Saturday, 2 March 2013

3. ഓര്‍മ്മ ചിപ്പികള്‍ ..

ഫ്ലാറ്റിലെത്തി ഡോര്‍ബെല്‍ അടിച്ചതിനു ശേഷമാണ് ഇറങ്ങാൻ നേരം മോളു പറഞ്ഞ ചായപെന്‍സിലുകളും ചോക്ലേറ്റ് മുയല്‍കുട്ടിയേയും വാങ്ങാന്‍ മറന്നല്ലോ എന്നോര്‍ത്തത് . ചിത്ര പറയാറുള്ളത് ശരിതന്നെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഭാവനയോടൊപ്പം സൂഷ്മമായ ശ്രദ്ധയും സന്നദ്ധതയും വേണം .. !

പതിവു പോലെ തുറക്കും മുന്‍പേ ഡോറിനടുത്തേക്ക് ഓടിയടുക്കുന്ന കുഞ്ഞു കിലുക്കം കേൾക്കുന്നുണ്ട് !
പക്ഷെ വാതിൽ തുറക്കുന്നില്ലല്ലൊ ..  ചിത്ര എന്തു ചെയ്യുകയായിരിക്കുംഎന്ന അസ്വസ്ഥതയോടെ അയാൾ  വെറുതെയൊന്ന് ഹാന്റിൽ പിടിച്ച് തിരിച്ചു നോക്കി. തുറക്കുന്നു ! വാതിൽ കുറ്റിയിട്ടിട്ടില്ല !!

ഭാഗ്യം !  ചായപെന്‍സിലുകളും ചോക്ലേറ്റ് മുയല്‍കുട്ടിയേയും അവള്‍ ചോദിച്ചില്ല മോളെ മുഖത്തേക്ക് പൊക്കി ഉയര്‍ത്തി ഒന്നരദിവസം വളര്‍ച്ചയുള്ള താടിരോമങ്ങള്‍  കവിളില്‍ ഉരച്ചു ; വേദനിക്കുമെങ്കിലും  അങ്ങിനെ ചെയ്യുന്നത്  അവള്‍ക്കിക്ഷ്ടമാണ് .. കുറച്ചുമുന്‍പേ കുളിപ്പിച്ചിരിക്കുന്നു .. സെബാമെഡ്ഡിന്റെ വത്സല്ല്യം നിറക്കുന്ന ഗന്ധം ..

ചിത്ര തലയിണയില്‍ മുഖം പൂഴ്ത്തി കിടക്കുന്നു .   ‘സീതാ പരിണയം’ കഥമുഴുവനും പറയണം കഥയുടെ ക്ലൈമാറ്റ്സില്‍ അവള്‍ മനോഹരമായി പുഞ്ചിരിക്കും, അയാള്‍ക്കുറപ്പുണ്ട്.  ഉറങ്ങിപ്പോയതാവുമോ ?ഏയ്..അതാവില്ല..വല്ലപ്പോഴും വരാറുള്ള ആ വല്ലാത്ത തലവേദന ?
 കരയുന്നുണ്ടോ ??

കുഞ്ഞിനെ വാരിയെടുത്ത് വായുവില്‍ ഒന്ന് കറക്കി 'എന്തുപറ്റി ?' എന്ന് ഭാര്യയെ ചൂണ്ടി  ആംഗ്യത്തിൽ  അവളോട് ചോദിച്ചു. കുട്ടി 'അറിയില്ല' എന്നു തോളുയർത്തി കാണിച്ചു.

അയാൾ  ആകുലതയോടെ അവൾക്കരികിലിരുന്ന്  മൃദുവായി തൊട്ടു വിളിച്ചു.." ചിത്രേ.."

മുളകീറുമ്പോലെ ഒരു പൊട്ടിക്കരച്ചിൽ .."അത് മോളെ കൊഞ്ചിക്കാറുള്ള ആ പെണ്‍കുട്ടിയായിരുന്നു ശ്യാം .. താഴെവീണത്,  അല്ല അവള്‍ ചാടിയതാണ്  .അപ്പുറത്തെ ഫ്ലാറ്റിലെ യമനി പെണ്‍കുട്ടി" അവളുടെ വാക്കുകള്‍ കരച്ചിലില്‍ ചിതറി ..
ആദ്യത്തെ അമ്പരപ്പിന്റെ നിമിഷദൈർഘ്യത്തിനൊടുവിൽ, അയാളുടെ ചോദനയിലാ മിന്നൽസ്പന്ദം പിടഞ്ഞു - . തൊട്ട് മുന്‍പേ ആകാശത്തില്‍ നിന്നും പൊഴിഞ്ഞു വീണതുപോലെ തോന്നിയ നിലവിളി .?    പാഞ്ഞുചെന്ന്  ബാല്‍ക്കണിവാതില്‍ തുറന്ന് താഴേക്ക് നോക്കി ;  പോലീസ് കാറുകളുടെ ചുവപ്പിലും നീലയിലും ചിതറുന്ന വെളിച്ചത്തില്‍  അബായ ധരിച്ച ഒരു  പെണ്‍കുട്ടിയുടെ ശരീരം തുണിയില്‍ പൊതിയുന്നത് അയാള്‍ വ്യക്തമായി കണ്ടു... മകള്‍ പെട്ടന്ന് കുതറിയപ്പോളാണ് അവളെ നെഞ്ചില്‍ വല്ലാതെ ഇറുക്കി പിടിച്ചിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായത് .എന്തിനായിരിക്കും .... ?? എന്തിനായിരിക്കും ഒരു പൂ പോലെ അവള്‍ അടര്‍ന്ന് താഴേയ്ക്ക് പൊഴിഞ്ഞത് ??
















 ചെറിയ ഗ്രില്ലുകളൊക്കെ പിടിപ്പിച്ച് സുരക്ഷിതമാക്കിയിരുന്നതുകൊണ്ട് തന്നെ മകളുടെ തണുപ്പുകാല സാമ്രാജ്യമായിരുന്നു ബാല്‍ക്കണി ..

