പോകാം..” ശ്യാം ക്ഷണിച്ചു..

“ ഇല്ല..പിന്നീടൊരിക്കലാകാം..”..വിജു കൈ നീട്ടി.. “ Any way, thanks for your presence..”

“ Please don’t be formal..”  ശ്യാം ചിരിച്ചു.

“ബൈ ശ്യാം..” അവൾ കാറിനുള്ളിലിരുന്ന് വിളിച്ചു പറഞ്ഞു.

ഇറങ്ങി നടക്കുമ്പോൾ, ഭാര്യയോടെങ്ങനെ പറഞ്ഞു തുടങ്ങും എന്ന ചിന്തയിലായിരുന്നു അയാൾ.. പെട്ടന്ന്, ആകാശത്തു നിന്നൊരു നിലവിളി നീണ്ടുവന്ന് താഴെ  അവസാനിച്ചതു പോലെ തോന്നി അയാൾ തിരിഞ്ഞു നോക്കി.

ഇല്ല..ഒന്നുമില്ല.. അയാൾ മുന്നോട്ടു നടന്നു.

“എന്താണവിടെ ?” എതിരെ വരുന്നയാൾ ചോദിക്കുന്നു..

വീണ്ടുമയാൾ തിരിഞ്ഞു നോക്കി.

അയാളുടെ ഫ്ലാറ്റിനു മുമ്പിൽ പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾക്ക് ഇടയിലൂടെ കാണാം, വലതു വശത്തെ ബിൽഡിങ്ങിന്റെ  ഇടതുവശത്ത് ഒരു ആൾക്കൂട്ടം രൂപമെടുക്കുന്നുണ്ട്. ചിലരെല്ലാം അങ്ങോട്ടോടുന്നു.

വല്ല അടിപിടിയോ ആക്സിഡണ്ടോ ആവാം.. ഇനി അതിൽ കൂടി ചെന്ന് തലയിട്ട് ഉറക്കം കളയാൻ വയ്യ..അയാളോർത്തു.

“ അറിയില്ല..ഞാനിപ്പൊ എത്തിയതെ ഉള്ളൂ..” മുന്നോട്ട് നടക്കുന്നതിനിടയിൽ അയാളോട് പറഞ്ഞൊഴിഞ്ഞ് ശ്യാം മുന്നോട്ടു നടന്നു.

                                                           *******