തങ്ങളുടെ ഫ്ലാറ്റിനോട് ചേര്‍ന്നുനില്‍ക്കുന്ന ബാല്‍ക്കണിയാണ് അവളുടെയും ..  ഒരുപാട് പൂച്ചെടികളൊക്കെ വളര്‍ത്തി പരിപാലിക്കുന്നത് ശ്യാമും ചിത്രയും കാണാറുണ്ട് ..

മെലിഞ്ഞ് അല്‍പ്പം ആഫ്രിക്കന്‍ ഛായയുള്ള ആ പതിനഞ്ച് വയസ്സുകാരി പെണ്‍കിടാവിനെ ഒരുദിവസം ചിത്ര തന്നെയാണ് അയാള്‍ക്ക് കാണിച്ചു കൊടുത്തത്.  അവള്‍ അപ്പോള്‍ അവിടെനിന്ന് അവരുടെ മകളെ  ആംഗ്യ ഭാഷയില്‍ കൊഞ്ചിക്കുകയായിരുന്നു .. ഇവിടെ നിന്നും അവള്‍ ശരിക്കും ‘സംഭാഷണം’ ആസ്വദിക്കുന്നുണ്ട് .. മോളന്ന് ശരിക്കും സംസാരിക്കാന്‍ പോലും പഠിച്ചിരുന്നില്ല, എന്ത് അനായാസമായാണ് അവര്‍ കൂട്ടുകാരായത് !

ശ്യാമോ ചിത്രയോ അവിടെയുള്ളപ്പോള്‍ അവള്‍ അവിടെ വന്നുനില്‍ക്കാറില്ലായിരുന്നു ...

“A lot of you cared, just not enough.”   എന്തിന് എന്നതിന് പതിമൂന്നുകാരണങ്ങള്‍ - Jay Asher .

ചിന്തകള്‍ കഥകളിലും കഥാപാത്രങ്ങളിലേക്കും എഴുത്തുകാരിലും  പാറിനടക്കുന്നു ...

ഈയിടയായി മനുഷ്യസ്വഭാവങ്ങള്‍ സ്പെസിമന്‍ സ്റ്റഡി പോലെ സ്വയം           ആസ്വദിക്കുന്നുണ്ടോ .. ??  ചിത്രയെപ്പോലെ കുഞ്ഞുമോളെ പുണര്‍ന്നെടുത്ത് കരയാന്‍ എന്തേ പറ്റുന്നില്ല ?? ഇല്ല കരയാതിരിക്കാനുള്ള ശ്രമം മാത്രമാണ് ഇതും .. ചിത്രയുടെ ചുമലില്‍ തട്ടി  അയാൾ ബാത്ത് റൂമിലേയ്ക്ക് നടന്നു . .

കിടപ്പുമുറിയിലെ വെട്ടം കെടുത്തിയപ്പോള്‍ ചുമരിലും മച്ചിലുമെമ്പാടും ഒട്ടിച്ചുവച്ച നക്ഷത്ര സ്റ്റിക്കറുകള്‍ ചലിക്കാത്ത മിന്നാമിന്നികളായി  .... മകള്‍ക്ക് വേണ്ടി ചിത്രയും ശ്യാമും മെനഞ്ഞെടുത്ത കുഞ്ഞാകാശമായിരുന്നു അത് . മകളെ ഉറക്കാന്‍ അയാളെന്തൊക്കെയോ നുണക്കഥകള്‍ പറഞ്ഞു..

സുഖകരമല്ലാത്ത ചിന്തകൾക്കൊടുവിൽ ശ്യാം ഉറക്കത്തിലേയ്ക്ക് വഴുതി .. ക്ഷീണിതമായ ഏങ്ങലുകളുടെ ചലനങ്ങളാണ്  അയാളെ ഉണര്‍ത്തിയത് . ചിത്ര അപ്പോളും കരയുകയായിരുന്നു .. ആരുടെയൊക്കെയോ ദുഖങ്ങള്‍ മനസ്സില്‍ ഏറ്റുവാങ്ങി കരഞ്ഞ് കരഞ്ഞ് ...  അത് അവളുടെ ശീലമായിരിക്കുന്നു ... സമയം എത്രയായിരിക്കും ?? പേലവമായ സ്വപ്നത്തെ എന്നപോലെ ശ്യാം അവളെ ഇറുകെ പുണര്‍ന്നു   ..

ഉറങ്ങാത്ത മായികനഗരത്തിനു മുകളില്‍ വന്‍ ഹോട്ടലുകളുടെ ഹെലിപാഡുകളില്‍ നിന്ന് ശിശിര സഞ്ചാരികളേയും കൊണ്ട് രാത്രിത്തുമ്പിയെപ്പോലെ നൈറ്റ് സഫാരി ഹെലികോപ്ടറുകള്‍ പറന്നുയര്‍ന്നു ..

താഴെ ഓരോ അറകളിലും പല പല വെളിച്ചങ്ങങ്ങള്‍ നിറച്ച ആയിരമായിരം തേനീച്ചക്കൂടുകള്‍. നഗരനാഡികളില്‍ ലക്ഷ്വറി കാറുകള്‍ ദീപ രേഖകള്‍ മായ്ച്ചു വരച്ചുപാഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
                                                         
                                                                   - - -

രാത്രി മുഴുവനും സുഖമായുറങ്ങിയ  മകള്‍ നേരത്തേ എഴുന്നേറ്റ് കലപില കൂട്ടിയില്ലായിരുന്നെങ്കില്‍ സ്വാസ്ഥ്യമില്ലാത്ത രാത്രിയുടെ ഉറക്കം അടുത്ത പകലിലേയ്ക്ക് നീണ്ടു പടര്‍ന്നേനെ ..

ചിത്ര ആലസ്യത്തോടെ എഴുന്നേറ്റു ..
ശ്യാം ബ്രഷ് വായില്‍ വച്ച് കമ്പ്യൂട്ടറും ടിവിയും സ്വിച്ച് ഓണ്‍ ചെയ്തു ..
മകള്‍  അടുക്കളയില്‍ അമ്മ ദോശപരത്തുന്നതു കാണാന്‍ പോയി ..

ടി വിയില്‍ പ്രണയാതുരമായ ഒരു പഴയ ചലചിത്ര ഗാനം ..
ഓര്‍മ്മകളുടെ ഒരു കുഞ്ഞു കാറ്റ്  അയാളെ തഴുകി കടന്ന് പോയി ..
ചായക്കപ്പുമായി വന്ന ചിത്ര പാട്ട് കേട്ട് ശ്യാമിനെ നോക്കി പുഞ്ചിരിച്ചു ..
പുഞ്ചിരിക്കൊപ്പം ചിത്രയുടെ മുടിയിഴകള്‍ പതിയെ പാറി ..
കാറ്റിന്ന് ഒരാളെ മാത്രം തഴുകാനാകില്ലല്ലോ ..

അപ്പോളാണ്  കോഫി മഗ്ഗില്‍ കുഴിച്ചിട്ട വിത്ത് മുളച്ചതുകാണണമെന്ന്  മകള്‍ ആവശ്യപെട്ടത് .ബാൽക്കണി ഇനി ഏറെ നാൾ അസ്വസ്ഥപ്പെടുത്തുന്ന ഒരു  കാഴ്ച്ചയാണല്ലൊ എന്നോർത്ത് ഇരുവരും അതു കേട്ടില്ലെന്ന് നടിച്ചു.

രണ്ട് നിമിഷത്തിന്റെ നിശബ്ദതയ്ക്കപ്പുറം ചിത്ര അവള്‍ വരച്ച് വച്ച പെയ്ന്റിങ്ങ് ക്യാന്‍വാസ് ഫ്രേയ്മില്‍ നിന്നും അടര്‍ത്തിയെടുത്ത് ശ്രദ്ധയോടെ  പോസ്റ്റര്‍ ട്യൂബിലേക്ക് ചുരുട്ടിവച്ചു ..

"നമ്മള്‍ ഇന്ന് ആര്‍ട്ട് വില്ലയിലേക്ക് പോകുന്നു " ചിത്ര പറഞ്ഞു !
ഒരു ചാടിതുള്ളലില്‍ മകള്‍ സന്തോഷം പ്രഖ്യാപിച്ചു.. ..

 അമ്മയെ അനുകരിച്ച് അവളും ചായപെന്‍സിലുകളും ചിത്ര പുസ്തകവും ബാഗില്‍ എടുത്തു വച്ചു ..
'ഒഹ് ഇനിയിപ്പോള്‍ ആ ബാല്‍ക്കണി വാതില്‍ തുറക്കേണ്ടല്ലോ' ശ്യാം ഉള്ളാലെ ആശ്വസിച്ചു, ..

ഇന്ന് അവധിദിനമല്ലല്ലോ, ശ്യാം അപ്പോൾ മാത്രമാണ് ഓർത്തത് .. 'ചിത്രേ ആർട്ട് വില്ലയിലേയ്ക്ക് ഞാനും കൂടുന്നു' എന്ന് പറഞ്ഞ് ശ്യാം അവധി പറഞ്ഞ് ഓഫീസിലേക്ക് മെയിൽ അയച്ചു ..
പിന്നെ അവര്‍ തിടുക്കത്തില്‍ ഒരുങ്ങി .. ഒരു പകലെങ്കിലും ഫ്ലാറ്റില്‍ നിന്നും മാറിനില്‍ക്കേണ്ടത്  ശ്യാമിനും ചിത്രയ്ക്കും അത്യാവശ്യമായിരുന്നു ..

മൂവരുമൊത്തു ചേർന്ന് പുറത്തേയ്ക്കിറങ്ങാനൊരുങ്ങുമ്പോൾ, ചിത്ര പൊടുന്നനെയൊന്ന് നിന്ന്, മകളുടെ കൈ പിടിച്ചു വലിച്ചു.." വാ.." പിന്നെ, ശ്യാമിനെ അത്ഭുതപ്പെടുത്തി കൊണ്ട് മഗ്ഗിൽ വെള്ളമെടുത്ത് ബാൽക്കണി വാതിൽ തുറന്നു
ആ രാത്രിയുടെ തണുപ്പില്‍ ആ വിത്ത് മുളര്‍ച്ചുയര്‍ന്നിരുന്നു ..


സൂര്യ കാശത്തെ തേടിപിടിക്കാനെന്നവണ്ണം ആ നാമ്പ്  ബാല്‍കണിക്ക് പുറത്തോട്ട് ആ‍ഞ്ഞുനിന്നു .. മകള്‍ അവളുടെ കുഞ്ഞു ചെടിക്ക് അത്ഭുതത്തോടെ വെള്ളമൊഴിച്ചു ..

ശലഭ പുഴുക്കളെപ്പോലെ നീലച്ചായം പൂശിയ മെട്രോ ട്രൈനുകള്‍ എന്നെങ്കിലും ഒരു ദിവസം
പ്യൂപ്പ പോലുള്ള അവയുടെ സ്റ്റേഷനുകളില്‍ നിന്നും വലിയ വര്‍ണ്ണചിറകുകള്‍ വീശി ശലഭങ്ങങ്ങളെപ്പോലെ പറന്നുയരും എന്ന് ആ കുഞ്ഞു പെണ്‍കുട്ടി ശരിക്കും വിശ്വസിച്ചിരുന്നു ..

ചിത്രയുടെ പ്രിയ സങ്കേതമായ ആര്‍ട്ട് വില്ലയിലേയ്ക്കുള്ള യാത്രയിലുടനേരം അവള്‍ എന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നു ...

ശ്യാം ആ മഹാ നഗരത്തില്‍ എത്തുന്നതിനും ഏറെ മുന്‍പേ തന്നെ ചിത്രയുടെ പ്രിയപ്പെട്ട ഇടമായിരുന്നു ആര്‍ട്ട് വില്ല .. ..


ഒരു പുഴപോലെ കടല്‍ ആ മരുഭൂമി നഗരത്തിന്റെ ഏറെ ഉള്ളിലേക്ക് ഊര്‍വരമായ ഒരു ജലരേഖ വരച്ചു ...ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച  അബ്രകള്‍ ഇരു തീരത്തേയ്ക്കും ജനങ്ങളേയും കൊണ്ട് നിതാന്ത യാത്രകള്‍ നടത്തി.

കടല്‍കാക്കകള്‍ സഞ്ചാരികള്‍ എറിഞ്ഞു കൊടുക്കുന്ന കടല തുണ്ടുകള്‍ക്ക് മത്സരംകൂട്ടി ...

ആ കടല്പുഴയുടെ തീരങ്ങളില്‍ മരംകൊണ്ടുണ്ടാക്കിയ വലിയ  ഉരുക്കള്‍ ചരക്കുകയറ്റാനും ഇറക്കാനും ഊഴം കാത്ത് കിടന്നു ..  ചണചാക്കുകളാല്‍ പൊതിഞ്ഞ വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടികളും , പഞ്ചസാരചാക്കുകളും , ടയറുകളും ...  ധാന്യ ചാക്കുകെട്ടുകളും .....

നിലത്ത് ചിതറിനിറഞ്ഞിരിക്കുന്ന ധാന്യമണികളുടെ അവകാശികളായി ആയിരമായിരം പ്രാവുകള്‍ ..
ശബ്ദമുഖരിതമായിരുന്നു ആ ഇടം ... അതിസമ്പന്നമായ ആ മഹാനഗരത്തിനകത്ത് ഇങ്ങനെ ഒരിടം  ശ്യാമിന് അവിശ്വസനീയമായി തോന്നാറുണ്ടായിരുന്നു ..

ശ്യാമിനും ചിത്രക്കും ഏറ്റവും പ്രിയപെട്ട സ്ഥലമായിരുന്നു അത് ..

എത്ര ചിത്രങ്ങളെടുത്താലും എന്നും പുതുമകള്‍ തരുന്ന പഴമ ആ പ്രദേശത്തിനുണ്ടായിരുന്നു ..!
ആര്‍ട്ട് വില്ലയിലേക്കുള്ള യാത്രകളിലെന്നും ശ്യാം ഒരുപാട് ചിത്രങ്ങളെടുത്തുകൊണ്ടേയിരുന്നു ..

ചിത്ര കടലുപ്പ് നിറഞ്ഞ കാറ്റുമേറ്റ് .. ചലിക്കുന്ന ചിത്രങ്ങളല്ലാം മനസ്സിലൊപ്പിയെടുത്തു ....

അവരുടെ മകള്‍ കയ്യില്‍ കരുതിയ ബിസ്കറ്റ് കഷ്ണങ്ങള്‍ പ്രാവുകള്‍ക്ക് എറിഞ്ഞു കൊടുത്തു...
നൂറുനൂറു പ്രാവുകള്‍ ചുറ്റും നിറയുമ്പോള്‍ സന്തോഷചിറകുകളില്‍ അവളും പറന്നുയരുമായിരുന്നു..

ഇരുകര സഞ്ചാരികളായ ജനക്കൂട്ടം തിരക്കുകൂട്ടുന്ന അബ്രയും , ഊഴവും കാത്ത് കിടക്കുന്ന ഉരുക്കള്‍ക്കും അപ്പുറത്ത് തീരത്തില്‍ നിന്നും അല്‍പ്പം ഉള്‍മാറിയാണ് ചിത്രയുടെ ആര്‍ട്ട് വില്ല ..

പുരാവസ്തു ഗവേഷകര്‍ മണ്ണു നീക്കി കണ്ടുപിടിച്ച പഴയ നഗരമതിലിനു ചുറ്റിലും പവിഴപുറ്റുകല്ലുകളും പനയോലയും മരവും ചേര്‍ത്ത പ്രാചീന നിര്‍മിതികളുടെ ഒരു ഓര്‍മ്മ മേഖല നഗരം ഒരുക്കിവച്ചു ....

നിശബ്ദതനിറഞ്ഞ അവിടുത്തെ നിര്‍മ്മിതികളിലൊന്നിലായിരുന്നു മബേല്‍  ആര്‍ട്ട് വില്ല നടത്തിവന്നത് ...

ചിത്ര അത് സ്വന്തം വീടുപോലെ കരുതി .. കട്ടികണ്ണടക്കടിയില്‍ പ്രസരിപ്പുനിറഞ്ഞ കണ്ണുകളൊളിപ്പിച്ച മബേലിനെ അവളുടെ അമ്മയെ പോലെയും ....

ഉയരമേറിയ പരുക്കന്‍ ചുമരുകള്‍ അവിടെയാകെ നീണ്ട ഇടനാഴികള്‍ തീര്‍ത്തു ..
പ്രഭാത വെയിൽ അവിടെ പഴമയുടെ മധുരം നിറച്ച് “പെയ്തിറങ്ങി”. പലപല ഇടനാഴികള്‍ ..
ഒറ്റമരതണലുകളുടെ നടുമുറ്റങ്ങളില്‍ പൂഴി മണല്‍ പാകിയിരിക്കുന്നു ..

ഒരിടത്ത് മരംകൊണ്ട് ചുറ്റുവേലി തീര്‍ത്ത് ആഴത്തില്‍ മണ്ണുനീക്കിയതിനടിയില്‍ പഴയ നഗര മതിലിന്റെ ഒരു ഭാഗം ..  .. .. അവിടെ ഒരു ചാരുബഞ്ചില്‍ ശുഭ്ര വസ്ത്രധാരികളായ രണ്ട് വയസ്സന്മാര്‍ പതിയെ എന്തോ സംസാരിച്ചിരിക്കുന്നു ..

എന്തായിരിക്കും അവര്‍ പറയുന്നത് ?? അറുപതോ എഴുപതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്ത് വാരിയും മീന്‍ പിടിച്ചും ജീവിച്ച അന്നാടിന്റെ പഴയ ജീവിതത്തെ കുറിച്ചാവുമോ .. ?

ഈ നഗരത്തില്‍ വന്ന് ഇത്രയായെങ്കിലും ശ്യാമിന് അറബി വശമായിരുന്നില്ല .. ഏതു പുതിയ ഭാഷകളും ശ്യാം വളരെ പതിയെയെ മാത്രമേ പഠിച്ചെടുത്തിരുന്നുള്ളൂ തമിഴ് പഠിക്കാനുള്ള പഴയ ശ്രമം നൈനയുടെ മലയാള ശുദ്ധീകരണ യജ്ഞത്തിലാണ് ചെന്നെത്തിയത് .! ശ്യാം പുഞ്ചിരിച്ചു ..
പഴയ നഗരമതിലിന്റെ ചുറ്റുവേലി തീര്‍ക്കുന്ന നേര്‍ രേഖയ്ക്ക് അങ്ങേയറ്റത്തിരിക്കുന്ന പഴയ ചങ്ങാതിമാരുടെമേല്‍ ഇടനാഴികളിലൂടെ ഒതുങ്ങിയെത്തിയ തണുത്ത വെയില്‍ ഓര്‍മ്മകളെപ്പോലെ ഒഴുകിയിറങ്ങുന്നു ...

ലീഡിങ്ങ് ലൈന്‍ ... ഹൈലേറ്റഡ് സബ്ജെക്ട് മാറ്റര്‍ .. അവരെ രണ്ടുപേരെയും റൂള്‍ ഓഫ് തേര്‍ഡില്‍ ഫ്രേയ്മിലൊതുക്കി   കഥ പറയുന്ന ഒരു ചിത്രം ശ്യാം ക്യാമറയില്‍ ഒപ്പിയെടുത്തു .. !!

 "അച്ഛാ ഇവിടെ ചുമരില്‍ ഒരുപാട് ചിപ്പികള്‍ ..!!" അവരുടെ മകള്‍ ചുമര്‍കല്ലുകളില്‍ ഫോസിലായി മാറിയ സമുദ്ര ജീവാവശിഷ്ടങ്ങള്‍ വിസ്മയത്തോ‍ടെ കാണിച്ചു തന്നു ..

ചുണ്ണാമ്പു തേയ്ക്കാത്ത ചുമരുയരങ്ങളിലെ പൊത്തുകളില്‍ നിന്ന് നൂറുനൂറു ശരപക്ഷികള്‍ അവര്‍ക്കല്ലാം മുകളില്‍ ഓര്‍മ്മകളുടെ ആകാശത്ത് ചുറ്റി പറന്നു .... ( ഓര്‍മ്മകള്‍ ഒരുതരം നിറവല്ലേ ? ഷെല്‍വി എന്തിനായിരിക്കും ആത്മഹത്യ ചെയ്തത് ? )

അതി സമ്പന്നതകളുടെ ആ മാഹാ സഗരത്തിനുള്ളില്‍ ഇങ്ങനെ ഒരു കൊച്ച് ഓര്‍മ്മ മേഖലയും അവിടുത്തെ ആര്‍ട്ട് വില്ലയും ചിത്ര എങ്ങിനെയാണ് കണ്ട് പിടിച്ചത് എന്ന് ശ്യാം എന്നും അതിശയിച്ചു ..

ഒരുപക്ഷേ മബേല്‍ ചിത്രയെ കണ്ടെത്തുകയായിരുന്നിരിക്കണം ..

പഴയ നിര്‍മ്മിതിയുടെ രീതികള്‍ അനുകരിച്ച് നിര്‍മ്മിച്ച അവിടുത്തെ വില്ലകളല്ലാം ഒരുപോലെ തോന്നിച്ചു ..
സ്റ്റാമ്പുകളും കോയിനുകളും കമ്പിളിനൂലില്‍ നെയ്തെടുത്ത ചുവര്‍ പരവതാനികളും വില്‍ക്കുന്ന ‘Ancient Memories‘ എന്ന വില്ലയിലെ പരിചിതനായ സിറിയന്‍ പയ്യന്‍ സ്നേഹപൂര്‍വ്വം കാവകുടിക്കാന്‍ ക്ഷണിച്ചു .. .
ഒരുദിവസം മുഴുവനും മുന്നിലുള്ളതുകൊണ്ട് തന്നെ ശ്യാം പുഞ്ചിരിയോടെ ക്ഷണം സ്വീകരിച്ചു ..
അവധിക്കുപോയ അവന്റെ അനുജനെ പട്ടാളം നിര്‍ബന്ധിത സൈനിക സേവനത്തിനു നിയോഗിച്ചു എന്നും നാട്ടിലെ പഴയ വിദ്യാലയം ഇപ്പോള്‍ പട്ടള ബാരക്കാണെന്നും അവന്‍ സങ്കടത്തോടെ പറഞ്ഞു .. ..

ശ്യാം ആര്‍ട്ട് വില്ലയുടെ ചെറുകമാനവും കടന്ന് അകത്തെത്തിയപ്പോള്‍ മജിലിസ്സിന് ഇടത്തുവശത്തെ ചെറു ഇടനാഴിയില്‍ മബേലും ചിത്രയും അവളുടെ പുതിയ ചിത്രങ്ങള്‍ ഒരുക്കിവയ്ക്കുകയായിരുന്നു.. ഒരു ചെറിയ ഇടവേളയ്ക്കപ്പുറം മബേലിനെ കണ്ടപ്പോള്‍ അവര്‍ കൂടുതല്‍ ക്ഷീണിതയായപോലെ തോന്നിച്ചു ..നിറങ്ങള്‍ വാരിവിതറിയ അവരുടെ നീളനുടുപ്പും തൂവെള്ള മുടിയിഴകളില്‍ അലസമായി കെട്ടിവച്ച ആസ്റ്റര്‍പൂക്കളുടെ ചിത്രമുള്ള തൂവാലയും അവരേതോ കാന്‍വാസിലെ ചിത്രത്തില്‍ നിന്ന് ഇറങ്ങിവന്ന സ്ത്രീയെ പോലെ തോന്നിപ്പിച്ചു ...
Hey boy it’s a long time now .. ! എന്ന് ആര്‍ത്തു കൂവി മബേല്‍ ശ്യാമിനെ കെട്ടിപിടിച്ചു ..

രാധയെ ഗാഢമായി ചുമ്പിക്കുന്ന ശ്രീകൃഷ്ണന്റെ  നിഴല്‍ ചിത്രം ചെറിയ ആര്‍ട്ട് ലൈറ്റിനു കീഴെ ഇടനാഴിയില്‍  കൊതിപ്പിക്കുന്ന വശ്യതയോടെ പറ്റിപ്പിടിച്ചിരുന്നു ഗാഢ നീലിമയിലെ പീത ഭംഗി ..  ..

ഭാര്യയുടെ പുതിയ ചിത്രം ക്യാമറയില്‍  ഒപ്പിയെടുക്കാനാഞ്ഞപ്പോള്‍ മബേല്‍ പുഞ്ചിരിയോടെ  “No photographs please" എന്ന ചുമരെഴുത്ത് ചൂണ്ടിക്കാട്ടി .. ചിത്രയും മബേലും ശ്യാമും ഒരുമിച്ച് ഉറക്കെ ചിരിച്ചു ..

ചിത്രയെന്ന നാടന്‍ പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്റെ സ്വത്വസ്വാതന്ത്ര്യം പ്രഖ്യാപിച്ച് നാടും വീടും വിട്ടിറങ്ങി മബേലിനെ തേടി അന്നാട്ടില്‍ എത്തിയനാള്‍ മുതല്‍ തന്നെ മജിലിസ്സിന്റെ ഇടതു വശത്തെ ഇടനാഴിക്ക് ചിത്രയുടെ കോറിഡോര്‍  എന്ന് മബേല്‍ പേരിടുകയും ഒരു മരത്തുണ്ടില്‍ ഭംഗിയായി “Chithra's Corridor”  എന്ന് എഴുതിവയ്ക്കുകയും അവിടെ എന്നും ചിത്രയുടെ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തുപോന്നു ...

Chithra, we have a new guest here ! lets go to workshop .. മബേല്‍ പെട്ടന്ന് ഓര്‍ത്തെടുത്ത പോലെ പറഞ്ഞു .. മജിലിസ്സിന് ഇടതു വശത്തെ ചിത്രയുടെ കോറിഡോറും കടന്ന് അപ്പുറമാണ് ആര്‍ടിസ്റ്റ് വര്‍ക്‌ഷോപ്പ് .. മബേലിനെ പിന്തുടര്‍ന്നപ്പോള്‍ കുറച്ചു നേരമായി കേള്‍ക്കുന്ന ലോഹശബ്ദങ്ങളടെ ഉറവിടമെത്തി.

വിവ എന്ന പുതിയ ഇന്‍ ഹൌസ് ആര്‍ടിസ്റ്റ്നെ മബേല്‍ അവര്‍ക്കു പരിചയപെടുത്തി .. ഏകദേശം നാല്‍പ്പത് വയസ്സുതോന്നിപ്പിക്കുന്ന അല്‍പ്പം തടിച്ച ഒരു സ്ത്രീ .. ആഴക്കടല്‍ പച്ചയിലുള്ള കണ്ണുകള്‍. അവര്‍ തുകല്‍ കൊണ്ടുള്ള ഏപ്രണ്‍ ധരിച്ചിരുന്നു .. വര്‍ക്‌ഷോപ്പിന്റെ പഴയ ചുമരുകളില്‍ തീയുടെ നിറപകര്‍പ്പ് .. വലിയ ഒരു കൊടില്‍ കൊണ്ട് സൂഷ്മതയോടെ അവര്‍ ഉരുക്കിയ ഏതോ ലോഹം സിറാമിക് മൂശയിലേക്കൊഴിക്കുന്നു ..  ഉലയിലെ ചൂട് കടല്‍ക്കരയിലെ ഗാലറിക്കുള്ളിലെ തണുത്ത കാറ്റിനെ ചൂടു പിടിപ്പിക്കുന്നുണ്ട് .. ..

Hi Viva this is Chithra ; My first in-house artist !.മബേല്‍ ചിത്രയെ പരിചയപെടുത്തി. ‘എന്റെ മകള്‍‘ എന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ എന്ന് ചിത്ര പെട്ടന്നൊന്ന് കൊതിച്ചു പോയി . ശ്യാമിനും ചിത്രക്കും അവരോട് ഔപചാരികമായി ഒന്നും പറഞ്ഞു തുടങ്ങേണ്ടിവന്നില്ല  .. ഒരുപാട് നാളത്തെ അടുപ്പമുള്ളതുപോലെ അവര്‍ ചിത്രയോട് സംസാരിച്ചു തുടങ്ങി ..

"Some say the world will end in fire, some say in ice" ഏതോ ഒരു ആങ്കലേയ കവിതാശകലം ചൊല്ലി അവര്‍ സംസാരിച്ചു തുടങ്ങി " I am always living in-between fire and ice !! .
Chithra, do you know in winter the temperature will drop down to minus forty degree at my place .."

നോര്‍വീജിയന്‍ തീവ്ര ശിശിരത്തിന്റെ ശീത ശരങ്ങളോട് വഴക്കിട്ട് മൂശയില്‍ ലോഹകൂട്ടുകള്‍ ഉരുക്കിയെടുത്ത് ചെറു ശില്‍പ്പങ്ങളുണ്ടാക്കിത്തുടങ്ങിയ തന്റെ കലാജീവിതത്തെകുറിച്ചും, ലോകമെമ്പാടും താന്‍ പങ്കെടുത്ത ആര്‍ട്ട് എക്സിബിഷനുകളെകുറിച്ചുമല്ലാം വിവ ചിത്രയോട് ഒരുപാട് പറഞ്ഞു ..ഒരു വിദ്യാര്‍ഥിയുടെ ജിഞ്ജാസയോടെ ചിത്ര ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു .. പ്രവാസത്തിന്റെ ആദ്യ വര്‍ഷങ്ങളിലെ ആര്‍ട്ട് വില്ലയിലെ ജീവിതം ചിത്രയുടെ ആങ്കലേയം അതിസ്വാഭാവികമായ പാശ്ചാത്യ ശൈലി കൈവരിച്ചിരുന്നു ..

വടക്കന്‍ നോര്‍വേയിലെ ധ്രുവദീപ്തമായ ആകാശത്തെകുറിച്ച് വിവ പറഞ്ഞപ്പോള്‍ ശ്യാം പെട്ടന്ന് നൈനയെ കുറിച്ചോര്‍ത്തു .. നൈനയെയല്ല മറിച്ച് നൈനയും വിജുവും നിഖിലും മാമ്പഴക്കുന്നിന്‍ ചെരുവിലിരുന്ന ആ മിന്നാമിന്നി രാത്രിയെ കുറിച്ചായിരിക്കണം അവന്‍ ഓര്‍ത്തെടുത്തത് ..

Come , Let me show you something, ഒരുപക്ഷെ ഒരു കുട്ടിയെപ്പോലെ സംശയങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചിത്രയേക്കാള്‍ ആവേശത്തോടെ വിവ അമൂര്‍ത്തമായ ഒരു സിറാമിക്ക്  മോള്‍ഡ് കയ്യില്‍ എടുത്തു ... All my sculptures are unique, each time I have to make new molds. It is a tedious job, but I am happy because all these are my materialized dreams.."

പ്ലാസ്റ്റിക് തലയുള്ള ചുറ്റികകൊണ്ട് അവര്‍ വളരെ സൂഷ്മതയോടെ സിറാമിക്ക് മോള്‍ഡ് പൊളിച്ച് ഇളക്കി മാറ്റി; അതിനുള്ളില്‍ വിസ്മയിപ്പിക്കുന്ന സ്വപ്നം പോലെ ചിറകുള്ള ഒരു കൊച്ച് കുഞ്ഞിന്റെ ലോഹശില്‍പ്പം . മേശമേലുറപ്പിച്ച ഒരു വയ്സില്‍ തുണികൂട്ടി ഉറപ്പിച്ച് മണല്‍കടലാസുകൊണ്ടും തുണികൊണ്ടും പോളിഷ് ചെയ്തെടുത്തപ്പോള്‍  ചിത്രയോടൊപ്പം ശ്യാമിന്റേയും അവരുടെ കുഞ്ഞുമകളുടെയും കണ്ണുകള്‍  വിസ്മയം കൊണ്ട് വിടര്‍ന്നു .. ! സൂഷ്മതയാര്‍ന്ന വിശദാംശങ്ങളോട് കൂടിയ ഒരു ചെറു ശില്‍പ്പമായിരുന്നു അത് . ." In my childhood I believe fairies are real. .." ബാല്യകാല സ്വപ്നങ്ങളിലെ ചിറകുള്ള മാലഖമാരെകുറിച്ചും ശില്‍പ്പനിര്‍മ്മാണരീതിയെ കുറിച്ചുമല്ലാം വിവ നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു  ..

"This is for you my little Princess !" വിവ ആ കുഞ്ഞു ശില്‍പ്പം മകള്‍ക്ക് നീട്ടി !

ഒരു മുഴുവന്‍ ദിവസം ആര്‍ട്ട് വില്ലയിലെ സ്നേഹോഷ്മളതയില്‍ സുഖ സുന്ദരമായി കടന്നുപോയി ..

അവിടെനിന്നും ഇറങ്ങുമ്പോള്‍ വിവ കൊടുത്ത മാലാഖ ശില്‍പ്പം
മകള്‍ അവളുടെ കയ്യില്‍ അഭിമാനത്തോടെ ഇറുക്കി പിടിച്ചിരുന്നു ..

ഇപ്പോല്‍ ഉച്ചവെയില്‍ ഒടുങ്ങിയിരിക്കുന്നു .. ക്രീക്കും പരിസരവും ജോലികഴിഞ്ഞുവരുന്നവരെകൊണ്ട് നിറഞ്ഞിരിക്കുന്നു ..
മുഴുത്ത നാരങ്ങകള്‍ വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞ് വില്‍ക്കുന്ന അബ്രക്കരികിലെ മലയാളിക്കടയില്‍ പതിവുപോലെ നല്ല തിരക്ക് ....

"ഇനി ബസ് സ്റ്റേഷനില്‍ പോയാല്‍ ശരിയാകില്ല ആകെ തിരക്കും ബഹളവുമായിരിക്കും" , ശ്യാം ചിത്രയോട് പറഞ്ഞു .. ‘കടല്പുഴക്കപ്പുറത്ത്’ ദേരയില്‍ നിന്ന് മെട്രോയില്‍ കയറാം അവര്‍ തീരുമാനിച്ചു ....

അസ്തമയസൂര്യന്‍ തീപിടിപ്പിച്ച ഓളപരപ്പുകളില്‍ ആടിയുലഞ്ഞ് അവരുടെ അബ്ര പതുക്കെ നീങ്ങി..

തണുത്ത ഉപ്പുമണമുള്ള കാറ്റ് ... വളരെ താഴെ വെള്ളം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പറക്കുന്ന കടല്‍കാക്കകള്‍ ...

ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ വലിയ ബാനര്‍ പാറിച്ച് ക്രീക്കിനും മുകളില്‍ പറക്കുന്ന  കോപ്റ്ററിന്റെ ശബ്ദം അബ്രകളുടെ യന്ത്ര ശബ്ദമുഖരിതയില്‍ അലിഞ്ഞു  ..

ചിത്ര ശ്യാമിന്റെ ചുമലില്‍ തല ചായ്ച്ചു .. .. ശ്യാം ക്യാമറ ബാഗിനു പുറത്തെടുത്തില്ല .. ചില വികാരങ്ങള്‍ ക്യാമറകൊണ്ട് ഒപ്പിയെടുക്കാനാകില്ല  .............................


                                                      *************





20 comments:

  1. ഒരു അയഞ്ഞ രചനാ രീതിപോലെ തോന്നി. ഒന്നു മാറ്റി എഴുതിയിരുന്നെങ്കില്‍ ചടുലമായേനേ.ആശംസകള്‍.

    ReplyDelete
  2. കൊള്ളാം, നന്നായിരിക്കുന്നു. ചില ഭാഗങ്ങളെല്ലാം ഉദ്വേഗം ജനിപ്പിക്കുന്നതാണ്. ആശംസകള്‍

    ഈ വാക്കില്‍ ഒരു കുഞ്ഞു അക്ഷരപ്പിശക് വന്നിട്ടുണ്ട് ട്ടോ തിരുത്തിക്കോളൂ.

    "പുഞ്ചിരിക്കൊപ്പം ചിത്രയുടെ 'മുഴിയിഴകള്‍"' പതിയെ പാറി ."

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട് റൈനി.. നന്ദി..

      Delete
  3. പതിവ് പോലെ ഇവിടെ എത്താനും വൈകി. :(
    3 ലക്കവും ഒരുമിച്ച് ആണ് വായിച്ചത്. മനോജ്‌ ചേട്ടന്റെ എഴുത്തിന്റെ ഏറ്റവും നല്ല ഗുണം ആയി, പ്രത്യേകത ആയി എനിക്ക് തോന്നിയിട്ടുള്ളത് അതിന്റെ റീഡബിലിറ്റി ആണ്, അനായാസമായി വായിച്ചു പോകാം. എന്നാല്‍ നിലവാര ചോര്‍ച്ച ഒട്ടും ഇല്ല. രണ്ടുപേര്‍ ചേര്‍ന്നാണ് എഴുതിയത് എന്നറിഞ്ഞപ്പോള്‍ ഒരു വിമര്‍ശന മനസോടെ ആണ് വായിച്ചത്. പക്ഷെ വിമര്‍ശിക്കാന്‍ ഒന്നും കിട്ടിയില്ല. നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍, രണ്ടാള്‍ക്കും.

    ReplyDelete
  4. കൊള്ളാം, നന്നായിരിക്കുന്നു.

    ReplyDelete
  5. സുഖമുള്ള വായന നൽകുന്നുണ്ട്‌ ട്ടൊ..
    കഥാപാത്രങ്ങൾക്ക്‌ ജീവനുണ്ട്‌..
    ചിത്രങ്ങൾ പറയാതെ തന്നെ ഒരുപാട്‌ പറയുന്നു..
    അവയെനിക്ക്‌ ഒരുപാടിഷ്ടായി..
    മനോകിരം വളരട്ടെ..പൂക്കട്ടെ..കായ്ക്കട്ടെ..
    ആശംസകൾ ട്ടൊ...
    ശുഭരാത്രി..!

    ReplyDelete
  6. നല്ല വായനാനുഭവം.., ഒന്നൊതുക്കാമായിരുന്നു..

    ReplyDelete
  7. വായിചു.
    പ്ലോട്ട് എങ്ങനെയാണ് വികസിക്കുന്നത് എന്ന് രൂപം കിട്ടാത്തത് കൊണ്ടാവണം, ഞാന്‍ confused ആണ്. ഒന്ന് രണ്ടു ലക്കം കൂടി കഴിയട്ടെ. അഭിപ്രായം വിശദമായി എഴുതാം.
    ശൈലി പൊതുവെ നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. ചിത്രയും ശ്യാമും നൈനയും നിഖിലും സീതയുമല്ലാം ഒരു സിംഫണിയിലെ നോട്ടുകളാണ് രഞ്ജൻ.

      നോവലാവുമ്പോൾ സ്വല്പം വിശദമായി തന്നെ പറയാമല്ലോ..

      Delete
  8. നന്ദി .. ! oruma , ranji , നവാസ് ഷംസുദ്ധീൻ , വര്‍ഷിണി* വിനോദിനി , aboothi:അബൂതി , പ്രദീപ്‌ രവീന്ദ്രന്‍ , Rainy Dreamz , vettathan g !!

    ReplyDelete
  9. നല്ല എഴുത്ത്, വായനക്കാരനെ പിടിച്ചിരുത്തുന്നുണ്ടെങ്കിലും നീളം കൊണ്ട് എന്നെപോലുള്ള മടിയന്മാർക്ക് വായിക്കൻ മടി വരും, പക്ഷെ കുറച്ച് വായിച്ചാൽ പിന്നെ മുഴുവൻ വായിക്കും കെട്ടൊ...........

    ആശംസകൾ

    ReplyDelete
  10. :) തുടരട്ടെ ..........

    ReplyDelete
  11. വായനാസുഖമുണ്ട് .നന്നായിരിക്കുന്നു.

    ReplyDelete
  12. അടുത്ത ഭാഗങ്ങള്‍ വരട്ടെ... ഒഴുക്ക് തോന്നുന്നുണ്ട്

    ReplyDelete
  13. നന്നായിട്ടുണ്ട്. ആശംസകൾ... :)

    ReplyDelete
  14. വിശദമായ എഴുത്തില്‍ അസംത്രുപ്തിയൊന്നും തോന്നുന്നില്ല .. വായിക്കാന്‍ സുഖമുണ്ട്...
    ഏതായാലും തുടരുന്നൊരു നോവലല്ലേ... നീളം കുറച്ചു പോസ്റ്റിയാല്‍ നന്നായിരുന്നു എന്നൊരു അഭിപ്രായം എനിക്കും ഉണ്ട്
    ബാക്കി ഭാഗങ്ങള്‍ക്ക് പ്രതീക്ഷയോടെ/....

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. അധ്യായങ്ങളുടെ നീളം കുറക്കണമെന്നോ അതോ കഥനം ചടുലമാകണമെന്നോ ?? ചിത്രയും ശ്യാമുമല്ലാം നടക്കുന്ന ഇടനാഴികളുടെ ദ്രുശ്യ പൂര്‍ണ്ണതയില്ലാതെ അവര്‍ എന്താണെന്ന് മനസ്സിലുറക്കാനിടയില്ല - മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നൈന, ചിത്ര, നിക്കു, വിജു, ശ്യാം എന്നിവരൊക്കെ കാര്യമായി ചിന്തിക്കാനറിയാവുന്നവരല്ല .. ജീവിത വഴികള്‍ തന്നെയാണ് അവരുടെ ചിന്തകളും ആശയങ്ങളും . [ നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ വിലപെട്ടതാണ് എഴുത്ത് തുടരുമ്പോള്‍ അതല്ലാം മനസ്സിലുണ്ടാകും ] നന്ദി . Shaleer Ali, Rajesh Odayanchal, Anitha Kappadan Govindan, Absar Mohamed, sidheek Thozhiyoor, ആമി അലവി , ഷാജു അത്താണിക്കല്‍

    ReplyDelete